Pravasimalayaly

സര്‍ക്കാര്‍ മുട്ടു മടക്കി; സെക്രട്ടേറിയറ്റില്‍ ആക്‌സസ് കണ്‍ട്രോള്‍ നടപ്പാക്കില്ല

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ജീവനക്കാര്‍ വൈകി വരുന്നതും പഞ്ച് ചെയ്ത ശേഷം മുങ്ങുന്നതും തടയാന്‍ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ആക്‌സസ് കണ്‍ട്രോള്‍ സംവിധാനത്തില്‍നിന്നു പിന്‍വാങ്ങി സര്‍ക്കാര്‍. ജീവനക്കാരുടെ സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നാണ് സര്‍ക്കാരിന്റെ പിന്‍മാറ്റം. 

ഇന്നു മുതല്‍ ജീവനക്കാര്‍ക്ക് ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നായിരുന്നു പ്രഖ്യാപനം. ഇത് സംബന്ധിച്ച് പൊതുഭരണ സെക്രട്ടറി ഉത്തരവിറക്കിയെങ്കിലും നടപ്പായില്ല. പഞ്ചിങ് ചെയ്ത ശേഷം ജീവനക്കാര്‍ സ്ഥലം വിടുന്നത് തടയുക ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നടപടി പ്രഖ്യാപിച്ച.് എന്നാല്‍ സംഘടനകള്‍ ഇതിനെ എതിര്‍ത്തിരുന്നു. 

രണ്ടു മാസത്തേക്ക് പരീക്ഷണ അടിസ്ഥാനത്തിലും തുടര്‍ന്നു സ്ഥിര മായും നടപ്പാക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. രാവിലെ 10.15 മുതല്‍ വൈകിട്ട് 5.15 വരെയാണ് ഓഫിസ് സമയം. സെക്രട്ടേറിയറ്റിലെ എല്ലാ ബ്ലോക്കുകളിലും എല്ലാ ഓഫിസുകളിലും ഈ സംവിധാനം വരുന്നതോടെ രാവിലെ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഉച്ചയൂണിനു മാത്രമേ ഇടയ്ക്കു പുറത്തിറങ്ങാന്‍ സാധിക്കൂ. ഈ സംവിധാനത്തെ ശമ്പള സോഫ്‌റ്റ്വെയറായ സ്പാര്‍ക്കുമായി ബന്ധിപ്പിക്കുന്നതിനാല്‍ ജീവനക്കാരെ ബന്ദികളാക്കുന്നു എന്ന ആരോപണവുമായി സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു.

Exit mobile version