സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് ചികിത്സ തേടിയത് 12,876 പേര്‍; കൂടുതല്‍ കേസുകള്‍ മലപ്പുറം ജില്ലയില്‍

0
26

സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് ചികിത്സ തേടിയത് 12876 പേര്‍. ഏറ്റവും കൂടുതല്‍ രോഗികള്‍ മലപ്പുറം ജില്ലയിലാണുള്ളത്. മലപ്പുറത്ത് 2095 പേരാണ് ചികിത്സ തേടിയത്. രണ്ടാമത് തിരുവനന്തപുരം ജില്ലയാണ്. ജില്ലയില്‍ 1156 പനിബാധിതരായി ചികിത്സ തേടി. 133 പേര്‍ക്കാണ് ഇന്ന് ഡെങ്കിപ്പനി സ്ഥിരികരിച്ചത്. സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. (State reported 12,876 fever cases today)

കേരളം പനിച്ചുവിറയ്ക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജില്ലാ ആശുപത്രികളിലും ജനറല്‍ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും കൂടുതല്‍ പനിവാര്‍ഡുകള്‍ തുറന്നിട്ടുണ്ട്. എലിപ്പനി പ്രതിരോധിക്കാന്‍ മരുന്നുകള്‍ വ്യാപകമായി നല്‍കുന്നുണ്ടെങ്കിലും പലരും മരുന്ന് കഴിക്കാന്‍ വിമുഖത കാട്ടുന്നു എന്ന പ്രശ്നവും ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ മുന്നിലുണ്ട്. ആവശ്യത്തിന് മരുന്നുകള്‍ എല്ലാ ആശുപത്രിയിലും എത്തിച്ചിട്ടുണ്ടെന്നും കുടുംബശ്രീ അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ക്ക് കൃത്യമായി പ്രതിരോധ മരുന്ന് നല്‍കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിക്കുന്നു. ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ കാമ്പയിന്റെ ഭാഗമായി ‘മാരിയില്ലാ മഴക്കാലം’ എന്ന പേരില്‍ പ്രത്യേക കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്.

പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി, പേശീവേദന, കാല്‍മുട്ടില്‍ അതിശക്തമായ വേദന, കണ്ണില്‍ വീക്കവും വേദനയും, കണ്ണിന് ചുവപ്പുനിറം മുതലായവയാണ് എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഒട്ടും വൈകാതെ ചികിത്സ തേടാം. ശക്തമായ പനിയ്ക്കൊപ്പം മഞ്ഞപ്പിത്തവും ഉണ്ടായാല്‍ എലിപ്പനിയാണോ എന്ന് ബലമായി സംശയിക്കണം. പനിയ്ക്കൊപ്പം ഛര്‍ദിയും വയറിളക്കവും ഉണ്ടാകുന്നതും എലിപ്പനിയുടെ ലക്ഷണമാണ്.

പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, നെഞ്ചിലും മുഖത്തും തടിപ്പുകള്‍ മുതലായവയാണ് ഡെങ്കിപ്പനിയുടെ പ്രാഥമിക ലക്ഷണങ്ങള്‍. ഇവയ്ക്കൊപ്പം കടുത്ത വയറുവേദന, മലത്തിന് കറുത്ത നിറം, ശ്വാസ തടസം, തളര്‍ച്ച എന്നിവയുണ്ടെങ്കില്‍ ഉടനടി വൈദ്യസഹായം തേടണം.

Leave a Reply