തിരുവനന്തപുരം
സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കൊവിഡ്. തുടർച്ചയായി രണ്ടാം ദിനമാണ് തുടർച്ചയായി മുന്നൂറിലധികം പുതിയ രോഗികൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇന്നലെയും സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച് മുന്നൂറിലേറെപ്പേർക്കാണ്. സംസ്ഥാനത്താദ്യമായിട്ടാണ് ഇന്നലെ മുന്നൂറിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇത് വരെയുള്ള ഏറ്റവുമുയർന്ന കണക്കാണിത്.
രോഗമുക്തി നേടിയത് 149 പേരാണ്. രോഗബാധയുടെ തോത് വർധിക്കുന്നു. അതോടൊപ്പം സമ്പർക്കത്തിലൂടെ വൈറസ് ബാധിക്കുന്നവരുടെ എണ്ണവും വർധിക്കുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് മാത്രം സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 133 പേർക്കാണ്. ഇത് വരെയുള്ളതിൽ ഏറ്റവുമുയർന്ന കണക്കാണിത്. ഇന്ന് രോഗം ബാധിച്ചവരിൽ 117 പേർ വിദേശത്ത് നിന്ന് വന്നവർ. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 74 പേരെത്തി. സമ്പർക്കത്തിലൂടെ 133 പേർക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം അറിയാത്ത ഏഴ് പേരുണ്ട്.
ജില്ല തിരിച്ചുള്ള കൊവിഡ് കണക്ക്: തിരുവനന്തപുരം 95, മലപ്പുറം 55, പാലക്കാട് 50, തൃശ്ശൂർ 27, ആലപ്പുഴ 22, ഇടുക്കി 20, എറണാകുളം 12, കാസർകോട് 11, കൊല്ലം 10, കോഴിക്കോട് 8, കോട്ടയം 7, വയനാട് 7, പത്തനംതിട്ട 7, കണ്ണൂർ 8.
ഫലം നെഗറ്റീവായവർ, തിരുവനന്തപുരം 9, കൊല്ലം 10, പത്തനംതിട്ട 7, ആലപ്പുഴ 7, കോട്ടയം എട്ട്, ഇടുക്കി എട്ട്, കണ്ണൂർ 16, എറണാകുളം 15, തൃശ്ശൂർ 29, പാലക്കാട് 17, മലപ്പുറം ആറ്, കോഴിക്കോട് ഒന്ന്, വയനാട് മൂന്ന്, കാസർകോട് 13.
നഗരങ്ങൾ കേന്ദ്രീകരിച്ച് മൾട്ടിപിൾ ക്ലസ്റ്റർ രൂപം കൊള്ളാനും സൂപ്പർ സ്പ്രെഡിലേക്ക് നയിക്കാനുമുള്ള സാധ്യത വർധിക്കുന്നു. സംസ്ഥാനത്ത് പൂന്തുറയിലാണ് ആദ്യത്തെ സൂപ്പർ സ്പ്രെഡ് ഉണ്ടായത്. ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ട് പ്രകാരം രോഗം പകരാനുള്ള സാധ്യത കൊവിഡിന്റെ കാര്യത്തിൽ വലിയതോതിൽ വർധിച്ചിരിക്കുന്നു. ആളുകൾ കൂട്ടംകൂടുന്നത് ഒരു കാരണവശാലും അനുവദിക്കാനാവാത്ത സ്ഥിതിയാണ്. വായുസഞ്ചാരമുള്ള മുറികളിൽ കഴിയുക പ്രധാനം. ചില കടകളിൽ ആളുകൾ കയറിയ ശേഷം ഷട്ടറുകൾ അടച്ചിടുന്നു. അത് പാടില്ല. വായുസഞ്ചാരം കുറയും. വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളിൽ രോഗം പെട്ടെന്ന് പടരും.
പരിശോധനയുടെ തോത് വർധിച്ചു. 24 മണിക്കൂറിനിടെ 12592 സാമ്പിളുകൾ പരിശോധിച്ചു. 6534 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയിലുള്ള 2795 പേരാണ്. 185960 പേരാണ് നിരീക്ഷണത്തിലുള്ളത്. 3261 പേർ ആശുപത്രികളിലാണ്.
ഇന്ന് 471 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 220677 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. 4854 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുവരെ മുൻഗണനാ വിഭാഗത്തിലെ 66934 സാമ്പിളുകൾ ശേഖരിച്ചു. 63199 നെഗറ്റീവായി.
ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കുന്നു. സംസ്ഥാനത്ത് 307019 പേർക്കാണ് വിവിധ കൊവിഡ് ടെസ്റ്റുകൾ നടത്തിയത്. 181 ഹോട്ട്സ്പോട്ടുകൾ പുതുതായി ഉണ്ട്.
സമൂഹവ്യാപനത്തിലേക്ക് അടുക്കുന്നു
കൊവിഡ് വ്യാപനത്തിൽ നിർണ്ണായക ഘട്ടമാണ് ഇപ്പോൾ നേരിടുന്നത്. നാം നല്ല തോതിൽ ആശങ്കപ്പെടേണ്ട ഘട്ടം. സമൂഹവ്യാപനത്തിന്റെ വക്കിലെത്തുന്നുവെന്ന് നേരത്തെ പറഞ്ഞിരുന്നു. അതിലേക്ക് വലിയതോതിൽ അടുക്കുന്നു എന്ന് സംശയിക്കേണ്ട സമയമാണിത്.
ഒരു മത്സ്യമാർക്കറ്റിൽ ഉണ്ടായ രോഗവ്യാപനം തിരുവനന്തപുരം നഗരത്തെ മുഴുവൻ ട്രിപ്പിൾ ലോക്ക്ഡൗണിലേക്ക് നയിച്ചു. നഗരത്തിന്റെ വിവിധ മേഖലയിലേക്ക് രോഗം എത്തിയിട്ടുണ്ടെന്നാണ് ഇന്നത്തെ പരിശോധനാ ഫലം തെളിയിക്കുന്നത്. ആര്യനാടും സമാനമായ സാഹചര്യം നേരിടുന്നു. ഇത് തലസ്ഥാനത്ത് മാത്രമെന്ന് കരുതി മറ്റ് പ്രദേശങ്ങൾ ആശ്വസിക്കേണ്ടതില്ല. ചിലയിടത്ത് ഇത്തരം പ്രതിഭാസം കാണുന്നുണ്ട്. കൊച്ചിയിലും സമാന വെല്ലുവിളി നേരിടുന്നുണ്ട്. എപ്പോൾ വേണമെങ്കിലും നിയന്ത്രണം കടുപ്പിക്കേണ്ട സാഹചര്യമാണ്. സംസ്ഥാനത്തിനാകെ ബാധകമായതാണ് ഇത്. ആരെങ്കിലും ഇതിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്നുവെന്ന് തോന്നേണ്ടതില്ല.
നിലവിലെ നിയന്ത്രണം സമൂഹത്തെ മൊത്തം കണക്കിലെടുത്ത് രക്ഷയ്ക്ക് വേണ്ടി കൊണ്ടുവന്നതാണ്. അത് കർശനമായി പാലിക്കണം. രോഗം സമൂഹവ്യാപനത്തിലെത്താൻ അധികം സമയം വേണ്ട. പൂന്തുറയിൽ സൂപ്പർ സ്പ്രെഡിലേക്കെത്താൻ അധികം സമയമെടുത്തില്ല. സ്വയം നിയന്ത്രണത്തിന്റെ തലം സൃഷ്ടിക്കണം. രോഗം ബാധിച്ച പലരുടെയും സമ്പർക്ക പട്ടിക വിപുലമാണ്. അത്തരം സാഹചര്യം ഉണ്ടാക്കരുത്. വലിയ ആൾക്കൂട്ടം എത്തിപ്പെടുന്ന ഏത് സ്ഥലവും ഒന്നോ രണ്ടോ ആളുകൾ രോഗബാധിതരാണെങ്കിൽ എല്ലാവരെയും അത് ബാധിക്കും.
‘സമരവും ആൾക്കൂട്ടവും പാടില്ല, വിവേകം വേണം’
അത്യാവശ്യ കാര്യത്തിന് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ. ആൾക്കൂട്ടം ഉണ്ടാകരുത്. ഇതിന് നാം നല്ല ഊന്നൽ നൽകണം. പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളിലും ആളുകളിലും രോഗബാധ ഉണ്ടായെന്ന് വരാം. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് നോക്കിയാൽ ചില പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർക്ക് രോഗബാധയുണ്ടായിട്ടുണ്ട്. അതിന്റെ ഭാഗമായി സമ്പർക്ക പട്ടിക തയ്യാറാക്കുന്നത് വെല്ലുവിളിയായി.
ആൾക്കൂട്ടത്തിനോട് എന്തെങ്കിലും വിപ്രതിപത്തി ഉണ്ടായിട്ടല്ല. ഇന്നത്തെ സാഹചര്യം മനസിലാക്കാനുള്ള വിവേകം നാമെല്ലാവരും പ്രകടിപ്പിക്കണം. അത് നാടിന്റെ രക്ഷയ്ക്കും സമൂഹത്തിൽ രോഗം വ്യാപിക്കാതിരിക്കാനും സ്വീകരിക്കേണ്ട കാര്യമാണ്.
റിവേഴ്സ് ക്വാറന്‍റീനിലുള്ളവർ ശ്രദ്ധിക്കണം
റിവേഴ്സ് ക്വാറന്‍റീനിൽ കഴിയുന്നവർക്ക് വേഗത്തിൽ രോഗം ബാധിക്കാം. അവരുടെ കാര്യത്തിൽ നല്ല കരുതൽ ഉണ്ടാകണം. അസാധാരണമായ സാഹചര്യമാണ്. റിവേഴ്സ് ക്വാറന്‍റീനിൽ ഉള്ളവരുടെ വീടുകളിലേക്ക് അനാവശ്യ സന്ദർശനം ഒഴിവാക്കണം. മറ്റ് കേസുകൾ നല്ല പോലെ ചികിത്സിച്ച് ഭേദപ്പെടുത്താം. റിവേഴ്സ് ക്വാറന്റൈനിൽ കഴിയുന്നവരെ ചികിത്സിച്ച് ഭേദപ്പെടുത്തുക പ്രയാസം.
സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള സമയമല്ല ഇത്. അത് ഉൾക്കൊള്ളണം. ആ ബോധവും ബോധ്യവും നമ്മളെ നയിക്കുന്നില്ലെങ്കിൽ ഇതുവരെ നടത്തിയ ക്രമീകരണങ്ങൾ അസ്ഥാനത്താവും. മുന്നറിയിപ്പുകൾക്ക് പകരം കടുത്ത നടപടികളിലേക്ക് സ്വാഭാവികമായി നീങ്ങാൻ നിർബന്ധിക്കപ്പെടും.
രോഗം ക്രമാതീതമായി വർധിക്കുന്ന ചില സ്ഥലങ്ങളിൽ പ്രത്യേക ക്രമീകരണം വേണോയെന്ന് ചിന്തിക്കാൻ സർക്കാർ നിർബന്ധിതരാകുന്നു. വൻതോതിൽ ആളുകളുള്ള വീടുകളിൽ റിവേഴ്സ് ക്വാറന്‍റീൻ പോലെ കഴിയാനുള്ള സാഹചര്യം ഇല്ലാതെ വന്നാൽ അവരെ മാറ്റിപ്പാർപ്പിക്കേണ്ടി വരും. ഇക്കാര്യം അത്തരം പ്രദേശങ്ങളിൽ ആലോചിക്കും. ലോക്ക്ഡൗൺ ശക്തമായി നടപ്പിലാക്കി രോഗവ്യാപനം നാം പരമാവധി കുറച്ചിരുന്നു. രോഗം ഭേദമായവരുടെ എണ്ണവും നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും കുറഞ്ഞുവന്നു. മെയ് മൂന്നിന് 95 ആയിരുന്നു ചികിത്സയിലുണ്ടായിരുന്നത്. അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം 401 ആയിരുന്നു. മൂന്നാം ഘട്ടം ആരംഭിച്ചപ്പോൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും ആളുകൾ വന്നതോടെ രോഗബാധിതരുടെ എണ്ണം കുതിച്ചുയർന്നു.
പ്രതിദിന വർധന 300 കടന്നു. ആഴ്ചകൾക്ക് മുൻപ് ഇത് സംഭവിക്കുമെന്ന് നാട്ടിൽ പലരും കരുതിയിരുന്നില്ല. വിദഗ്ദ്ധർ ഇത് ചൂണ്ടിക്കാണിച്ചിരുന്നു. അത് പറയാനാണ് വാർത്താസമ്മേളനത്തിലൂടെ ശ്രമിച്ചത്. ഇപ്പോൾ മുന്നൂറാണെങ്കിൽ അതിനിയും ഉയർന്നേക്കാം. നമുക്ക് നമ്മുടെ സംവിധാനം ഉപയോഗിച്ച് ചികിത്സ നൽകാനാവും. നല്ല നിലയ്ക്ക് അത് നടത്താനാവും. സമ്പർക്കത്തിലൂടെയുള്ള വ്യാപനം അനിയന്ത്രിതമായി വർധിച്ചാൽ സമൂഹ വ്യാപനം യാഥാർത്ഥ്യമായാൽ, വലിയ പ്രതിസന്ധിയാവും.
തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം
തിരുവനന്തപുരത്ത് മൂന്ന് ദിവസത്തിനിടെ 213 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 190 പേരും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച 95 പേരിൽ 88 പേരും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. പൂന്തുറയിൽ സൂപ്പർ സ്പ്രെഡായി. അവിടെ തന്നെ ഇതേ രീതി തുടരുകയാണ്. അതിനാലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ടി വന്നത്. സെന്റിനൽ സർവൈലൻസ് ഊർജ്ജിതപ്പെടുത്തി. ആന്റിജൻ പരിശോധന വ്യാപകമാക്കും. രോഗവ്യാപനത്തിന്റെ ഭൂമിശാസ്ത്രപരമായ മാപ്പിങും നടത്തും.
കോണ്ടാക്ട് ട്രേസിങ് വിപുലമാക്കി. കണ്ടെയ്ൻമെന്റ് സോണിൽ എല്ലാവരെയും ക്വാറന്റൈൻ ചെയ്യും. അനാവശ്യ സഞ്ചാരം ഒഴിവാക്കാൻ പൊലീസ് ഇടപെടുന്നു. ദൈനംദിന റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. ആരോഗ്യം, പൊലീസ്, മീഡിയ, ഫയർ ഫോവ്സ്, റവന്യു, ഭക്ഷണശാലകൾ തുടങ്ങിയവയുമായി ഏകോപനം ഉറപ്പാക്കി.
കൊവിഡുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനം സർക്കാർ സ്വകാര്യ മേഖലയിൽ നടക്കുന്നുണ്ട്. പൂന്തുറ അടക്കമുള്ള പ്രദേശത്തെ പ്രത്യേക ക്ലസ്റ്ററായി തിരിക്കും. രോഗവ്യാപനം കൂടിയ സ്ഥലങ്ങളിൽ പ്രത്യേക പരിശോധന നടത്തും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ആശുപത്രികളിൽ പ്രത്യേക ഒപി സൗകര്യം ഒരുക്കും.
ക്ലസ്റ്ററുകൾ തിരിച്ച് പരിശോധന
രോഗബാധിതരെ കണ്ടെത്തുന്നതിനായി വിവിധ വിഭാഗങ്ങളെ ക്ലസ്റ്ററായി തിരിച്ച് വിപുലമായ നടപടി സ്വീകരിക്കുന്നു. ആരോഗ്യവകുപ്പ് ഇതിന്റെ മാർഗനിർദ്ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. വിട്ടുവീഴ്ച ചെയ്താൽ പ്രത്യാഘാതം വലുതായിരിക്കും. കർശനമായ ട്രിപ്പിൾ ലോക്ക്ഡൗണാണ് നടപ്പാക്കുന്നത്. ജനം പുറത്തിറങ്ങാതിരിക്കാൻ പൊലീസ് കമാന്റോകളുടെ സേവനം വരെ ഉപയോഗിക്കുന്നു. 500 പൊലീസുകാരെ പൂന്തുറയിൽ മാത്രം വിന്യസിച്ചു. ക്രമസമാധാന പാലന ചുമതലയുള്ള പൊലീസിന്റെ മാത്രം ചുമതലയല്ല. സമൂഹത്തിന്റെ രക്ഷയ്ക്ക് വേണ്ടിയാണിത്. സമൂഹത്തിന്റെ ഭാഗമായി നിൽക്കുന്നവർ പ്രശ്നത്തിൽ ആരോഗ്യകരമായി ഇടപെടണം. മതനേതാക്കൾ, സമൂഹിക നേതാക്കൾ, തുടങ്ങി ജനങ്ങളിൽ സ്വാധീനമുള്ളവർ ഈ സന്ദേശം ജനങ്ങളിലെത്തിക്കാൻ നടപടി സ്വീകരിക്കണം. നല്ല രീതിയിൽ ഇതുമായി സഹകരിക്കണം.
ട്രിപ്പിൾ ലോക്ക് നല്ലതിന്
മത്സ്യബന്ധന ബോട്ടുകൾ കടലിലൂടെ തമിഴ്‌നാട്ടിലേക്ക് പോകുന്നതും വരുന്നതും തടഞ്ഞിട്ടുണ്ട്. ഇത് പ്രയാസമുണ്ടാക്കുമെന്ന് നല്ല നിശ്ചയമുണ്ട്. പക്ഷെ രോഗവ്യാപനത്തിന് ഇടയാക്കും വിധം പരസ്പര ബന്ധവും യാത്രയും ഇപ്പോൾ അനുവദിക്കാനാവില്ല. ചിലത് അനുഭവത്തിൽ നിന്ന് പഠിക്കണം. ഒരാൾ സംസ്ഥാനത്തിന് പുറത്തുപോയി മത്സ്യം വാങ്ങി തിരിച്ച് വന്ന് ഇവിടെ കച്ചവടം ചെയ്തു. അദ്ദേഹത്തിലൂടെ മാത്രം 21 പേർക്ക് രോഗം ലഭിച്ചു. ഇത്തരം കാര്യങ്ങൾ അനുഭവത്തിൽ വന്നു. ആ സാഹചര്യത്തിൽ ഈ പറയുന്ന യാത്രകൾ നിർബന്ധമായും ഒഴിവാക്കണം.
ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് നാളെ ദു:ഖിക്കാതിരിക്കാനാണ്. എല്ലാവരും സഹകരിക്കണം. തമിഴ്നാട് പൊലീസുമായി സഹകരണം തുടരും. പൂന്തുറയിൽ ഒരു ലക്ഷം മാസ്ക് പൊലീസ് സൗജന്യമായി വിതരണം ചെയ്തു. തിരുവനന്തപുരത്ത് ഭക്ഷണം കിട്ടാതെ വിഷമിക്കുന്നവർക്കായി പൊലീസ് സഹായം എത്തിക്കുന്നുണ്ട്. മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഭക്ഷണം വിതരണം ചെയ്യുന്നു.
ട്രിപ്പിൾ ലോക്ക്ഡൗൺ സ്തംഭനത്തിലേക്ക് നയിക്കും. കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ശ്രദ്ധ എല്ലാവരും കാണിക്കണം. അതൊഴിവാക്കാൻ നല്ല ജാഗ്രതയിൽ ജീവിതം തുടരാനാവണം.
ലോക്ക്ഡൗണിന് ശേഷം ആത്മഹത്യ ചെയ്തത് 66 കുട്ടികൾ
കുട്ടികൾക്കിടയിൽ ഈ ഘട്ടത്തിൽ ആത്മഹത്യാ പ്രവണത വർധിച്ച് വരുന്നു. അതീവ ഗുരുതരമായ സാമൂഹിക പ്രശ്നമായി മാറുന്നു. മാർച്ച് 25 മുതൽ 18 വയസിൽ താഴെയുള്ള 66 കുട്ടികൾ ആത്മഹത്യ ചെയ്തു. ഇന്നും സമാനമായ വാർത്ത വന്നു. ആത്മഹത്യക്ക് പ്രരിപ്പിച്ച കാരണങ്ങളായി കണ്ടെത്തിയത് വീട്ടിൽ തന്നെയുള്ള കുട്ടികളുടെ നേരെയുള്ള ഇടപെടലാണ്. ആ ഇടപെടൽ നടത്തുന്ന അച്ഛനും അമ്മയും കുട്ടിയുടെ നന്മ ആഗ്രഹിച്ചാണ് ഇടപെടുന്നത്. എന്നാൽ കുട്ടിയുടെ മാനസികാവസ്ഥ കൂടി ഉൾക്കൊണ്ടാവണം ഇടപെടേണ്ടത്.
ഓൺലൈൻ ക്ലാസിലിരിക്കാത്തതിനും, ഗെയി കളിക്കാൻ അനുവദിക്കാത്തതും അശ്ലീല ചിത്രം കണ്ടതുമെല്ലാം ചെറിയ കാരണങ്ങളായി തോന്നാം. തിരുത്താൻ ഇടപെടുന്നത് കുട്ടിയുടെ മനസിനെ വല്ലാതെ മുറിവേൽപ്പിച്ച് കൊണ്ടാവരുത്.