Pravasimalayaly

സമൂഹത്തിന്റെ സേവകരാണ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍: മുഖ്യമന്ത്രി

സിവില്‍ സര്‍വീസ് ജേതാക്കളെ അനുമോദിച്ചു

തിരുവനന്തപുരം: സമൂഹത്തിന്റെ സേവകരാണ് തങ്ങള്‍ എന്നത് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഒരു ഘട്ടത്തിലും മറക്കരുത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തുനിന്ന് സിവില്‍ സര്‍വീസ് ജേതാക്കളായ സിവില്‍ സര്‍വീസ് അക്കാദമി വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനാധിപത്യസംവിധാനത്തിനു കീഴിലാണ് നാം പ്രവര്‍ത്തിക്കുന്നത്്. നയപരമായ തീരുമാനം എടുക്കേണ്ടിവരുമ്പോള്‍ ജനപ്രതിനിധികളെ അംഗീകരിച്ചുപോകാനുള്ള മാനസികാവസ്ഥ ഉണ്ടാകണം എന്നും മുഖ്യമന്ത്രി പറഞ്ഞു. അപൂര്‍വമായി ചിലയിടങ്ങളില്‍നിന്നുണ്ടാകുന്ന വാര്‍ത്തകള്‍ കേട്ടാല്‍ അതില്‍നിന്ന് വ്യത്യസ്തമായ ചില കാര്യങ്ങള്‍ ഉണ്ടാകുന്നു എന്നു മനസ്സിലാകും. അത് അനാവശ്യമായ സംഘര്‍ഷത്തിനു വഴിവെക്കും. സമൂഹത്തെക്കുറിച്ചുള്ള കരുതല്‍ പ്രധാനമാണ്. യഥാര്‍ഥപ്രശ്നം നേരിടുന്നത് സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരാണ്. അവരുടെ പ്രശ്നം പരിഹരിക്കുന്നതിന് മുന്‍ഗണന കൊടുക്കണം. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് ന്യായമായ വേതനവ്യവസ്ഥയുണ്ട്. ഒരു തരത്തിലുള്ള അഴിമതിയും എന്നെ ബാധിക്കില്ല എന്ന ദൃഢപ്രതിജ്ഞയോടെ സര്‍വീസ് തുടങ്ങാന്‍ കഴിയണം. ശ്രദ്ധേയമായ വിജയമാണ് വയനാടുനിന്നുള്ള ശ്രീധന്യയുടേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാരീതിയിലും ഏറ്റവും പിന്നാക്കം നില്‍ക്കുന്ന അവസ്ഥയില്‍നിന്ന്, ആദിവാസിവിഭാഗത്തില്‍നിന്നും വിജയിച്ച ശ്രീധന്യയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.കെ.ടി.ജലീല്‍ അധ്യക്ഷത വഹിച്ചു. അടിസ്ഥാനപരമായി ഈ മേഖലയിലുള്ളവര്‍ക്കുവേണ്ടത് മനുഷ്യത്വമാണെന്ന് മന്ത്രി പറഞ്ഞു. മനുഷ്യത്വപരമായപെരുമാറ്റമാണ് നാടും സമൂഹവും നമ്മളില്‍നിന്ന് പ്രതീക്ഷിക്കുന്നത്. ഉദ്യോഗസ്ഥന്റെ നിഷേധാത്മക മനോഭാവംകൊണ്ട് ഒരാള്‍ക്കും കഷ്ടത അനുഭവിക്കേണ്ടി വരരുത് എന്നും മന്ത്രി പറഞ്ഞു. ഡിജിപി ലോക്നാഥ് ബഹ്റ, അക്കാദമി ഫാക്കല്‍റ്റി അംഗങ്ങളായ മോഹന്‍ദാസ്, ഡോ.അലക്സാണ്ടര്‍ ജേക്കബ്, അക്കാദമി പ്രിന്‍സിപ്പല്‍ ഡോ.അനിത ദമയന്തി എന്നിവര്‍ സംസാരിച്ചു. അക്കാദമി വിദ്യാര്‍ഥികളായ 33 പേരെയാണ് ചടങ്ങില്‍ അനുമോദിച്ചത്

Exit mobile version