സസ്‌പെൻഷൻ ആദ്യപടി മാത്രം, പ്രശാന്തനെ പിരിച്ചുവിടും; നടപടി തുടരാൻ ആരോഗ്യവകുപ്പ്

0
18

കണ്ണൂർ: എഡിഎം നവീൻ ബാബുവിനെതിരായി കൈക്കൂലി ആരോപണം ഉന്നയിച്ച പരാതിക്കാരനായ ടി വി പ്രശാന്തനെതിരായ നടപടി തുടരാൻ ആരോഗ്യവകുപ്പ്. പ്രശാന്തനെ പിരിച്ചുവിടാനുള്ള നടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനം.

പ്രശാന്തന് സർക്കാർ സർവീസ് ചട്ടം ബാധകമാകില്ല എങ്കിലും കമ്പനി നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചുമാത്രമേ പിരിച്ചു വിടാനാകൂ. നിയമോപദേശത്തിൻ്റെ കൂടി അടിസ്ഥാനത്തിലാണ് ആദ്യം സസ്പെൻഷൻ നടപടിയെടുക്കാൻ തീരുമാനിച്ചത്. ഇനി പ്രശാന്തന് സസ്പെൻഷൻ നടപടിയിൽ മറുപടി നൽകാൻ സമയം നൽകും. അതിനുശേഷമാകും പിരിച്ചുവിടൽ നടപടിയുണ്ടാകുക. സ്വന്തമായി പെട്രോൾ പമ്പ് തുടങ്ങാൻ സർക്കാർ അനുമതി തേടണമെന്ന് തനിക്ക് അറിയില്ല എന്നായിരുന്നു പ്രശാന്തൻ്റെ മൊഴി. ചട്ടപ്രകാരമുള്ള കടുത്ത നടപടി ആരംഭിക്കുമെന്ന് സസ്പെൻഷൻ ഉത്തരവിൽ തന്നെ വ്യക്തമാക്കുന്നുണ്ട് .

അതേസമയം, നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പ് റിപ്പോർട്ട് മന്ത്രി കെ രാജന് തിങ്കളാഴ്ച കൈമാറും . ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ. ഗീത ഐഎഎസിൻ്റെ റിപ്പോർട്ട് റവന്യൂ സെക്രട്ടറിയുടെ പരിശോധനയിലാണ്. അന്വേഷണത്തിൽ കണ്ണൂർ കളക്ടർ അരുൺ കെ. വിജയന് ക്ലീൻ ചിറ്റാണ് നൽകിയിരിക്കുന്നത്. കളക്ടറുടെ ഇടപെടൽ സംബന്ധിച്ച് എതിർ പരാമർശങ്ങൾ ഒന്നും റിപ്പോർട്ടിൽ ഇല്ല. എഡിഎമ്മിൻ്റെ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്നാണ് കളക്ടറുടെ മൊഴി. യാത്രയയപ്പ് യോഗത്തിൽ എത്തിയ പി പി ദിവ്യ പരസ്യമായി ആക്ഷേപിക്കുമ്പോഴും പ്രോട്ടോകോൾ പ്രകാരം ഇടപെടാൻ ആകുമായിരുന്നില്ല എന്നും കളക്ടർ മൊഴിനൽകി. ഈ സാഹചര്യത്തിൽ കളക്ടർക്കെതിരേ നടപടിവേണമെന്ന് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടി ഉടൻ ഉണ്ടാകില്ല.

കഴിഞ്ഞ ദിവസമാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ ഇലക്ട്രീഷന്‍ ആയി ജോലി ചെയ്തുവരുന്ന പ്രശാന്തനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ജോയിന്റ് ഡിഎംഇയും നടത്തിയ അന്വേഷണത്തിന് പിന്നാലെയായിരുന്നു സസ്‌പെന്‍ഷന്‍.

Leave a Reply