ഷുഹൈബ് വധം:  പ്രതികള്‍ക്ക് പി ജയരാജന്‍, മുഖ്യമന്ത്രി എന്നിവരുമായി ബന്ധമില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

0
30

 

ന്യൂഡല്‍ഹി: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. പ്രതികള്‍ക്ക് പി ജയരാജന്‍, മുഖ്യമന്ത്രി എന്നിവരുമായി ബന്ധമില്ലെന്ന് സര്‍ക്കാര്‍. ഷുഹൈബിന്റെ മാതാപിതാക്കളുടെ ആരോപണം തെളിവുകളുടെ അടിസ്ഥാനത്തിലല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. സിപിഐഎം നേതാക്കള്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്ന വാദവും സര്‍ക്കാര്‍ നിരാകരിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. വെറും പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുന്നത്. കേസില്‍ സി.ബി.ഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നും സ്യവാങ്മൂലത്തില്‍ പറയുന്നു.

കേസില്‍ പിടികൂടിയ പ്രതികളെല്ലാം ഇപ്പോഴും ജയിലിലാണ്. കൊല ചെയ്യാന്‍ ഉപയോഗിച്ച ആയുധങ്ങളും പ്രതികള്‍ സഞ്ചരിച്ച വാഹനവും കണ്ടെത്തിയില്ലെന്ന വാദം തെറ്റാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് തിങ്കളാഴ്ച പരിഗണിക്കാന്‍ ഇരിക്കെയാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

നേരത്തെ ഷുഹൈബിന്റെ മാതാപിതാക്കളുടെ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടിരുന്നു. എന്നാല്‍ ഇതിനെതിരായ സര്‍ക്കാര്‍ അപ്പീലിനെ തുടര്‍ന്ന് ഉത്തരവ് ഹൈക്കോടതിയുടെ തന്നെ ഡിവിഷന്‍ ബെഞ്ച് താത്കാലികമായി സ്‌റ്റേ ചെയ്തു. കേസിന്റെ വിചാരണ മധ്യവേനല്‍ അവധിക്ക് ശേഷം നടത്തുമെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ കാലയളവ് കേസിന്റെ അന്വേഷണത്തെ സാരമായി ബാധിക്കുമെന്നും തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നും കാട്ടിയാണ് പിതാവ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ സി.ബി.ഐ അന്വേഷണം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തത് നീക്കാന്‍ സുപ്രീം കോടതി വിസമ്മതിക്കുകയായിരുന്നു.

അതേസമയം, നേരത്തെ ഷുഹൈബ് വധക്കസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ നാല് പ്രതികളുടെ ജാമ്യഹര്‍ജി കോടതി തള്ളിയിരുന്നു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്.

ഫെബ്രുവരി 12ന് രാത്രിയാണ് മട്ടന്നൂരിനടുത്ത എടയന്നൂരില്‍ ഷുഹൈബ് ആക്രമിക്കപ്പെട്ടത്. സുഹൃത്തിനൊപ്പം തട്ടുകടയില്‍ ഇരിക്കവേയായിരുന്നു അക്രമം. അരക്കുതാഴെ 37 വെട്ടുകളേറ്റ് ചോര വാര്‍ന്നായിരുന്നു മരണം. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നിരാഹാര സമരം പ്രഖ്യാപിച്ചതോടെ ഷുഹൈബ് വധം സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി. സുധാകരന്റെ സമരം തുടങ്ങുന്നതിനുമുമ്പ് ഏതാനും പ്രതികളെ പിടികൂടി.

പിടികൂടിയത് ‘ഡമ്മി’ പ്രതികളെന്നതായി പിന്നെ കോണ്‍ഗ്രസ് സി.പി.ഐ.എം തര്‍ക്കം. ഷുഹൈബിനൊപ്പം വെട്ടേറ്റ ദൃക്‌സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞതോടെ ‘ഡമ്മി’ പ്രതി വിവാദം കെട്ടടങ്ങി. കണ്ണൂരില്‍ സമാധാന യോഗത്തില്‍ മന്ത്രി എ.കെ. ബാലന്‍ പ്രഖ്യാപിച്ച സി.ബി.ഐ അന്വേഷണത്തില്‍നിന്ന് സര്‍ക്കാര്‍ മലക്കം മറിഞ്ഞതായി പിന്നീടുള്ള ചര്‍ച്ച. സി.ബി.ഐ അന്വേഷണം വരെ തുടരുമെന്ന് പ്രഖ്യാപിച്ച കെ.സുധാകരന്റെ നിരാഹാര സമരം പക്ഷേ, ആവശ്യം നേടാനാവാതെ ഒമ്പതാം ദിനം നിര്‍ത്തേണ്ടിവന്നു. എന്നാല്‍, ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു.

ഹൈകോടതി വിധി സര്‍ക്കാറിനും സി.പി.ഐ.എമ്മിനും കനത്ത തിരിച്ചടിയായി മാറി. ഷുഹൈബ് വധത്തില്‍ പിടിയിലായ നാലുപേരെ സി.പി.ഐ.എം പുറത്താക്കിയത് ഈ പശ്ചാത്തലത്തിലാണ്. ഇത്തരമൊരു കേസില്‍ വേഗത്തിലുള്ള പാര്‍ട്ടി നടപടി കണ്ണൂരിലെ സംഘര്‍ഷ ചരിത്രത്തില്‍ ആദ്യത്തേതുമാണ്. ഷുഹൈബ് വധത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് സി.പി.ഐ.എം ആവര്‍ത്തിക്കുന്നത്. ബന്ധമുള്ളതായി കണ്ട പാര്‍ട്ടിക്കാരെ പുറത്താക്കിയെന്നും വിശദീകരിക്കുന്നു. എന്നാല്‍, സി.ബി.ഐ അന്വേഷണം മുടക്കാന്‍ സര്‍ക്കാറും സി.പി.ഐ.എമ്മും ആവുന്നതെല്ലാം ചെയ്യുന്നു. ഡിവിഷന്‍ ബെഞ്ച് മുമ്പാകെ നല്‍കിയ അപ്പീലില്‍ സര്‍ക്കാറിനുവേണ്ടി വാദിക്കാനെത്തുന്നത് മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനാണ്.

അതേസമയം, അവസരം മുതലെടുത്ത കോണ്‍ഗ്രസിന് ഷുഹൈബ് വധം രാഷ്ട്രീയമായി വലിയ നേട്ടമായി മാറുകയും ചെയ്തു. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തളര്‍ന്നുനില്‍ക്കുകയായിരുന്ന കെ.സുധാകരന്‍ ഷുഹൈബ് സമരം ഏറക്കുറെ ഒറ്റക്കുനയിച്ച് പാര്‍ട്ടിയില്‍ തന്റെ സ്വാധീനം തിരിച്ചുപിടിച്ചുവെന്നതാണ് ഒരു മാസത്തിനിപ്പുറം ഷുഹൈബ് വധത്തിന്റെ ബാക്കിപത്രം. രാഷ്ട്രീയം മാറ്റിനിര്‍ത്തിയാല്‍, ഷുഹൈബ് വധത്തെ തുടര്‍ന്നുള്ള പ്രതികരണം അക്രമരാഷ്ട്രീയത്തിനെതിരെ കക്ഷിഭേദമന്യേയുള്ള ജനരോഷമായി മാറിയെന്നതും ശ്രദ്ധേയമാണ്.

Leave a Reply