Pravasimalayaly

സായാഹ്‌ന വാർത്തകൾ


സായാഹ്‌ന വാർത്തകൾ
2020 ജൂലൈ 02 | 1195 മിഥുനം 18 | വ്യാഴാഴ്ച (അനിഴം നാൾ) 📡

🔳യു.ഡി.എഫ്. നിര്‍ദേശിച്ച തീരുമാനം അംഗീകരിക്കണം. ധാരണ ഉണ്ടായിരുന്നുവെന്ന് പറയണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ രാജിവെപ്പിക്കണം. ഇങ്ങനെയൊക്കെ ചെയ്ത് നല്ല കുട്ടിയായി തിരിച്ചു വന്നാല്‍ ജോസിനെ മുന്നണിയില്‍ തിരിച്ചെടുക്കാമെന്ന് പി.ജെ.ജോസഫ്.
യു.ഡി.എഫിന്റെ തീരുമാനം അംഗീകരിക്കാതെ ഒരു പാര്‍ട്ടിക്കും തുടരാന്‍ സാധിക്കില്ലെന്നും ജോസഫ് കൂട്ടിത്തേര്‍ത്തു.

🔳യുഡിഎഫില്‍ നിന്നും കേരള കോണ്‍ഗ്രസ് ജോസ് പക്ഷം പുറത്തുപോയത് യുഡിഎഫിന്റെ തകര്‍ച്ചയുടെ തുടക്കമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. കേരളത്തില്‍ സ്വാധീനമുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എം എന്നതില്‍ തര്‍ക്കമില്ലെന്നും കേരള കോണ്‍ഗ്രസ് നിലപാട് പറയുമ്പോള്‍ എല്‍ഡിഎഫ്‌ നയം വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

🔳കേരള കോണ്‍ഗ്രസ് അടിത്തറയുള്ളതും സ്വാധീനമുള്ളതുമായ പാര്‍ട്ടിയാണെന്ന് ഇടതുപക്ഷ നേതാക്കള്‍ പറഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ജോസ് കെ. മാണി. ഏതെങ്കിലും മുന്നണിയിലേക്ക് പോകുന്നത് സംബന്ധിച്ച് ഇതുവരെ പാര്‍ട്ടിക്കകത്തും പുറത്തും ചര്‍ച്ച നടത്തിയിട്ടില്ല. ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.

🔳ഓരോ ദിവസത്തെയും പെട്രോള്‍ വില വര്‍ദ്ധന എത്രയാണെന്ന് മുന്‍കൂട്ടി പ്രവചിക്കുന്നവര്‍ക്ക് അഞ്ച് ലിറ്റര്‍ പെട്രോള്‍ സമ്മാനം. യൂത്ത്കോണ്‍ഗ്രസ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റിയാണ് ഇന്ധന വില ഓരോ ദിവസവും വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ വ്യത്യസ്ത സമര രീതിയുമായി എത്തിയിരിക്കുന്നത്.

🔳വാടകയ്‌ക്കെടുത്ത് സര്‍വീസ് നടത്തുന്ന 10 ഇലക്ട്രിക് ബസുകള്‍ വന്‍ നഷ്ടമാണെന്ന് കെ.എസ്.ആര്‍.ടി.സി. ഒരുദിവസം ശരാശരി 7140 രൂപയാണ് നഷ്ടമെന്നും കെ.എസ്.ആര്‍.ടി.സി. 10 ഇലക്ട്രിക് ബസുകള്‍ 10 വര്‍ഷത്തേക്കാണ് കെ.എസ്.ആര്‍.ടി.സി വാടകയ്‌ക്കെടുത്തത്. ബംഗളൂരു ആസ്ഥാനമായ സ്വകാര്യ കമ്പനിയുമായാണ് കരാര്‍.

🔳സുപ്രീം കോടതി അഭിഭാഷകനായ ചേര്‍ത്തല സ്വദേശി ബാലകൃഷ്ണപിള്ള ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ പ്രകാരം ആക്രമണം നടത്തിയ പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയടക്കം നാലു പേര്‍ പിടിയില്‍. ചേര്‍ത്തല നഗരസഭയിലെ 21-ാം വാര്‍ഡ് അരീപ്പറമ്പ് കുന്നേല്‍വെളി സുരേഷിനെ ആക്രമിച്ച കേസിലാണ് ഇവര്‍ പിടിയിലായത്.

🔳ഇന്‍ഫോപാര്‍ക്കിലെ ഐ.ടി. കമ്പനിയിലെ ഡേറ്റ ചോര്‍ത്തി സ്വന്തം കമ്പനിക്ക് ബിസിനസ് നേടിയെടുത്ത മുന്‍ മാനേജരും സഹ പ്രവര്‍ത്തകരും അറസ്റ്റില്‍. കോട്ടയം കൈപ്പുഴ സ്വദേശി സിറിള്‍ റോയിനേയും സഹപ്രവര്‍ത്തകരേയുമാണ് ഇന്‍ഫോ പാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍ഫോപാര്‍ക്കിലെ ഓപ്‌ഷോര്‍ ടാലന്റ് സൊല്യൂഷന്‍സ് കമ്പനി നല്‍കിയ പരാതിയിലാണ് കേസ്.

🔳വടക്കന്‍ മ്യാന്‍മറിലെ ഖനിയിലുണ്ടായ മണ്ണിടിച്ചില്‍ നൂറോളം തൊഴിലാളികള്‍ മണ്ണിനടിയില്‍പ്പെട്ട് മരിച്ചു. 200-ലധികം പേര്‍ മണ്ണിനടിയില്‍ കുടങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. രത്നക്കല്ലുകള്‍ ശേഖരിക്കുയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

🔳കെ.പി.സി.സി  ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട സൈബര്‍ ആക്രമണത്തില്‍ മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രവാസിയുമായ ദിവേഷ് ചേനോളിയ്ക്ക് എതിരെ കേസ്. കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സതീഷന്‍ പാച്ചേനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

🔳അഞ്ചല്‍ ഉത്ര വധക്കേസില്‍ മുഖ്യപ്രതിയായ സൂരജിന്റെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യുന്നു.സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ ഉത്ര വധക്കേസില്‍ ഇതുവരെ പ്രതിചേര്‍ത്തിട്ടില്ല. ഇരുവരും ഉത്രയെ മാനസികമായി പീഡിപ്പിച്ചെന്നും ഉപദ്രവിച്ചെന്നും ഉത്രയുടെ കുടുംബം ആരോപണമുന്നയിച്ചിരുന്നു.

🔳കാക്കനാട് ജയിലില്‍ നിന്നും മൂന്ന് വനിതാ തടവുകാര്‍ രക്ഷപെടാന്‍ ശ്രമിച്ചു. മാലിന്യം പുറത്തേക്ക് തള്ളാന്‍ കൊണ്ടുവന്ന സമയത്ത് ഇവര്‍ ജയില്‍ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ഓടി പോകാന്‍ ശ്രമിക്കുകയായിരുന്നു.
മൂന്ന് പേരേയും ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ട് പിടിച്ചു.

🔳രാവിലെ പരീക്ഷ എഴുതാനായി ഭാര്യയെ കോളജില്‍ കൊണ്ടാക്കിയ നവവരനെ വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളൂര്‍ തോട്ടപ്പള്ളി മാലത്ത് റോബിന്‍ (23) ആണ് മരിച്ചത്. 22 ദിവസം മുന്‍പായിരുന്നു പയ്യപ്പാടി സ്വദേശിനിയും ആയി റോബിന്റെ വിവാഹം. പ്രേമ വിവാഹം ആയിരുന്നെന്നും ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നുവെന്നും പൊലീസ് പറഞ്ഞു.

🔳പൗരന്മാരുടെ സ്വകാര്യതയുടെ സംരക്ഷണത്തിന് വേണ്ടിയാണ് നാം ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതെന്ന് കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ്. അതൊരു ഡിജിറ്റല്‍ സ്‌ട്രൈക്ക് ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്കാര്‍ക്ക് സ്വന്തം ആപ്പുകളുമായി മുന്നോട്ടുവരാനുളള വലിയൊരു അവസരമാണ് ഒരുങ്ങിയിരിക്കുന്നതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു

🔳മധ്യപ്രദേശില്‍ മന്ത്രിസഭ വികസിപ്പിച്ചു. ആകെ 28 എംഎല്‍എമാരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തതത്. ഇതില്‍ 12 പേരും ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പമെത്തിയവരാണ്. സിന്ധ്യയ്‌ക്കൊപ്പമെത്തിയവരെ മന്ത്രിസഭയില്‍ ഉള്‍ക്കൊള്ളിക്കുന്നതിനെതിരെ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കിടയില്‍ അതൃപ്തിയുണ്ട്. സംസ്ഥാനത്തെ പല മുതിര്‍ന്ന നേതാക്കളെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നത് നല്ല ആശയമല്ലെന്ന് ബിജെപി നേതാവായ ഗോപാല്‍ ഭാര്‍ഗവ. 

🔳സുരക്ഷാ വിഷയം മുന്‍നിര്‍ത്തി ഇന്ത്യ 59 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ച നടപടിയെ പുകഴ്ത്തി യുഎസ്. ചൈനയുടെ അതിക്രമത്തിനെത്തുടര്‍ന്നു തകര്‍ന്നുപോകില്ലെന്ന് ഇന്ത്യ ഈ നീക്കത്തിലൂടെ വ്യക്തമാക്കിയിരിക്കുകയാണെന്ന് യുഎസിന്റെ മുന്‍ അംബാസഡര്‍ നിക്കി ഹാലെ.

🔳20 വര്‍ഷത്തിലധികമായി റഷ്യ ഭരിക്കുന്ന വ്ലാദിമിര്‍ പുടിന് 2036 വരെ ഭരണത്തില്‍ തുടരാമെന്ന് ജനവിധി. പുടിന് അധികാരത്തില്‍ തുടരാന്‍ അനുവദിക്കുന്ന ഭരണഘടന ഭേദഗതിക്ക് റഷ്യന്‍ വോട്ടര്‍മാര്‍ അംഗീകാരം നല്‍കി. നിലവിലെ പ്രസിഡന്റ് സ്ഥാനം 2024 വരെയാണുള്ളത്. ആറുവര്‍ഷം വീതമുള്ള രണ്ടുതവണ കൂടി ലക്ഷ്യമിട്ടാണ് ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്.

🔳ആഫ്രിക്കന്‍ രാജ്യമായ ബോട്സ്വാനയില്‍ രണ്ട് മാസത്തിനിടെ ചരിഞ്ഞത് 350 കാട്ടാനകള്‍. വേട്ടയ്ക്കിടെ കൊല്ലപ്പെട്ടതിന്റെ ലക്ഷണങ്ങളോ പരിക്കുകളോ ആനകളുടെ ജഡങ്ങളില്‍ കണ്ടെത്താനായില്ല. ആനകളുടെ ജഡത്തില്‍നിന്ന് കൊമ്പുകളും നഷ്ടപ്പെട്ടിട്ടില്ല. അസുഖം മൂലമാകാം ആനകളുടെ മരണമെങ്കില്‍ അവ മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതയും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

🔳2011-ലെ ലോകകപ്പ് ഫൈനല്‍ ഒത്തുകളി ആരോപണവുമായി ബന്ധപ്പെട്ട് ലോകകപ്പില്‍ ശ്രീലങ്കയെ നയിച്ച മുന്‍ താരം കുമാര്‍ സംഗക്കാരയുടെ മൊഴി രേഖപ്പെടുത്തി. നേരത്തെ ശ്രീലങ്കന്‍ ബാറ്റ്സ്മാന്‍ ഉപുള്‍ തരംഗയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. കൊളംബോയിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫീസിലേക്ക് വിളിപ്പിച്ച താരത്തെ രണ്ടു മണിക്കൂറോളമാണ് ചോദ്യം ചെയ്തത്.അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പോലീസ് സംഘം മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ അരവിന്ദ ഡിസില്‍വയെ ചോദ്യം ചെയ്തിരുന്നു.

🔳ജൂണ്‍ മാസത്തിലെ ചരക്ക് സേവന നികുതി വരുമാനം 90,917 കോടി രൂപ.  തുടര്‍ച്ചയായ മൂന്നാം മാസവും വരുമാനത്തില്‍ ഇവിടുണ്ടായി. എന്നാല്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ചുള്ള കണക്കുകളില്‍ ജൂണില്‍ 9.02 ശതമാനം മാത്രമാണ് ഇടിവുണ്ടായത്. മെയില്‍ 38.17 ശതമാനവും ഏപ്രിലില്‍ 71.63 ശതമാനവുമായിരുന്നു ഇടിവ്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ വരുമാന ഇടിവ് 70 ശതമാനമാണ്.

🔳രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ വോഡഫോണ്‍ ഐഡിയ, മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 73,878 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തി. ഒരു ഇന്ത്യന്‍ സ്ഥാപനം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന അറ്റനഷ്ടമാണിത്. നിയമപരമായ കുടിശ്ശിക കണക്കാക്കുന്നതില്‍ ടെലികോം ഇതര വരുമാനം ഉള്‍പ്പെടുത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിനെത്തുടര്‍ന്ന് 51,400 കോടി രൂപ കുടിശ്ശിക ടെലികോം കമ്പനി നല്‍കേണ്ടി വന്നിരുന്നു. ഇതാണ് നഷ്ടക്കണക്ക് വര്‍ധിപ്പിച്ചത്.

🔳ദൃശ്യം 2 ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ആദ്യ ഷെഡ്യൂള്‍ ഓഗസ്റ്റ് 17ന് തൊടുപുഴയിലാണ്. ജീത്തു ജോസഫ് തന്നെ എഴുതി സംവിധാനം ചെയ്യുന്നതാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും. ലോക്ഡൗണിനു ശേഷം തുടര്‍ച്ചയായി 60 ദിവസം കൊണ്ടു കേരളത്തില്‍ ചിത്രീകരിച്ചു പൂര്‍ത്തിയാക്കുന്ന വിധത്തിലാണു സിനിമ.

🔳അഭിഷേക് ബച്ചനും നിത്യാ മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ബ്രീത്ത് രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. മായങ്ക് ശര്‍മ്മയാണ് സംവിധാനം ചെയ്തിരിക്കുന്നത്.അമിത് സാഥ്,സയ്യാമി ഖേര്‍ തുടങ്ങിയവരും വെബ്‌സീരിസില്‍ വേഷമിടുന്നു. ഭവാനി അയ്യര്‍, വിക്രം തുളി, അര്‍ഷാദ് സയ്യിദ്, മായങ്ക് ശര്‍മ്മ എന്നിവരാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. അഭിഷേക് ബച്ചന്റെ ആദ്യ വെബ് സീരിസ് കൂടിയാണിത്. ബ്രീത്തിന്റെ ആദ്യ ഭാഗത്തില്‍ മാധവനായിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്.

🔳ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുക്കാട്ടിയുടെ ബൈക്ക് ശ്രേണിയിലെ പുത്തന്‍ താരോദയമാണ് സൂപ്പര്‍ലെജ്ജെറ വി4. ഈ വര്‍ഷം ആഗോള വിപണിയിലെത്തിയ ഡ്യുക്കാട്ടി സൂപ്പര്‍ലെജ്ജെറ വി4-ന് ഏകദേശം 76 ലക്ഷം രൂപയാണ് വില. ആകെ 500 എണ്ണം സൂപ്പര്‍ലെജ്ജെറ വി4 യൂണിറ്റുകള്‍ മാത്രമേ നിര്‍മിക്കാന്‍ ഡ്യുക്കാട്ടിയ്ക്ക് പദ്ധതിയുള്ളൂ. 500 യൂണിറ്റുകള്‍ക്കും പ്രത്യേക ക്രമ നമ്പറുണ്ടാകും.

Exit mobile version