Pravasimalayaly

സംശയം തുടങ്ങുന്നത്… ഒരു കുടുംബത്തെ മുഴുവന്‍ കശക്കി എറിഞ്ഞപ്പോഴും അതിന് പിന്നില്‍ താന്‍ ഏറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത ജോളിയേടത്തിയാണെന്ന് റോജോയ്ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല; എങ്കിലും സ്വത്തിന് വേണ്ടിയുള്ള ജോളിയുടെ ആര്‍ത്തി കണ്ടപ്പോള്‍ വെറുതേ സംശയിച്ചു പോയി; റോജോ തോമസ് നാട്ടിലെത്തുമ്പോള്‍

കൂടത്തായി കൊലപാതക പരമ്പരയിലെ പരാതിക്കാരനും മരിച്ച ടോം തോമസിന്റെ മകനുമായ റോജോ തോമസ് നാട്ടിലെത്തുന്നത് ഇടനെഞ്ചില്‍ കത്തിക്കൊണ്ടിരുന്ന തീയുമായാണ്. തന്റെ ഒരു കുടുംബത്തെ കൂടോടെ പരലോകത്തയച്ചിരിക്കുകയാണ്. പലരും പലതും പറഞ്ഞപ്പോഴും താന്‍ ഏറെ സ്‌നേഹിച്ച ഏട്ടത്തിയമ്മയെ ഒരു തരി പോലും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ റോജോ തോമസിനായില്ല. തങ്ങളുടെ പൊന്നാമറ്റം കുടുംബത്തില്‍ വന്നുകയറിയ ഏട്ടത്തിയമ്മ അമ്മയെ പോലെയായിരുന്നു ആദ്യകാലങ്ങളില്‍. ഓരോരുത്തരായി മരിക്കുമ്പോഴും ഏട്ടത്തിയമ്മയുടെ സ്ഥാനത്ത് നിന്ന് എല്ലാവരേയും ആശ്വസിപ്പിക്കുകയും ചെയ്തു. എന്നാല്‍ പിതാവ് ടോം തോമസ്, മാതാവ് അന്നമ്മ, ജ്യേഷ്ടന്‍ റോയി തോമസ്, അമ്മാവന്‍ മാത്യു, പിതൃ സഹോദര പുത്രന്‍ ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ മകള്‍ ആല്‍ഫൈന്‍ എന്നിവരെ ഏട്ടത്തിയമ്മ കൊല്ലുമെന്ന് ഒരിക്കലും കരുതിയില്ല. എങ്കിലും സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ ഒസ്യത്തുണ്ടാക്കിയതായുള്ള വിവരമാണ് റോജോയില്‍ ജോളിയെപ്പറ്റി സംശയം ഉണ്ടാക്കിയത്. പിന്നീട് കിട്ടിയ വിവരങ്ങള്‍ സംശയം ബലപ്പെട്ടു. എങ്കിലും ഇത്രയും പേരെ ജോളി കൊല്ലുമെന്ന് ഒരിക്കലും കരുതിയില്ല.

പ്രവാസി മലയാളിയായി അമേരിക്കയില്‍ ജോലി നോക്കുന്ന റോജോ തോമസിനെ വലയില്‍ വീഴ്ത്താനും ജോളി നന്നായി പ്രയത്‌നിച്ചു. എന്നാല്‍ മിക്കവാറും അമേരിക്കയിലായിരുന്നതിനാലും ജോളിയില്‍ സംശയമുള്ളതിനാലും ജോളിയില്‍ നിന്നും അകലാനാണ് പലപ്പോഴും റോജോ ശ്രമിച്ചത്. ചെറിയ സംശയം ബലപ്പെടുന്ന പല പല തെളിവുകള്‍ ആയപ്പോഴാണ് പരാതിയുമായി റോജോ പുറത്ത് വരുന്നത്. റോജോയുടെ പരാതിയാണ് ജോളിയെന്ന കൊടും ക്രിമിനലിന്റെ പൊയ്മുഖം പുറത്താകാന്‍ കാരണം. അല്ലെങ്കില്‍ കുടുംബ ദോഷം മൂലമുണ്ടായ കൂട്ട മരണമായേ ഇതു കാണുകയുണ്ടായുള്ളൂ. ഇനിയും മരണങ്ങള്‍ തുടര്‍ന്നേനെ.

പൊന്നാമറ്റം ടോം തോമസിന്റെ ഇളയമകനായ റോജോ അമേരിക്കയില്‍ സ്ഥിരതാമസമാണ്. റോജോ ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റോയി തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് കോടഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പുനരന്വേഷിച്ചത്.

ജോളി അറസ്റ്റിലായതോടെ അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെ അമേരിക്കയില്‍ നിന്നും റോജോ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. റോജോയെ പൊലീസ് സുരക്ഷയില്‍ സഹോദരി റെഞ്ചിയുടെ കോട്ടയം വൈക്കത്തെ വീട്ടിലെത്തിച്ചു.

റോയ് തോമസിന്റെ മരണത്തില്‍ സംശയമുന്നയിച്ച് റോജോ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊന്നാമറ്റത്തെ ആറു മരണങ്ങളും കൊലപാതകമാണെന്ന് വ്യക്തമായത്. റെഞ്ചിയും റോജോയും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് സുരക്ഷ ഒരുക്കിയത്. കോസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കോട്ടയത്തെത്തി റോജോയുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം. മാധ്യമങ്ങളെ കാണരുതെന്ന കര്‍ശന നിര്‍ദ്ദേശവും റോജോയ്ക്ക് അന്വേഷണ സംഘം നല്‍കിയിട്ടുണ്ട്.

കൂടത്തായി കൊലക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. മൂന്നാം വട്ടമാണ് ഷാജുവിനെ ചോദ്യം ചെയ്യുന്നത്. ഷാജുവിന്റെ അച്ഛന്‍ സക്കറിയയോടും വടകര റൂറല്‍ എസ് പി ഓഫീസില്‍ ഹാജറാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വടകര എസ്.പി. ഓഫീസിലെത്തി റോജോ മൊഴികൊടുക്കുമെന്നായിരുന്നു വിവരം. ഒരുപക്ഷേ അന്വേഷണസംഘം വൈക്കത്തെ വീട്ടിലെത്തിയാകും റോജോ മൊഴി രേഖപ്പെടുത്തുകയെന്നും സൂചനയുണ്ട്. ഇതിനുശേഷം റോജോ കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലുമെത്തും. റോജോ വിലപ്പെട്ട തെളിവുകള്‍ നല്‍കുമെന്നാണ് പോലീസിന്റെ വിശ്വാസം. ജോളിയെ പൂട്ടാന്‍ ആ തെളിവുകള്‍ നിര്‍ണായകമാകും.

Exit mobile version