Pravasimalayaly

സാമൂഹ്യ മാധ്യമങ്ങളില്‍ അച്ചടക്കമില്ല; പൊലീസുകാരെ മര്യാദ പഠിപ്പിക്കാന്‍ ഡിജിപി

തിരുവന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പൊലീസ് മേധാവിയെയും ചോദ്യം ചെയ്യുന്ന പൊലീസുകാരെ മര്യാദ പഠിപ്പിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ രംഗത്ത്. സര്‍ക്കാര്‍ നയങ്ങളെയും വകുപ്പ് മേധാവികളുടെ നിര്‍ദേശങ്ങളെയും ചോദ്യം ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെയും സര്‍വീസില്‍ വെച്ചുപൊറുപ്പിക്കില്ലെന്നും സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടങ്ങള്‍ക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്നത് അപകടകരമായ പ്രവണതയാണെന്നും ചൊവ്വാഴ്ച ഇറക്കിയ സര്‍ക്കുലറില്‍ ഡിജിപി പറയുന്നു.

പൊലീസ് ഉദ്യോഗസ്ഥര്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇടപെടുമ്പോള്‍ പാലിക്കേണ്ട മര്യാദകളെ സംബന്ധിച്ച് പരിശീലന പദ്ധതി തയ്യാറാക്കാന്‍ എഡിജിപി (ട്രെയിനിങ്) ബി സന്ധ്യക്ക് ഡിജിപി നിര്‍ദേശം നല്‍കി.

കഴിഞ്ഞ ദിവസം പൊലീസ് മേധാവിക്കെതിരെ വാട്‌സ്അപ് ഗ്രൂപ്പില്‍ അസഭ്യവര്‍ഷം നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തിരുന്നു. പൊലീസുകാര്‍ക്ക് ചെരിഞ്ഞ തൊപ്പി ഏര്‍പ്പെടുത്താനുള്ള ഡിജിപിയുടെ തീരുമാനത്തിനെതിരെ പ്രതികരിച്ച ഒല്ലൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ജോഫിര്‍ ജോണിക്കെതിരെയാണ് കമ്മീഷണര്‍ അച്ചടക്ക നടപടിയെടുത്തത്.

ഡിജിപിയുടെ പ്രധാന നിര്‍ദേശങ്ങള്‍: 

സേനാംഗങ്ങള്‍ വ്യക്തിപരമായ അക്കൗണ്ടുകളില്‍ പൊലീസ് വേഷം ധരിച്ച ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.

വ്യക്തിപരമായ അക്കൗണ്ടുകള്‍ക്ക് ഔദ്യോഗിക ഇ-മെയില്‍ ഐഡി,ഫോണ്‍ നമ്പറുകള്‍ ഉപയോഗിക്കരുത്.

യൂണിറ്റ് മോധാവിയുടെ അംഗീകാരമില്ലാതെ യൂണിറ്റിന്റെ പേരില്‍ ഗ്രൂപ്പുകളോ പേജുകളോ പ്രൊഫൈലുകളോ പ്രസിദ്ധീകരിക്കരുത്.

വ്യക്തിപരമായ ഉപയോഗങ്ങള്‍ക്ക് ഔദ്യോഗിക കമ്പ്യൂട്ടറുകളും നെറ്റ്‌വര്‍ക്കുകളും ഉപയോഗിക്കരുത്.

കേസന്വേഷണത്തെ കുറിച്ചുള്ള വിവരങ്ങള്‍, അതില്‍ ഉള്‍പ്പെട്ട സ്വകാര്യ വ്യക്തിയുടെ വിവരങ്ങള്‍, അന്വേഷണവുമായി ബന്ധപ്പെട്ട ഔദ്യോഗിക യാത്രയുടെ വിവരങ്ങള്‍, ചിത്രങ്ങള്‍ എന്നിവ സ്വകാര്യ അക്കൗണ്ടുകളില്‍ പ്രസിദ്ധപ്പെടുത്തരുത്.

കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളെക്കുറിച്ച് സ്വകാര്യ അക്കൗണ്ടില്‍ അഭിപ്രായം പറയരുത്.

സ്ത്രീകളെയോ ഉദ്യോഗസ്ഥരേയോ മറ്റ് വ്യക്തികളെയോ ഏതെങ്കിലും മത-സാമുദായിക വിഭാഗങ്ങളെയോ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുകയും മറ്റാര്‍ക്കെങ്കിലും അത്തരം പോസ്റ്റുകള്‍ അയച്ചുകൊടുക്കുകയും ചെയ്യാന്‍ പാടില്ല.

സാമൂഹ്യമാധ്യമ ഗ്രൂപ്പുകളില്‍ നിയമവിരുദ്ധ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചാല്‍ അഡ്മിന്‍മാര്‍ നിയമനടപടി സ്വീകരിക്കേണ്ടിവരും.

രാഷ്ട്രീയ ചായ്‌വുള്ള പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാനോ, ഷെയര്‍, ലൈക്ക്, കമന്റ് ചെയ്യാനോ പാടില്ല.

നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് നേരെ നിയമനടപടികള്‍ക്കും വകുപ്പുതല അന്വേഷണങ്ങള്‍ക്കും പുറമേ സര്‍വീസില്‍ നിന്ന് പിരിച്ചുവിടല്‍വരെയുള്ള നടപടി സ്വീകരിക്കും.

Exit mobile version