Pravasimalayaly

ഷുഹൈബ് വധക്കേസ് പ്രതികള്‍ക്ക് ജയിലില്‍ സുഖസൗകര്യം,അന്വേഷണത്തിന് ഉത്തരവ്

കണ്ണൂര്‍: ഷുഹൈബ് വധക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ നിയമവിരുദ്ധ സുഖസൗകര്യങ്ങള്‍ നല്‍കുന്നുവെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയാണ് ഉത്തരമേഖല ജയില്‍ ഡിജിപിയോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ആകാശ് തില്ലങ്കേരി, ടി.കെ അസ്‌കര്‍, കെ അഖില്‍, സി എസ് ദീപ്ചന്ദ് എന്നിവരടക്കം 11 പ്രതികളാണ് കണ്ണൂര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നത്.

കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതികളായ ആകാശ് തില്ലങ്കരി അടക്കമുള്ളവര്‍ക്ക് ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കുന്നുവെന്നാണ് സുധാകരന്റെ പരാതി.

കേസിലെ പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലുകള്‍ പൂട്ടാറില്ല. പ്രതിയായ ആകാശ് തില്ലങ്കേരി ജയില്‍ അധികാരിയെ പോലെ പെരുമാറുന്നു. കൂത്തുപറമ്പ് സ്വദേശിനിയായ യുവതിക്ക് ആകാശിനെ സന്ദര്‍ശിക്കാന്‍ 3 ദിവസത്തിനകം 12 മണിക്കൂറാണ് അനുവദിച്ചത്. സന്ദര്‍ശകര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയില്ലാത്ത സ്ഥലത്തുവെച്ചായിരുന്നു ആകാശും യുവതിയും കൂടിക്കാഴ്ച നടത്തിയതെന്നും സുധാകരന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഷുഹൈബ് വധക്കേസിലെ സാക്ഷികളെ തിരിച്ചറിയാന്‍ പരേഡിനിടെ പ്രതികളിലൊരാള്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പ്രതി ദീപ് ചന്ദിന്റെ തിരിച്ചറിയല്‍ പരേഡിനിടെയായിരുന്നു സംഭവം. പരേഡ് പൂര്‍ത്തിയാക്കിയ ശേഷം സാക്ഷികള്‍ ജയിലിലെ മുറിയില്‍ ഇരിക്കുമ്പോള്‍ പ്രതി ഭീഷണിപ്പെടുത്തിയെന്നാണ് ദൃക്‌സാക്ഷികളായ നൗഷാദ്, റിയാസ്, മൊയ്‌നുദ്ദീന്‍ എന്നിവരുടെ പരാതി.

Exit mobile version