കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി നിപ്പ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ നിപ്പ ബാധിതരുടെ എണ്ണം 17 ആയി. നിപ്പ വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് എട്ട് പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ മൂന്ന് പേര്‍ക്ക് നിപ്പ ബാധയില്ലെന്ന് രക്തപരിശോധനഫലം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ആദ്യം രോഗം ബാധിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്ക് നിപ്പയില്ലെന്ന് പരിശോധനഫലം വന്നാലും വൈറസിന്റെ പ്രജനനകാലം കഴിയും വരെ അവര്‍ നിരീക്ഷണത്തില്‍ത്തന്നെ ആയിരിക്കുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
അതേസമയം കേരളത്തില്‍ നിപ്പ വൈറസ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നും യുഎഇയില്‍ വന്നിറങ്ങുന്ന സംശയമുള്ള യാത്രക്കാരെ നിരീക്ഷിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. യാത്രക്കാരില്‍ രോഗലക്ഷണം സംശയിക്കുന്നവരെ നിരീക്ഷിക്കുമെന്ന് യുഎഇ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണത്തെ തുടര്‍ന്ന് കടുത്ത പരിശോധനാ നടപടികള്‍ ഉണ്ടാകില്ലെന്നും യുഎഇ അറിയിച്ചു.
നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച് ഒരാഴ്ച പിന്നിടുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും ഇന്നു മുതല്‍ യുഎഇയില്‍ നിരോധനം ഏര്‍പ്പെടുത്തി. കേരളത്തില്‍ നിപ്പ വൈറസ് ബാധ സംബന്ധിച്ച ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ച നിര്‍ദേശപ്രകാരമാണ് നടപടിയെന്നും യുഎഇ പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ തീരുമാനം യുഎഇയുടെ 100 ടണ്‍ ഓളം വരുന്ന പഴം പച്ചക്കറി ഇറക്കുമതിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണ ദിവസങ്ങളില്‍ 130 മുതല്‍ 150 ടണ്‍ പച്ചക്കറിയാണ് കൊച്ചിയില്‍ നിന്നു കയറ്റുമതി ചെയ്യുന്നത്. ഇതേ രീതിയില്‍ തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്നും കയറ്റുമതി നടക്കുന്നുണ്ട്.