Pravasimalayaly

സംവിധായകൻ സിദ്ദിഖ് അന്തരിച്ചു

കൊച്ചി: ചലച്ചിത്ര സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നു കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അദ്ദേഹത്തിനു 69 വയസായിരുന്നു.

ന്യുമോണിയയും കരൾ രോ​ഗ ബാധയേയും തുടർന്നു ചികിത്സയിലായിരുന്നു അദ്ദേഹം. അസുഖം കുറഞ്ഞു വരുന്നതിനിടെ തിങ്കളാഴ്ച മൂന്ന് മണിയോടെ ഹൃദയാഘാതമുണ്ടായി. 

രാത്രി 9.15ഓടെയാണ് മരണം സ്ഥിരീകരിച്ചത്. നാളെ രാവിലെ 9 മണിമുതല്‍ 12 മണിവരെ കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. വൈകുന്നേരം ആറു മണിയോടെ എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ഖബറടക്കും. 

ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് യോ​ഗം ചേർന്നു അദ്ദേഹത്തിന്റെ ആരോ​ഗ്യ സ്ഥിതി സംബന്ധിച്ചു വിലയിരുത്തലുകൾ നടത്തിയിരുന്നു. എക്മോ സപ്പോർട്ടിലാണ് ജീവൻ നിലനിർത്തിയിരുന്നത്. 

1989ൽ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ സംവിധാന രം​ഗത്തേക്കു എത്തിയ സിദ്ദിഖ് തിരകഥാകൃത്ത്, നടൻ, നിർമാതാവ്, എന്നീ നിലകളിലും സജീവമായിരുന്നു. 1956ല്‍ എറണാകുളം കലൂര്‍ ചര്‍ച്ച് റോഡില്‍ സൈനബാസില്‍ ഇസ്മയില്‍ റാവുത്തരുടെയും സൈനബയുടെയും മകനായാണ് സിദ്ദിഖ് ജനിച്ചത്. 

കലൂര്‍ ഗവ. ഹൈസ്‌കൂള്‍, കളമശേരി സെന്റ് പോള്‍സ് കോളജ്, മഹാരാജാസ് കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഭാര്യ: സജിത. മക്കള്‍: സൗമ്യ, സാറ, സുകൂണ്‍. 

1983ല്‍ പ്രശസ്ത സംവിധായകനായ ഫാസിലിന്റെ അസിസ്റ്റന്റ് ആയാണ് സിദ്ദിഖ് സിനിമാ രംഗത്തേക്കു വന്നത്. കൊച്ചിന്‍ കലാഭവനില്‍ അംഗമായിരുന്ന സിദ്ദിഖിനെയും ലാലിനെയും ഫാസിലാണ് കണ്ടെത്തി സിനിമയിലേക്ക് എത്തിക്കുന്നത്. ആറ് വര്‍ഷങ്ങള്‍ക്കു ശേഷം സിദ്ദിഖും ലാലും കൈകോര്‍ത്തതോടെ മലയാള സിനിമയില്‍ ജനപ്രിയമായ കുറേയേറെ ചിത്രങ്ങള്‍ പിറന്നു. വര്‍ഷങ്ങള്‍ക്കുശേഷം കൂട്ടുകെട്ടു പിരിഞ്ഞെങ്കിലും സിദ്ദിഖ് സംവിധാന രംഗത്തുതന്നെ തുടർന്നു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് ചിത്രങ്ങളും സംവിധാനം ചെയ്തു. 

റാംജി റാവു സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല, ഹിറ്റ്‌ലര്‍, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ച്‌ലര്‍, ബോഡി ഗാര്‍ഡ്, കാവലന്‍, ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍, ഭാസ്‌കര്‍ ദ് റാസ്‌കല്‍, ഫുക്രി, ബിഗ് ബ്രദര്‍ തുടങ്ങിയവയാണു പ്രധാന ചിത്രങ്ങള്‍. നിരവധി ചിത്രങ്ങള്‍ക്കു തിരക്കഥ ഒരുക്കുകയും ചെയ്തു. ചില സിനിമകളിൽ അദ്ദേഹം അഭിനേതാവുമായി. വിവിധ ടിവി പരിപാടികളുടെ അവതാരകനുമായിരുന്നു.

Exit mobile version