തിരുവനന്തപുരം: മഴയുടെ ശക്തി കുറഞ്ഞെങ്കിലും അടുത്ത ചൊവ്വാഴ്ച വരെ സംസ്ഥാനത്തു വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശുന്നതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്നു തുറക്കും. 774 മീറ്ററാണ് നിലവിലെ ജലനിരപ്പ്. കരമാന്‍ തോടിലൂടെ വെള്ളം പനമരം പുഴയിലേക്കാണ് തുറന്നു വിടുക. കരയുടെ ഇരുവശവും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, മാനന്തവാടി പേരിയയില്‍ ഒഴുക്കില്‍പ്പെട്ട ഏഴുവയസുകാരനെ ഇത് വരെ കണ്ടെത്തിയിട്ടില്ല. മൂന്നാറില്‍ ഒഴുക്കില്‍പ്പെട്ട കാണാതായ ആറുമാസം പ്രായമുള്ള കുഞ്ഞുള്‍പ്പടെ മൂന്ന് പേര്‍ക്കായുള്ള തിരച്ചില്‍ രാവിലെ പുനഃരാരംഭിക്കും.