Sunday, November 24, 2024
HomeNewsKeralaസംസ്‌ഥാനത്തെ മെഡിക്കൽ കോളേജുകൾ സമ്മർദ്ദത്തിൽ

സംസ്‌ഥാനത്തെ മെഡിക്കൽ കോളേജുകൾ സമ്മർദ്ദത്തിൽ

സമ്പർക്കരോഗികളുടെ എണ്ണം പെരുകിയതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ കടുത്ത സമ്മർദ്ദത്തിൽ


തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പർക്കരോഗികളുടെ എണ്ണം പെരുകിയതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ കടുത്ത സമ്മർദ്ദമാണ് നേരിടുന്നത്. ഭൂരിഭാഗം കൊവിഡ് രോഗികളെയും മെഡിക്കല്‍ കോളജുകളില്‍ പ്രവേശിപ്പിക്കുന്നതും മറ്റു രോഗികളുടെ എണ്ണത്തില്‍ കുറവില്ലാത്തതുമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. വിദഗ്ധ ചികിത്സ ആവശ്യമുളളവരെ മാത്രമേ മെഡിക്കല്‍ കോളജുകളിലേക്ക് അയക്കാവൂ എന്നാണ് മെഡിക്കല്‍ കോളജുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശം. അതല്ലെങ്കിൽ എല്ലാം കൈവിട്ട് പോകുമെന്ന് ഇവർ വിലയിരുത്തുന്നു.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്ന് ഗർഭിണികൾ അടക്കം 5 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2 വാർഡുകളിലെ 90 രോഗികളെ നിരീക്ഷണത്തിലേക്ക് മാറ്റുകയും സമ്പർക്കത്തിൽ വന്ന ഡോക്ടർമാരുടെ പട്ടിക തയ്യാറാക്കുകയും ചെയ്യാനൊരുങ്ങുകയാണ് അധികൃതർ.

കണ്ണൂരിൽ സർക്കാർ മെഡിക്കൽ കോളേജ് പുതിയ കൊവിഡ് ക്ലസ്റ്ററാകുമെന്നാണ് ആശങ്ക ഉയരുന്നത്. മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ ദ്രുത പരിശോധനയിൽ അഞ്ചുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ ആരുടെയും രോഗ ഉറവിടം വ്യക്തവുമല്ല.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നെഫ്രോളജി വാർഡിലെ നഴ്സിനും മറ്റൊരു വാർഡിലെ രോഗിക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണത്തില്‍ പോയ ആരോഗ്യപ്രവർത്തകരുടെ എണ്ണം 33 ആയി. ഇന്നലെ മുതൽ 9 ഡോക്ടർമാർ കൂടി നിരീക്ഷണത്തിലാണ്. രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നാലാം വാർഡ‍് അടച്ചു. പുതുതായി ആരെയും പ്രവേശിപ്പിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം, നിലവിലുള്ള രോഗികള്‍ ഇവിടെ തന്നെ നിരീക്ഷണത്തില്‍ തുടരട്ടെ എന്നാണ് തീരുമാനം.

ആലപ്പുഴ മെഡിക്കൽ കോളേജിലാകട്ടെ ചികിത്സയിലായിരുന്ന രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഹമ്മ സ്വദേശിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്.

ശ്വാസംമുട്ടി മെഡി. കോളേജുകൾ

സാധാരണക്കാരന്‍റെ വിദഗ്ധ ചികിത്സയ്ക്കുള്ള പ്രധാന കേന്ദ്രങ്ങളായ കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ ഇപ്പോള്‍ അനുഭവിക്കുന്നത് ഇന്നോളം കണ്ടിട്ടില്ലാത്ത പ്രതിസന്ധി. രോഗികളുടെ എണ്ണക്കൂടുതലും സ്ഥലപരിമിതിയും മൂലം വീര്‍പ്പുമുട്ടിയിരുന്ന മെഡിക്കല്‍ കോളജുകള്‍ കൊവിഡിന്‍റെ വരവോടെ മറ്റൊരു പരീക്ഷണമാണ് നേരിടുന്നത്. മെഡിക്കല്‍ കോളജുകള്‍ തന്നെ കൊവിഡ് ക്ളസ്റ്ററുകളായി മാറുന്ന സ്ഥിതി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും രോഗികളും കൂട്ടിരിപ്പുകാരും ഉള്‍പ്പെടെ 80-ലേറെ പേര്‍ക്കാണ് കൊവിഡ് സ്ഥിരീരീകരിച്ചത്. കൊവിഡ് ഡ്യൂട്ടിയില്‍ ഇല്ലാത്ത ജീവനക്കാര്‍ പോലും രോഗികളായി മാറുന്ന സ്ഥിതി.

മലബാറിലെ പ്രധാന ചികിത്സാ കേന്ദ്രമായ കോഴിക്കോട് മെഡിക്കല്‍ കോളജിലെ സ്ഥിതിയും സമാനമാണ്. സാമൂഹ്യ അകലം പോലും പാലിക്കാനാവാതെ വാര്‍ഡുകള്‍ക്ക് മുന്നില്‍ കിടക്ക വിരിച്ചു കിടക്കുന്ന രോഗികള്‍. ഇതിനോട് ചേര്‍ന്ന് തന്നെയാണ് കൊവിഡ് വാര്‍ഡുകളും. നേരത്തെ കൊവിഡ് രോഗികള്‍ക്കായി ഒഴിച്ചിട്ടിരുന്ന പല വാര്‍ഡുകളിലും പിന്നീട് മറ്റു രോഗികളെ പ്രവേശിപ്പിക്കേണ്ടി വന്നു.

തൃശ്ശൂര്‍, ആലപ്പുഴ, കോട്ടയം, പരിയാരം മെഡിക്കല്‍ കോളജുകളിലെയെല്ലാം സ്ഥിതി സമാനമാണ്. തദ്ദേശഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ സജ്ജമായി വരുന്നുണ്ടെങ്കിലും ഇപ്പോഴും കൊവിഡ് സ്ഥിരീകരിച്ചാല്‍ ഉടനടി മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റുന്ന രീതിയാണ് പലയിടത്തുമുളളത്. ഈ രീതി മാറ്റണമെന്ന് മെഡിക്കല്‍ കോളജുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.

ഇവര്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശം ഇങ്ങനെയാണ്: ഗുരുതരവാസ്ഥയിലുളള അഥവാ കാറ്റഗറി സി വിഭാഗത്തിലുളള രോഗികളെ മാത്രം മെഡിക്കല്‍ കോളജുകളില്‍ പ്രവേശിപ്പിക്കുക. കാര്യമായ ലക്ഷണങ്ങളില്ലാത്ത അഥവാ കാറ്റഗറി എ-യിലുളള രോഗികളെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‍മെന്‍റ് സെന്‍ററുകളില്‍ പ്രവേശിപ്പിക്കുക, ചെറിയ തോതില്‍ ആരോഗ്യ പ്രശ്നങ്ങളുളള അഥവാ കാറ്റഗറി ബിയിലുളള രോഗികളെ ജില്ലാ താലൂക്ക് ആശുപത്രികളിലും. അല്ലാത്ത പക്ഷം ഇനിയുളള നാളുകളില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments