Pravasimalayaly

‘സത്യം നമ്മളെ സ്വതന്ത്രരാക്കട്ടെ’; തട്ടം പരാമര്‍ശത്തില്‍ പ്രതികരണവുമായി കെ അനില്‍ കുമാര്‍

മലപ്പുറം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ കൂടി ഫലമായാണ് തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായത് എന്ന തന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെ പ്രതികരണവുമായി സിപിഎം നേതാവ് കെ അനില്‍കുമാര്‍. എസ്സന്‍സ് വേദിയില്‍ താന്‍ നടത്തിയ പ്രസംഗത്തിന്റെ മൊത്തം ഉള്ളടക്കം ആ വിവാദ പരാമര്‍ശത്തെ സാധൂകരിക്കുന്നതോ സ്ഥാപിക്കുന്നതോ അല്ല എന്ന എഴുത്തുകാരന്‍ എമ്മാര്‍ കിനാലൂരിന്റെ കുറിപ്പ് പങ്കുവെച്ച് ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അനില്‍കുമാറിന്റെ പ്രതികരണം. കുറിപ്പിന് ആമുഖമായി സത്യം നമ്മളെ സ്വതന്ത്രരാക്കട്ടെ എന്നാണ് കെ അനില്‍ കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

‘തട്ടം തട്ടി മാറ്റല്‍’ പുരോഗതി അല്ല അധോഗതിയാണെന്ന് പറഞ്ഞാണ് കെ അനില്‍ കുമാറിന്റെ പ്രസ്താവനയെ സമസ്ത വിമര്‍ശിച്ചത്. വോട്ട് രാഷ്ട്രീയത്തിന് വേണ്ടി അനില്‍ കുമാര്‍ സ്വന്തം അഭിപ്രായമാണ് പറഞ്ഞതെന്ന് നാളെ പറഞ്ഞേക്കാം. എന്നാല്‍ സിപിഎം നിലപാടാണ് ഇതിലൂടെ വ്യക്തമാക്കിയിരിക്കുന്നതെന്നും സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

ഈ പ്രസ്താവനയിലൂടെ സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് പുറത്തായത്. കമ്മ്യൂണിസത്തിന്റെ അടിസ്ഥാനം മതനിഷേധമെന്നും അദ്ദേഹം പ്രതികരിച്ചു. നേരത്തെ അനില്‍ കുമാറിന്റെ പ്രസ്താവനക്കെതിരെ മുന്‍ മന്ത്രിയും എംഎല്‍എയുമായ കെടി ജലീലും രംഗത്തുവന്നിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഒരു മുസ്ലിം പെണ്‍കുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്നാണ് ജലീല്‍ വ്യക്തമാക്കിയത്. വ്യക്തിയുടെ അഭിപ്രായം പാര്‍ട്ടിയുടേതായി അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തുമെന്നും ജലീല്‍ പ്രതികരിച്ചു. 

നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സി രവിചന്ദ്രന്റെ നേതൃത്വത്തില്‍ യുക്തിവാദ സംഘടനയായ എസ്സന്‍സ് ഗ്ലോബല്‍ സംഘടിപ്പിച്ച ലിറ്റ്മസ് 23 നാസ്തിക സമ്മേളനത്തിലാണ് അനില്‍ കുമാറിന്റെ പരാമര്‍ശം. ഇതിനെതിരെയാണ് ജലീല്‍ പ്രതികരിച്ചത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം.

Exit mobile version