Pravasimalayaly

സന്തോഷമുണ്ട്, പക്ഷേ പൂര്‍ണ തൃപ്തയല്ല;  ഭാവന

വിവാഹശേഷം മലയാള സിനിമകളില്‍ അഭിനയിക്കാതെ ഒതുങ്ങിനില്‍ക്കുകയാണ് ഭാവന. താരസംഘടന നടത്തിയ അമ്മ മഴവില്ല് മെഗാഷോയിലും നടി ഭാവന പങ്കെടുത്തില്ല. വിവാഹ ശേഷം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ സന്തുഷ്ടയാണെന്നും എന്നാല്‍ സംതൃപ്തയല്ലെന്നും നടി പറഞ്ഞു.

ഭാവനയുടെ വാക്കുകള്‍:

പതിനാറ് വര്‍ഷമായി സിനിമയിലെത്തിയിട്ട്. പത്താം ക്ലാസ് കഴിഞ്ഞാണ് സിനിമയില്‍ വരുന്നത്. പൂര്‍ണതൃപ്തിയുണ്ടോ എന്നുചോദിച്ചാല്‍ ഇല്ല. സന്തോഷമുണ്ട്, എന്നാല്‍ കുറച്ചുകൂടി വളരെ നല്ല കഥാപാത്രങ്ങള്‍ ഇനിയും ചെയ്യണമെന്നുണ്ട്.

ബോളിവുഡില്‍ ഉണ്ടായ പോലെ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് കുറച്ച് കൂടി പ്രാധാന്യം കല്‍പ്പിക്കുന്ന സിനിമകള്‍ മലയാളത്തിലും ഉണ്ടാവണമെന്നാണ് ആഗ്രഹം. എന്നും നായകനെ ചുറ്റിപ്പറ്റി മാത്രം മുന്നോട്ട് പോവുന്ന നായികാ കഥാപാത്രങ്ങളുടെ കാലത്തിന് ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്.

രണ്ട് വര്‍ഷത്തില്‍ ഒന്നോ അല്ലെങ്കില്‍ മൂന്നുവര്‍ഷം കൂടുമ്പോഴാണ് നായികപ്രാധാന്യമുള്ള കഥാപാത്രം നടിമാര്‍ക്ക് ലഭിക്കുന്നത്. അത് മാത്രമല്ല ഇവിടെ അങ്ങനെയൊരു കഥാപാത്രം ചെയ്യുന്ന നടി ഉണ്ടെങ്കില്‍ അവര്‍ക്ക് മാത്രമേ അവസരം തേടിവരൂ. ബോളിവുഡില്‍ കങ്കണ, ദീപിക, അനുഷ്‌ക, വിദ്യ ബാലന്‍, പ്രിയങ്ക എല്ലാവര്‍ക്കും തുല്യവേഷങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ അത് ഇല്ല.

സത്യത്തില്‍ സിനിമയില്‍ മാത്രമാണ് വിവാഹം കഴിഞ്ഞ ശേഷം അഭിനയിക്കുന്ന കാര്യത്തില്‍ പല അഭിപ്രായങ്ങള്‍ വരുന്നത്. എല്ലാ ജോലിയും പോലെ തന്നെയാണ് സിനിമയും. ബോളിവുഡില്‍ ആ ട്രെന്‍ഡ് ഇപ്പോഴും തുടരുന്നുണ്ട്. തെന്നിന്ത്യയിലും അത് വന്നാല്‍ കൂടുതല്‍ നല്ലത്.

സിനിമ ഞാന്‍ തിരഞ്ഞെടുത്ത എന്റെ പ്രൊഫഷനാണ്. 15 വയസ് മുതല്‍ ഞാന്‍ ചെയ്യുന്ന എന്റെ തൊഴില്‍. ഒരു വിവാഹമോ മറ്റു കാര്യങ്ങളോ ഒക്കെ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാവുന്നതാണ്. അത് അതുവരെ ചെയ്തുവന്ന നമുക്കറിയാവുന്ന ഒരു പ്രൊഫെഷന്‍ ഉപേക്ഷിക്കാന്‍ ഒരു കാരണമാണെന്ന് തോന്നിയിട്ടില്ല.

Exit mobile version