Pravasimalayaly

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍, മധ്യ ജില്ലകളിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യതയുള്ളത്. ശ്രീലങ്കയില്‍ കര തൊട്ട തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദ്ദം ഇന്ന് മാന്നാര്‍ കടലിടുക്കിലേക്ക് പ്രവേശിക്കും. ഇതിന്റെ ഫലമായി അടുത്ത രണ്ടു മൂന്നു ദിവസങ്ങളില്‍ കൂടി കേരളത്തില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

ഇടിമിന്നല്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കുളച്ചല്‍ മുതല്‍ തെക്കോട്ട് മത്സ്യബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഫെബ്രുവരി 03: ഗള്‍ഫ് ഓഫ് മന്നാര്‍, കന്യകുമാരി തീരം, തെക്കന്‍ തമിഴ്നാട് തീരം, കാരയ്ക്കല്‍ തീരം, പടിഞ്ഞാറന്‍ ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഫെബ്രുവരി 04: കന്യകുമാരി തീരം അതിനോട് ചേര്‍ന്നുള്ള മാലിദ്വീപ് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

Exit mobile version