Saturday, November 23, 2024
HomeNewsKeralaസംസ്‌ഥാനം അതീവ ഗുരുതര ഘട്ടത്തിൽ

സംസ്‌ഥാനം അതീവ ഗുരുതര ഘട്ടത്തിൽ

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

വളരെ ഗൗരവമുള്ള ഒരു കാര്യം ആദ്യമായി പങ്കുവെക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങള്‍ അതീവ ഗുരുതരമായ സാഹചര്യം നേരിടുകയാണ്.

തീരമേഖലയില്‍ അതിവേഗത്തില്‍ രോഗവ്യാപനമുണ്ടാകുന്നു. കരിങ്കുളം പഞ്ചായത്തിലെ പുല്ലുവിളയില്‍ 97 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 51 പേര്‍ക്ക് ഇന്ന് പോസിറ്റീവായി. പൂന്തുറ ആയുഷ് കേന്ദ്രത്തില്‍ 50 പേര്‍ക്ക് നടത്തിയ ടെസ്റ്റില്‍ 26 എണ്ണം പോസിറ്റീവാണ്. പുതുക്കുറിശ്ശിയില്‍ 75 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 20 എണ്ണം പോസിറ്റീവായി വന്നു. അഞ്ചുതെങ്ങില്‍ 83 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 15 പോസിറ്റീവാണ്. രോഗവ്യാപനം തീവ്രമായതിന്‍റെ ലക്ഷണങ്ങളാണിത്. പുല്ലുവിള, പൂന്തുറ പ്രദേശങ്ങളില്‍ സാമൂഹ്യവ്യാപനം ഉണ്ടായിരിക്കുന്നു എന്നാണ് വിലയിരുത്തുന്നത്. ഈ ഗുരുതരസ്ഥിതി നേരിടാന്‍ സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളെയും യോജിപ്പിച്ച് മുന്നോട്ടുപോവുകയാണ്.

അതിന്‍റെ വിശദാംശങ്ങളിലേക്ക് വരുന്നതിനുമുമ്പ് ഇന്നത്തെ പൊതുചിത്രം പറയാം.

സംസ്ഥാനത്ത് 791 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11,066 ആണ്. ഇന്ന് 532 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ 42 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. വിദേശത്തുനിന്ന് 135 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 98 പേര്‍. ആരോഗ്യപ്രവര്‍ത്തകര്‍ 15, ഐടിബിപി 1, ബിഎസ്എഫ് 1, കെഎസ്സി 7.

ഇന്ന് കോവിഡ്മൂലം ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. തൃശൂര്‍ ജില്ലയിലെ പുല്ലൂര്‍ സ്വദേശി ഷൈജു (46)വാണ് മരിച്ചത്. ജൂലൈ 14ന് ആത്മഹത്യ ചെയ്ത കുനിശ്ശേരി സ്വദേശി മുരളി(40)യുടെ സ്രവപരിശോധനാ റിപ്പോര്‍ട്ട് കോവിഡ് പോസിറ്റീവാണ്. സൗദിയില്‍നിന്ന് മടങ്ങിയതായിരുന്നു. കോവിഡ്മൂലമല്ല മരണമുണ്ടായത് എന്നതുകൊണ്ട് കോവിഡ് മരണ പട്ടികയില്‍ ആ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. ഇവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

133 പേര്‍ രോഗമുക്തി നേടി.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 246, എറണാകുളം 115, പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47, കോട്ടയം 39, കോഴിക്കോട് 32, തൃശൂര്‍ 32, കാസര്‍കോട് 32, പാലക്കാട് 31, വയനാട് 28, മലപ്പുറം 25, ഇടുക്കി 11, കണ്ണൂര്‍ 9.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 8, കൊല്ലം 7, ആലപ്പുഴ 6, കോട്ടയം 8, ഇടുക്കി 5, എറണാകുളം 5, തൃശൂര്‍ 32, മലപ്പുറം 32, കോഴിക്കോട് 9, വയനാട് 4, കണ്ണൂര്‍ 8, കാസര്‍കോട് 9.

കഴിഞ്ഞ 24 മണിക്കൂറിനകം 16,642 സാമ്പിളുകള്‍ പരിശോധിച്ചു. 1,78,481 പേരാണ് നിരീക്ഷണത്തിലുള്ളത്. 6124 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 1152 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 6029.

ഇതുവരെ ആകെ 2,75,900 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7610 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 88,903 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 84,454 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 285 ആയി.

ഇന്ത്യയില്‍ പത്തു ലക്ഷത്തിലധികം കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്നലെ മാത്രം 35,468 പുതിയ കേസുകളും 680 മരണങ്ങളുമുണ്ടായി. നമ്മുടെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്ടില്‍ 4,549 പുതിയ കേസുകളും 69 മരണങ്ങളും കര്‍ണ്ണാടകത്തില്‍ 4,169 പുതിയ കേസുകളും 104 മരണങ്ങളും രാജ്യതലസ്ഥാനമായ ഡെല്‍ഹിയില്‍ 1,652 പുതിയ കേസുകളും 58 മരണങ്ങളും ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എത്ര ഗുരുതരമായ സ്ഥിതിവിശേഷമാണ് നമുക്കുചുറ്റുമുള്ളത് എന്ന് നാം മനസ്സിലാക്കണം. ഇവിടെയും നാം മറ്റൊരു ഘട്ടത്തിലേക്കു കടക്കുകയാണ്.

സംസ്ഥാനത്ത് ഗുരുതരമായ രോഗവ്യാപനം നിലനില്‍ക്കുന്ന തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ ഇന്ന് പോസിറ്റീവായ 246 കേസുകളില്‍ രണ്ടുപേര്‍ മാത്രമാണ് വിദേശങ്ങളില്‍നിന്ന് എത്തിയവര്‍. 237 പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കംമൂലമാണ്. നാല് ആരോഗ്യപ്രവര്‍ത്തകര്‍. മൂന്നുപേരുടെ ഉറവിടം അറിയില്ല. ഇത് അസാധാരണ സാഹചര്യമാണ്.

തീരപ്രദേശങ്ങളില്‍ പൂര്‍ണമായി നാളെമുതല്‍ ലോക്ക്ഡൗണ്‍ നടപ്പാക്കും. ഇത് ഫലപ്രദമായി നടപ്പാക്കുന്നതിന് തീരമേഖയെ മൂന്ന് സോണുകളായി തരംതിരിച്ചു. അഞ്ചുതെങ്ങ് മുതല്‍ പെരുമാതുറ വരെയാണ് ഒന്നാമത്തെ സോണ്‍. പെരുമാതുറ മുതല്‍ വിഴിഞ്ഞം വരെ രണ്ടാമത്തെ സോണും വിഴിഞ്ഞം മുതല്‍ ഊരമ്പു വരെ മൂന്നാമത്തെ സോണുമാണ്.

സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിന് പൊലീസിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ട്.

ഈ സംവിധാനത്തിന്‍റെ ചുമതലയുള്ള സ്പെഷ്യല്‍ ഓഫീസര്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ ആയിരിക്കും. പ്രത്യേക കണ്‍ട്രോള്‍ റൂം രൂപീകരിക്കും. ആരോഗ്യം, പൊലീസ്, കോര്‍പ്പറേഷന്‍, പഞ്ചായത്തുകള്‍ എന്നിവ സംയുക്തമായാണ് പ്രതിരോധ പ്രവര്‍ത്തനം നടത്തുക. എല്ലാ വിവരങ്ങളും കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാക്കും.

അഞ്ചുതെങ്ങ് മുതല്‍ പെരുമാതുറ വരെയുള്ള മേഖലയുടെ ചുമതല ട്രാഫിക് സൗത്ത് എസ്പി ബി കൃഷ്ണകുമാറിനും വേളി മുതല്‍ വിഴിഞ്ഞം വരെയുള്ള മേഖലയുടെ ചുമതല വിജിലന്‍സ് എസ്പി കെ ഇ ബൈജുവിനുമാണ്. കാഞ്ഞിരംകുളം മുതല്‍ പൊഴിയൂര്‍ വരെയുള്ള മേഖല പൊലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ കെ എല്‍ ജോണ്‍കുട്ടിയുടെ നിയന്ത്രണത്തിലായിരിക്കും. മൂന്നു മേഖലകളിലേക്കും ഡി വൈ എസ്പിമാരെയും നിയോഗിച്ചിട്ടുണ്ട്. ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരുടെ സേവനവും ഈ സംവിധാനം നടപ്പാക്കുന്നതിന് വിനിയോഗിക്കും.

ഈ സോണുകളില്‍ ഓരോന്നിലും രണ്ട് മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാരെ വീതം ഇന്‍സിഡന്‍റ് കമാന്‍ഡര്‍മാരായി നിയമിച്ചു. സോണ്‍ ഒന്ന്: ഹരികിഷോര്‍, യു.വി. ജോസ്. സോണ്‍ രണ്ട്: എം.ജി. രാജമാണിക്യം, ബാലകിരണ്‍. സോണ്‍ 3: വെങ്കിടേശപതി, ബിജു പ്രഭാകര്‍. ഇതിനുപുറമെ ആവശ്യം വന്നാല്‍ ശ്രീവിദ്യ, ദിവ്യ അയ്യര്‍ എന്നിവരുടെയും സേവനം വിനിയോഗിക്കും. ഇതിന് പുറമെ ആരോഗ്യകാര്യങ്ങള്‍ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ നടക്കും.

തീരമേഖലയില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. മത്സ്യബന്ധനം സംബന്ധിച്ച് നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. അരിയും ഭക്ഷ്യധാന്യവും വിതരണം ചെയ്യുന്നതിന് സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്ട്മെന്‍റ് നടപടി സ്വീകരിക്കും. പൂന്തുറയിലെ പാല്‍ സംസ്കരണ യൂണിറ്റ് പ്രവര്‍ത്തിക്കും. ജില്ലാ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റി ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പ്രത്യേകമായി പ്രഖ്യാപിക്കും.

ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം ദ്രുതഗതിയില്‍ പൂത്തിയാക്കും. കണ്ടെയിന്‍മെന്‍റ് സോണുകള്‍ ജനങ്ങള്‍ പുറത്തിറങ്ങരുത്. അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ യാത്ര അനുവദിക്കൂ. അവശ്യ സാധനങ്ങള്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കുന്നുണ്ട്.

കരിങ്കുളം ഗ്രാമപഞ്ചായത്തില്‍ ഇന്ന് രാവിലെ ആറുമണി മുതല്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. പുല്ലുവിളയില്‍ സാമൂഹ്യവ്യാപനം ഉണ്ടാവുകയും പഞ്ചായത്തില്‍ 150ലധികം ആക്ടീവ് കോവിഡ് കേസുകള്‍ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം.

കഠിനംകുളം, ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളെയും കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പൗഡിക്കോണം, ഞാണ്ടൂര്‍ക്കോണം, കരകുളം ഗ്രാമപഞ്ചായത്തിലെ പ്ലാത്തറ, മുക്കോല, ഏണിക്കര എന്നീ വാര്‍ഡുകളെയും കണ്ടെയിന്‍മെന്‍റ് സോണില്‍ ഉള്‍പ്പെടുത്തി.

പത്തനംതിട്ട ജില്ലയില്‍ 87 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 51 പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ്. അഞ്ചുപേരുടെ ഉറവിടം അറിയില്ല. കോവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് കുമ്പഴ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററും തിരുവല്ലയിലെ തുകലശേരി ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററുമാണുള്ളത്. കുമ്പഴയില്‍ 456 റാപിഡ് ആന്‍റീജന്‍ ടെസ്റ്റ് നടത്തിയതില്‍ 46 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കുമ്പഴയില്‍ നിന്ന് 361 ആര്‍ടി പിസിആര്‍ പരിശോധന നടത്തിയതില്‍ 48 എണ്ണം പോസിറ്റീവായി റിപോര്‍ട്ട് ചെയ്തു. ആകെ 518 ആന്‍റിജന്‍ ടെസ്റ്റുകളാണ് നടത്തിയത്. ഇതില്‍ 73 എണ്ണം പോസിറ്റീവായി.

ആലപ്പുഴ ജില്ലയില്‍ ഇന്നും സമ്പര്‍ക്കംമൂലം 46 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. കായംകുളം, കുറത്തികാട്, നൂറനാട്, പള്ളിത്തോട്, എഴുപുന്ന എന്നിവിടങ്ങളാണ് പ്രത്യേക ക്ലസ്റ്ററുകളായി കണ്ടെത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ ആരോഗ്യസ്ഥാപനം കേന്ദ്രീകരിച്ച് പ്രത്യേക നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കുകയും കണ്‍ട്രോള്‍ റൂം സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്.

നൂറനാട് ഐടിബിപി ക്യാമ്പില്‍ രോഗവ്യാപന നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനായി മൂന്നു സ്കൂള്‍ കെട്ടിടങ്ങളും മൂന്ന് ഹോസ്റ്റലുകളും എറ്റെടുത്തു. ഐടിബിപി ഉദ്യോഗസ്ഥരുടെ ബാരക്ക് പൂര്‍ണമായി ഒഴിപ്പിച്ചു.

വണ്ടാനം മെഡിക്കല്‍ കോളേജില്‍ കോവിഡ് 19 പരിശോധനയ്ക്ക് ലാബ് സജ്ജീകരിച്ചുവരികയാണ്. ഓട്ടോമേറ്റഡ് ആര്‍എന്‍എ എക്സ്ട്രാക്ഷന്‍ മെഷീന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ലാബില്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാകും. യന്ത്രം പ്രവര്‍ത്തന ക്ഷമമാകുന്നതോടെ ദിവസേന കുറഞ്ഞത് ആയിരം പരിശോധനകള്‍ നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു. ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിന്‍റെ സാങ്കേതിക സഹായത്തോടെയാണ് വണ്ടാനം മെഡിക്കല്‍ കോളേജില്‍ ലാബ് സജ്ജമാക്കുന്നത്.

വയനാട് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയുണ്ടായത് എട്ടുപേര്‍ക്കാണ്. ബത്തേരിയിലെ പബ്ലിക് ഹെല്‍ത്ത് ലാബില്‍ പുതിയ ആര്‍ടി പിസിആര്‍ മെഷീന്‍ എത്തിയിട്ടുണ്ട്. അടുത്ത ആഴ്ചയോടെ ഇവിടെ പരിശോധനകള്‍ നടത്താനാകും.

എറണാകുളം ജില്ലയില്‍ മൂന്ന് ആക്റ്റീവ് ക്ലസ്റ്ററുകള്‍ ആണുള്ളത്, ചെല്ലാനം, ആലുവ കീഴ്മാട് എന്നിവ. എറണാകുളം മാര്‍ക്കറ്റിലെ രോഗവ്യാപനം നിയന്ത്രണ വിധേയമായിട്ടുണ്ട്. എന്നാല്‍, ഇന്ന് 115 കേസുകള്‍ പോസിറ്റിവായതും അതില്‍ 76 എണ്ണം സമ്പര്‍ക്കത്തിലൂടെ വന്നതാണ് എന്നതും ആശങ്കയുളവാക്കുന്നതാണ്. ജില്ലയില്‍ ശക്തമായ നിയന്ത്രണം തുടരും.

ചെല്ലാനം പഞ്ചായത്തില്‍ സെന്‍റ് ആന്‍റണിസ് പള്ളിയോട് ചേര്‍ന്നുള്ള ഹാളില്‍ തയ്യാറാക്കുന്ന എഫ്എല്‍ടിസി ഇന്ന് വൈകിട്ടോടു കൂടി പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കും.

കണ്ണൂരില്‍ സമ്പര്‍ക്കം വഴിയുള്ള രോഗബാധയുടെ പശ്ചാത്തലത്തില്‍ രോഗവ്യാപനം തടയുന്നതിന്‍റെ ഭാഗമായി കൂത്തുപറമ്പ്, പാനൂര്‍, ന്യൂമാഹി, ചൊക്ലി പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്‍റ് സോണുകളായി  പ്രഖ്യാപിച്ചു. ഇന്ന് ഒമ്പതുപേര്‍ മാത്രമാണ് രോഗബാധിതര്‍. ഒരാളുടെ ഉറവിടം വ്യക്തമായിട്ടില്ല.

ഡ്യൂട്ടി കഴിഞ്ഞു വീടുകളില്‍ ക്വാറന്‍റൈനില്‍ കഴിയുന്ന ആരോഗ്യ പ്രവര്‍ത്തകരോട് അയല്‍വാസികളും ചില നാട്ടുകാരും മോശമായി പെരുമാറുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതായാണ് പരാതി. ഇത് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്യുന്നത് ഏറ്റവും വലിയ മനുഷ്യസേവനമാണ്. കുറ്റപ്പെടുത്തുന്നവര്‍ക്ക് രോഗം വന്നാലും നാളെ ഇവര്‍ തന്നെയാണ് പരിചരിക്കേണ്ടത്. അവര്‍ നാടിനു വേണ്ടിയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. അനാവശ്യമായി അവിവേകം കാണിക്കാന്‍ ആരും തയ്യാറാകരുത്. അത്തരക്കാരെ പിന്തിരിപ്പിക്കാന്‍ നാട്ടുകാര്‍ പൊതുവെ ഇടപെടുന്ന സ്ഥിതിയുണ്ടാകണം.
 
തൃശൂര്‍ ജില്ലയില്‍ കണ്ടെയിന്‍മെന്‍റ് സോണുകളുടെ എണ്ണം 12 ആയി. ഇതുവരെ 202 പേരില്‍ ആന്‍റിജന്‍ പരിശോധന നടത്തി. ഒരാള്‍ മാത്രമാണ് പോസിറ്റീവ്.  

കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്ക രോഗവ്യാപനം സ്ഥിരീകരിച്ച ഏഴ് ക്ലസ്റ്ററുകളാണുള്ളത്.  ഇതില്‍ തൂണേരി, നാദാപുരം ഗ്രാമപഞ്ചായത്തുകളിലാണ് കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.  

അഴിയൂര്‍, വാണിമേല്‍, തൂണേരി, നാദാപുരം, ഗ്രാമപഞ്ചായത്തുകളും വടകര മുനിസിപ്പാലിറ്റിയും മുഴുവനായും കോഴിക്കോട് കോര്‍പറേഷനിലെ 11 വാര്‍ഡുകളും വില്യാപ്പിള്ളി പഞ്ചായത്തിലെ 5 വാര്‍ഡുകളും പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ 3 വാര്‍ഡുകളും ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ 3 വാര്‍ഡുകളും കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയില്‍ സമ്പര്‍ക്കംമൂലമുള്ള രോഗബാധ കൂടിയ സ്ഥലമായ രാജാക്കാട് ഇന്ന് 4 കോവിഡ് കേസുകള്‍ ഉണ്ട്. രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 26  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 115 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്‍റ് സോണ്‍ ആയിട്ടുള്ളത്.

കാസര്‍കോട് ജില്ലയില്‍ 32 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 22ഉം സമ്പര്‍ക്കംമൂലമാണ്. അവിടെ പൊതുഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അതത് പ്രദേശത്തെ സാഹചര്യം അനുസരിച്ച് പൊലീസ് ആയിരിക്കും ഗതാഗത നിയന്ത്രണം സംബന്ധിച്ച് നടപടി സ്വീകരിക്കുക. ഓട്ടോ, ടാക്സി സ്റ്റാന്‍റ് അനുവദിക്കില്ല. കൂടാതെ ഇതുവഴി സര്‍വീസ് നടത്തുന്ന ഓട്ടോ, ടാക്സി വാഹനങ്ങളിലെ ഡ്രൈവറുടെയും യാത്രികരുടെയും സീറ്റുകള്‍ ഷീല്‍ഡ് വെച്ച് പ്രത്യേകം വേര്‍തിരിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മലപ്പുറം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കേസുകള്‍ കുറഞ്ഞു വരികയാണ്. ജില്ലയില്‍ ഇന്നലെ എട്ടു പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാലു പേര്‍ക്ക് രോഗബാധയുണ്ടായതിന്‍റെ ഉറവിടം കണ്ടെത്തിയിട്ടില്ല.

കൊല്ലം ജില്ലയില്‍ ജൂലൈ 16ന് 42 കോവിഡ്  പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് 47 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്. ഒമ്പതുപേരുടെ ഉറവിടം വ്യക്തമല്ല. പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ല. അഞ്ചല്‍, ഏരൂര്‍, ഇടമുളക്കല്‍, തലച്ചിറ, പൊഴിക്കര എന്നിവ നിലവിലെ ക്ലസ്റ്ററുകളാണ്. തെډല, മേലില ഗ്രാമപഞ്ചായത്തുകളും കണ്ടെയിന്‍മെന്‍റ് സോണാക്കി.

ക്ളസ്റ്ററുകള്‍ രൂപപ്പെടുന്ന സ്ഥലങ്ങളില്‍ കൃത്യമായ ക്ളസ്റ്റര്‍ കണ്ടെയ്ന്‍മെന്‍റ് സ്ട്രാറ്റജി നടപ്പിലാക്കി രോഗവ്യാപനം തടയാനാണ് നമ്മള്‍ ശ്രമിക്കുന്നത്. ഇന്നലെ വരെയുള്ള കണക്കു പ്രകാരം കേരളത്തില്‍ നിലവിലുള്ളത് 10 ലാര്‍ജ് കമ്യൂണിറ്റി ക്ളസ്റ്ററുകള്‍ ഉള്‍പ്പെടെ 84 ക്ളസ്റ്ററുകളാണ്. ഈ ക്ളസ്റ്ററുകള്‍ രൂപപ്പെട്ട സ്ഥലങ്ങളിലും, രൂപപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും കേന്ദ്രീകൃതമായ രീതിയില്‍ ലോക്ഡൗണ്‍ നടപ്പിലാക്കുകയും, മറ്റു പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു.

കൊവിഡിനെക്കുറിച്ച് പ്രചരിക്കുന്ന വസ്തുതാവിരുദ്ധമായ ചില കാര്യങ്ങളെക്കുറിച്ച് ഇന്നലെ സൂചിപ്പിച്ചിരുന്നു. അപരിചിതമായ പ്രതിസന്ധികളെ നേരിടുമ്പോള്‍ ഇത് സ്വാഭാവികമാണ്. പ്രകൃതിയും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാകുമ്പോള്‍ അശാസ്ത്രീയ മാര്‍ഗങ്ങളുടെ പിന്നാലെ പോകുന്നത് ഒരു പ്രവണത തന്നെയാണ്. പ്രതിവിധിയായി ശാസ്ത്രീയ പിന്‍ബലമില്ലാത്ത മാര്‍ഗങ്ങളെയും ആശ്രയിക്കാറുണ്ട്.

കോവിഡുമായി ബന്ധപ്പെട്ട് പരക്കുന്ന തെറ്റിദ്ധാരണകള്‍ നിരവധിയാണ്. വെറും ജലദോഷം പോലുള്ള ഒരു അസുഖമാണ് എന്നതാണ് ഒരു തെറ്റിദ്ധാരണ. രോഗപ്രതിരോധശക്തി ഉണ്ടാകണമെങ്കില്‍ കൊറോണ വൈറസ് ശരീരത്തില്‍ ആദ്യം പ്രവേശിക്കണമെന്ന് മറ്റൊരു തെറ്റായ പ്രചാരണമുണ്ട്. കുട്ടികള്‍ക്ക് താരതമ്യേന ദോഷകരമല്ല ഈ രോഗം എന്നതാണ് മറ്റൊരു പ്രചാരണം. മികച്ച രോഗപ്രതിരോധ ശക്തിയുള്ളവരെ ഇതു ബാധിക്കുകയേ ഇല്ല എന്ന് പറഞ്ഞുനടക്കുന്നവരുണ്ട്. ജനസംഖ്യയുടെ ഒരു നിശ്ചിത ശതമാനത്തിനപ്പുറം രോഗബാധയുണ്ടാവില്ല എന്നു പറയുന്നവരും ഒരിക്കല്‍ വന്നു ഭേദപ്പെട്ടാല്‍ പിന്നെ സുരക്ഷിതമാണ് എന്നു പ്രചരിപ്പിക്കുന്നവരുമുണ്ട്.

മറ്റൊരു കൂട്ടര്‍ പറയുന്നത് ഇതര രോഗമുള്ളവര്‍ മാത്രമേ കോവിഡ്മൂലം മരിക്കുകയുള്ളു എന്നാണ്. നാം കൃത്യമായി ഓര്‍മിക്കേണ്ടത് ഈ പ്രചാരണങ്ങള്‍ക്കൊന്നും ശാസ്ത്രത്തിന്‍റെ പിന്‍ബലമില്ല എന്നതാണ്.

ഈ രോഗം ഭേദപ്പെടുത്താവുന്ന സ്പെഷ്യലൈസ്ഡ് മരുന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. വാക്സിന്‍ വികസിപ്പിച്ചിട്ടില്ല. ഒരു വാക്സിന്‍ ഫലപ്രദമാണ് എന്നുറപ്പുവരുത്താന്‍ 12 മുതല്‍ 18 മാസം വരെയെടുക്കും എന്നാണ് ശാസ്ത്രലോകം പറയുന്നത്. കൊവിഡ് 19 ഉമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ ആരംഭിച്ചിട്ട് ആറു മാസമേ ആയിട്ടുള്ളൂ. അതായത് ഇനിയും സമയമെടുക്കും.

അതിനുമുമ്പു തന്നെ വാക്സിനും മരുന്നുമൊക്കെ യാഥാര്‍ത്ഥ്യമാക്കാന്‍ ശാസ്ത്രലോകത്തിനു കഴിയട്ടെ എന്നാണ് നാമെല്ലാവരും ആഗ്രഹിക്കുന്നത്. ശാസ്ത്രലോകം അതിനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുമ്പോള്‍ പിന്തുണ നല്‍കുകയാണ് ഉത്തരവാദിത്തബോധമുള്ള ഏതൊരാളും ചെയ്യേണ്ടത്. അവരുടെ പ്രവര്‍ത്തങ്ങളെ അട്ടിമറിക്കാനുതകുന്ന വിധത്തില്‍ അശാസ്ത്രീയത പ്രചരിപ്പിക്കുന്ന ഒരിടപെടലും ആരുടെ ഭാഗത്തു നിന്നുമുണ്ടാകരുത്.

ജീവന്‍റെ വിലയുള്ള ജാഗ്രതയാണ് ഈ ഘട്ടത്തില്‍ അനിവാര്യമായിട്ടുള്ളത്. അത് ഉള്‍ക്കൊള്ളാത്ത ചില ദൃശ്യങ്ങളാണ് ഇന്നലെ വൈകുന്നേരം ചിലയിടങ്ങളില്‍ കണ്ടത്. ചില സ്ഥലങ്ങളില്‍ ജാഗ്രതയെ കാറ്റില്‍പ്പറത്തുന്ന തരത്തിലുള്ള തിക്കും തിരക്കുമുണ്ടായി. അതൊരിക്കലുമുണ്ടാകാന്‍ പാടില്ലായിരുന്നു. പ്രതിരോധമാണ് പ്രധാനം.

രോഗം വരാതിരിക്കാനാണ് നാം ശ്രമിക്കേണ്ടത്. ഇത് സ്വകാര്യ ബസുകളിലും മറ്റും യാത്ര ചെയ്യുന്നവര്‍ക്കും ബാധകമാണ്. എറണാകുളത്തും വടക്കന്‍ ജില്ലകളിലും മറ്റും ബസുകളില്‍ അമിതമായി തിരക്കുണ്ടാകുന്നുണ്ട്. ഇതൊക്കെ തടയാന്‍ നിയമനടപടികളെ ആശ്രയിക്കുന്നതിനു പകരം ഓരോരുത്തരും ശ്രദ്ധിക്കുക എന്നതാണ് മുഖ്യമായ കാര്യം.

നമ്മുടെ ശ്രദ്ധകൊണ്ട് എന്തൊക്കെ നേടാനാകുമെന്ന് ഇന്നു വന്ന ഒരു പഠനം തെളിയിക്കുന്നുണ്ട്. അമേരിക്കയിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ പുറത്തിറക്കിയ മോര്‍ബിഡിറ്റി ആന്‍ഡ് മോര്‍ട്ടാലിറ്റി വീക്ക്ലി റിപ്പോര്‍ട്ടിലാണ് പ്രസക്തമായ ഒരു പഠന റിപ്പോര്‍ട്ടുള്ളത്. മിസ്സൂറി സംസ്ഥാനത്തെ സ്പ്രിങ്ഫീല്‍ഡ് നഗരത്തിലെ ഒരു സലൂണില്‍ പണിയെടുത്ത കൊവിഡ് ബാധിതരായ രണ്ടു ഹെയര്‍ സ്റ്റൈലിസ്റ്റുകളെക്കുറിച്ചാണ് പഠനം. മെയ് പകുതിയോടെ കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഇരുവരും രോഗബാധ സ്ഥിരീകരിക്കുന്നതു വരെ ജോലിയില്‍ തുടര്‍ന്നു.

ഇതിനിടയില്‍ 139 പേരാണ് ആ സലൂണിലെത്തി ഇവരുടെ സേവനങ്ങള്‍ സ്വീകരിച്ചത്. ശരാശരി 15 മിനിറ്റാണ് ഓരോ ആളിനുമൊപ്പം ഇവര്‍ ചെലവഴിച്ചത്. രോഗബാധിതരായ ഹെയര്‍ സ്റ്റൈലിസ്റ്റുകളുമായി അടുത്തിടപഴകിയിട്ടും ഈ 139 പേര്‍ക്കും രോഗം വന്നില്ല. അതിനുള്ള കാരണമായി പഠനത്തില്‍ പറയുന്നത് ഹെയര്‍ സ്റ്റെലിസ്റ്റുകളും മുടിവെട്ടാനെത്തിയവരും കൃത്യമായി മാസ്ക് ധരിച്ചിരുന്നു എന്നതാണ്. അവരില്‍ പകുതിപേരും ധരിച്ചത് സാധാരണ തുണി മാസ്കുകളാണ്. ബാക്കി ഏറെപ്പേരും ത്രീലെയര്‍ മാസ്കാണ് ധരിച്ചത്. ഇതിന് മറ്റൊരു വശവും കൂടിയുണ്ട്. ഇതില്‍ ഒരു ഹെയല്‍ സ്റ്റെലിസ്റ്റിന്‍റെ കുടുംബത്തിന് മുഴുവന്‍ രോഗബാധയുണ്ടായി.

ഇതില്‍ നിന്ന് വ്യക്തമാകുന്നത് അടുത്തിടപഴുകുന്ന ഘട്ടങ്ങളില്‍ കൃത്യമായി മാസ്ക് ധരിച്ചാല്‍ രോഗം പടരുന്നത് ഏറെക്കുറെ പൂര്‍ണമായും തടയാനാകും എന്നാണ്. ഈയൊരു ചെറിയ മുന്‍കരുതല്‍ നടപടി വലിയ വിപത്തില്‍ നിന്നു നമ്മെ പ്രതിരോധിക്കുമെങ്കില്‍ ആ പ്രതിരോധവുമായി മുന്നോട്ടു പോകുന്നതാണ് ബുദ്ധി. ഇക്കാര്യത്തില്‍ പരസ്പരം പ്രേരിപ്പിക്കാനും കഴിയണം.

മാസ്ക് ധരിക്കാത്ത 4944 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റെയ്ന്‍ ലംഘിച്ച 12 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

എച്ച്. വി. ഡി. സി ലൈന്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വലിയ നേട്ടങ്ങളുണ്ടായിട്ടുള്ള ഒരു മേഖലയാണ് വൈദ്യുതി. എടമണ്‍ കൊച്ചി പവര്‍ഹൈവേ അടക്കം ഈ രംഗത്ത് വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നത്.  കേരളത്തിന്‍റെ വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത മുന്നില്‍ക്കണ്ടുകൊണ്ട് നമ്മുടെ വൈദ്യുതി ഇറക്കുമതി ശേഷി വര്‍ധിപ്പിക്കുന്നതില്‍ ഈ സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടപ്പാക്കുന്ന മറ്റൊരു പ്രധാന പദ്ധതിയാണ് എച്ച്വിഡിസി ലൈനും സബ്സ്റ്റേഷനും.

തമിഴ്നാട്ടിലെ പുഗലൂര്‍ നിന്ന് തൃശൂര്‍ മാടക്കത്തറയിലേക്ക് നിര്‍മിക്കുന്ന എച്ച്വിഡിസി ലൈനും സബ്സ്റ്റേഷനും ഈ ഒക്ടോബര്‍ മാസത്തില്‍ പൂര്‍ത്തിയാകും. പ്രസരണ നഷ്ടം പരമാവധി കുറച്ച് വൈദ്യുതി കൊണ്ടുവരുന്നതിന് എച്ച്വിഡിസി സാങ്കേതികവിദ്യ ഫലപ്രദമാണ് എന്നു കണ്ടുകൊണ്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

സാധാരണ ഇത്തരം പദ്ധതികള്‍ക്കെതിരെ പല തരത്തിലുള്ള എതിര്‍പ്പുകള്‍ഉണ്ടാകാറുണ്ട്. എന്നാല്‍, ഏറ്റെടുക്കുന്ന ഭൂമിക്ക് സ്പെഷ്യല്‍ പാക്കേജ് നടപ്പാക്കി നഷ്ടപരിഹാരം ഉറപ്പാക്കി ജനങ്ങളെ വിശ്വാസത്തിലെടുത്താണ് സമയബന്ധിതമായി പദ്ധതി മുമ്പോട്ടുപോകുന്നത്. 2018 മെയ് മാസത്തിലാണ് പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത്. 138 കിലോമീറ്റര്‍ ഓവര്‍ഹെഡ് ലൈനും 27 കിലോമീറ്റര്‍ യുജി കേബിളുമാണ് 320 കെവി ഡിസി ലൈനില്‍ ഉള്ളത്. 90 ശതമാനം ജോലികളും പൂര്‍ത്തിയായി.

കൊവിഡ് 19  നിര്‍മാണപ്രവര്‍ത്തനങ്ങളുടെ വേഗതയെ ബാധിച്ചിട്ടുണ്ടെങ്കിലും 2020 ഒക്ടോബറോടെ ഇത് പൂര്‍ത്തിയാകും. സബ്സ്റ്റേഷന്‍റെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായി. ഒക്ടോബറില്‍ ലൈന്‍ ചാര്‍ജ് ചെയ്യുന്നതോടെ സബ്സ്റ്റേഷന്‍ പ്രവര്‍ത്തന സജ്ജമാകും. ആകെ 1474 കോടി രൂപ ചെലവുവരുന്ന ഈ പദ്ധതിയിലൂടെ കേരളത്തിലേക്ക് 2000 മെഗാവാട്ട് വൈദ്യുതി എത്തിക്കാന്‍ കഴിയും. ഈ സര്‍ക്കാര്‍ കാലത്ത് ആരംഭിച്ച് ഈ സര്‍ക്കാര്‍ കാലത്തുതന്നെ പൂര്‍ത്തിയാക്കുന്ന ഒരു ബൃഹദ് പദ്ധതിയാണ് ഇത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments