Saturday, November 23, 2024
HomeNewsസായാഹ്‌ന വാർത്തകൾ*2021 | നവംബർ 20 | 1197 | വൃശ്ചികം 5 |...

സായാഹ്‌ന വാർത്തകൾ*2021 | നവംബർ 20 | 1197 | വൃശ്ചികം 5 | ശനി | രോഹിണി

*

🔳കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സമരത്തിന്റെ ഭാവി തീരുമാനിക്കാനുള്ള ചര്‍ച്ചകളിലേക്ക് കടന്ന് കര്‍ഷക സംഘടനകള്‍. കിസാന്‍ കോര്‍ഡിനേഷന്‍ കമ്മറ്റി യോഗം സിംഘുവില്‍ ചേര്‍ന്നു. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നിര്‍ണായക യോഗം നാളെ ചേരും. മിനിമം താങ്ങ് വിലയില്‍ നിയമപരമായ ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കേണ്ടതില്ലെന്നാണ് കര്‍ഷക സംഘടനകള്‍ക്കിടയിലെ ധാരണ. സമരം പൂര്‍ണ്ണ വിജയമാകണമെങ്കില്‍ ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണം. അതുവരെ ദില്ലി അതിര്‍ത്തിയില്‍ റോഡ് ഉപരോധിച്ചുള്ള സമരത്തില്‍ അയവ് വരുത്തേണ്ടതില്ലെന്ന് ധാരണയായിട്ടുണ്ട്. നാളെ സിംഘുവില്‍ ചേരുന്ന സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തില്‍ നിര്‍ണ്ണായക തീരുമാനമുണ്ടാകും.

🔳കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം നേരത്തെ തന്നെ എടുത്തിരുന്നെങ്കില്‍ നിരപരാധികളായ നിരവധി കര്‍ഷകരുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി. കര്‍ഷക സമരത്തിനിടെ ജീവന്‍ ത്യജിക്കപ്പെട്ട കര്‍ഷകരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും വരുണ്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. പ്രതിഷേധക്കാര്‍ക്കെതിരേ രാഷ്ട്രീയപ്രേരിതമായി എടുത്ത കേസുകള്‍ പിന്‍വലിക്കുക, ലഖിംപുര്‍ സംഭവത്തില്‍ കുറ്റാരോപിതനായ കേന്ദ്രമന്ത്രിക്കെതിരെ നടപടി എടുക്കുക, മിനിമം താങ്ങുവില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും വരുണ്‍ ഗാന്ധി ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ വിമര്‍ശകനാണ് പിലിഭിത്ത് എംപിയായ വരുണ്‍ ഗാന്ധി.

🔳യുപിയിലെ ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലയില്‍ ആരോപണവിധേയനായ കേന്ദ്രമന്ത്രി അജയ് മിശ്രയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്താക്കണമെന്ന് പ്രിയങ്ക ഗാന്ധി. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്ക് പ്രിയങ്ക ഗാന്ധി തുറന്ന കത്തെഴുതി. അജയ് മിശ്രയുമായി പ്രധാനമന്ത്രി വേദി പങ്കിടരുതെന്നും ഇത് പ്രധാനമന്ത്രിയുടെ ധാര്‍മികമായ ഉത്തരവാദിത്തമാണെന്നും നീതി ഉറപ്പുവരുത്തണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. നീതിക്കായുള്ള പോരാട്ടത്തെ ബിജെപി അട്ടിമറിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു.

🔳രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയിലധികമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. 2023-24 ഓടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 200-ല്‍ അധികമാക്കാനാണ് പദ്ധതി. സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും സഹകരണത്തില്‍ ഓരോ ജില്ലയിലും ഒരു ഹെലിപോര്‍ട്ട് എങ്കിലും സ്ഥാപിക്കാന്‍ കേന്ദ്രം പദ്ധതിയിടുന്നതായും വ്യോമയാന മേഖലയുടെ ചുമതലയുള്ള സംസ്ഥാന മന്ത്രിമാരുടെ യോഗത്തില്‍ ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

🔳മുന്നാക്ക സംവരണം കൊണ്ടുവന്നത് നിലവിലെ സംവരണം അട്ടിമറിക്കാനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംവരണേതര വിഭാഗത്തില്‍ ഒരു വിഭാഗം ദരിദ്രരാണെന്നാണ് മുഖ്യമന്ത്രിയുടെ ഓര്‍മ്മപ്പെടുത്തല്‍. ചിലര്‍ അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വിവരശേഖരണത്തിനായുള്ള സാമ്പത്തിക സര്‍വ്വേ നടപടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഇപ്പോള്‍ എല്ലാവര്‍ക്കും ജീവിത യോഗ്യമായ സാഹചര്യം ഉണ്ടാക്കുകയാണ് പ്രധാനമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നിലവില്‍ അതില്ല, അതിന് കാരണം വ്യവസ്ഥിതിയാണെന്നും ഇത്തരം അവസ്ഥയ്ക്ക് അറുതി വരുത്താന്‍ യോജിച്ച പോരാട്ടം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

🔳കേന്ദ്രം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് രാഷ്ട്രത്തിന് വേണ്ടിയാണെന്ന് സുരേഷ് ഗോപി എംപി. കര്‍ഷകര്‍ക്ക് മുമ്പില്‍ കേന്ദ്രം മുട്ട് മടക്കി, മുട്ട് മടക്കിച്ചു എന്ന വാദം ബാലിശമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷയെ സംബന്ധിക്കുന്ന റിപ്പോര്‍ട്ടുകള്‍ കോണ്‍ഗ്രസ് അടക്കമുള്ള പഞ്ചാബിലെ പ്രതിനിധികള്‍ പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ ആയിരിക്കാം ഇത്തരത്തില്‍ ഒരു തീരുമാനം കൈകൊണ്ടതെന്നും അതേസമയം കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് വേണ്ടിയായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

🔳ബസ് ചാര്‍ജ് വര്‍ധനയില്‍ ബസ് ഉടമകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും. വൈകീട്ട് നാലരയ്ക്ക് തിരുവനന്തപുരത്ത് വച്ചാണ് ചര്‍ച്ച. കഴിഞ്ഞ തവണത്തെ ചര്‍ച്ചയില്‍ നിരക്ക് കൂട്ടുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. സ്വകാര്യ ബസ് ഉടമകള്‍ സമരത്തില്‍ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ ചാര്‍ജ് വര്‍ധനയെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയിരുന്നു. മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങള്‍. ഇതില്‍ ചാര്‍ജ് വര്‍ധനക്ക് ഇടതുമുന്നണിയോഗത്തില്‍ ധാരണയായിരുന്നു

🔳കുഞ്ഞിനെ അനധികൃതമായി ദത്തു നല്‍കിയെന്ന അനുപമ എസ്.ചന്ദ്രന്റെ പരാതിയുമായി ബന്ധപ്പെട്ട കേസില്‍ ആന്ധ്രയിലുള്ള കുഞ്ഞിനെ തിരിച്ചെത്തിക്കാന്‍ പോലീസ് സംഘം പുറപ്പെട്ടു. മൂന്ന് പോലീസ് ഉദ്യോഗസ്ഥരും ഒരു ശിശുക്ഷേമ സമിതി അംഗവുമാണ് സംഘത്തിലുള്ളത്. നിലവില്‍ ആന്ധ്ര സ്വദേശികളായ ദമ്പതികള്‍ക്ക് ഒപ്പമാണ് കുഞ്ഞ് കഴിയുന്നത്.🔳

ദത്തുകേസില്‍ ശിശുക്ഷേമ സമിതിയെ വിമര്‍ശിച്ച് തിരുവനന്തപുരം കുടുംബ കോടതി. ദത്ത് ലൈസന്‍സിന്റെ വ്യക്തമായ വിവരങ്ങള്‍ ശിശുക്ഷേമ സമിതി നല്‍കിയില്ലെന്നും ലൈസന്‍സില്‍ വ്യക്തത വേണമെന്നും കോടതി അറിയിച്ചു. ലൈസന്‍സ് നീട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു. അന്വേഷണം അവസാനഘട്ടത്തിലാണെന്നും അന്വേഷണം പൂര്‍ത്തിയാക്കാന്‍ 30 വരെ സമയം വേണമെന്നും ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു

.🔳കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍. കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാന്‍ എംപാനല്‍ഡ് ചെയ്ത കര്‍ഷകര്‍ക്ക് അനുമതിനല്‍കിയിട്ടും ശല്യം രൂക്ഷമായി തുടരുന്നതിനാലാണിത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 1200ഓളം കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. എന്നാല്‍ അത് കൊണ്ടൊന്നും പ്രശ്നം അവസാനിക്കുന്നില്ലെന്നും ദിനംപ്രതി ഒട്ടും പ്രതീക്ഷിക്കാത്ത നഗര മേഖലകളില്‍ കൂടി കാട്ടു പന്നികള്‍ വന്ന് മനുഷ്യരെ ആക്രമിക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

🔳റേഷന്‍ കട വഴിയുള്ള ഭക്ഷ്യകിറ്റിന്റെ കാര്യത്തില്‍ നിലപാട് തിരുത്തി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കിറ്റ് വിതരണം എന്നന്നേക്കുമായി നിര്‍ത്തിയെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് ജി ആര്‍ അനില്‍ വ്യക്തമാക്കി. അവശ്യ സമയം വന്നാല്‍ കിറ്റ് വീണ്ടും നല്‍കുമെന്നാണ് ഭക്ഷ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. തെരഞ്ഞെടുത്ത റേഷന്‍ കടകളില്‍ മറ്റു ഭക്ഷ്യ വസ്തുക്കളും നല്‍കുന്ന പദ്ധതി നടപ്പാക്കുമെന്നും ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

🔳മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141 അടിക്ക് മുകളിലെത്തി. ഒരു ഷട്ടര്‍കൂടി രാവിലെ ആറ് മണിക്ക് ഉയര്‍ത്തി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ഉയര്‍ന്നു. 2399.88 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്.

🔳മഴ മാറിയതോടെ ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി. നിലയ്ക്കലില്‍ നിന്നും സന്നിധാനത്തേക്ക് ഘട്ടം ഘട്ടമായാണ് ഭക്തരെ കയറ്റിവിടുന്നത്. ശബരിമല വനത്തിനുള്ളിലും കിഴക്കന്‍ മലയോര മേഖലയിലും മഴ നിര്‍ത്താതെ പെയ്തതോടെയാണ് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കക്കി, ആനത്തോട്, മൂഴിയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകകള്‍ ഉയര്‍ത്തിയതോടെ പമ്പ ത്രിവേണിയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നതും ആശങ്കയുണ്ടാക്കി. ഇന്നലെ രാത്രിയിലും പുലര്‍ച്ചയുമായി മുന്‍കുട്ടി ബുക്ക് ചെയ്ത് ശബരിമലയിലേക്ക് എത്തിയ ഭക്തരെ നിലയ്ക്കല്‍ നിന്നും പമ്പയിലേക്ക് കടത്തിവിട്ടില്ല. അയ്യായിരത്തോളം തീര്‍ത്ഥാടകരാണ് നിലയ്ക്കലില്‍ ക്യാമ്പ് ചെയ്തത്. രാവിലെ കാലാവസ്ഥ അനുകൂലമായതോടെയാണ് നിയന്ത്രണങ്ങള്‍ നീക്കിയത്. ഒന്‍പത് മണി മുതലാണ് പമ്പയിലെത്തിയ തീര്‍ത്ഥാടകരെ സന്നിധാനത്തക്ക് കയറ്റി വിട്ടത്.

🔳പാലക്കാട് മമ്പറത്ത് ഭാര്യയുടെ മുന്നിലിട്ട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്താന്‍ കാരണം രാഷ്ട്രീയവിരോധം തന്നെയെന്ന് പൊലീസിന്റെ പ്രഥമ വിവരറിപ്പോര്‍ട്ട്. കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്നാണ് ബിജെപിയുടെ ആരോപണം. മമ്പറം പുതുഗ്രാമത്ത് വച്ച് രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ കൊലപാതകം നടന്നുവെന്നാണ് എഫ്ഐആര്‍ പറയുന്നത്. എന്നാല്‍ എന്താണ് കൃത്യം കൊലപാതകകാരണമെന്ന് എഫ്ഐആറില്‍ ഇപ്പോള്‍ വ്യക്തമാക്കിയിട്ടില്ല. പ്രതികളുടെ പേരുകളും എഫ്ഐആറിലില്ല.

🔳തുണിത്തരങ്ങള്‍, ചെരുപ്പ് എന്നിവയുടെ ചരക്ക് സേവന നികുതി അഞ്ച് ശതമാനത്തില്‍നിന്ന് 12ശതമാനമായി വര്‍ധിപ്പിച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ തുണിത്തരങ്ങള്‍ക്കും ചെരുപ്പിനും ജനുവരി മുതല്‍ വിലകൂടും.🔳ആന്ധ്രയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 27 ആയി. ആനന്തപൂരില്‍ കെട്ടിടം തകര്‍ന്ന് രണ്ട് കുട്ടികളടക്കം നാല് പേര്‍ മരിച്ചു. ചിറ്റൂരില്‍ ഒഴുക്കില്‍പ്പെട്ട് ഏഴ് പേര്‍ മരിച്ചു. നന്തല്ലൂരില്‍ 25 പേരെ കാണാതായി. കഡപ്പയില്‍ ബസുകള്‍ ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 18 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ദേശീയ ദുരന്ത പ്രതികരണ സേനയുടെ കൂടുതല്‍ അംഗങ്ങളെ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചു.

.🔳ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. തിരുപ്പതി ക്ഷേത്രപരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. മണ്ണിടിച്ചിലില്‍ റോഡ് തകര്‍ന്നതോടെ തിരുപ്പതിയിലേക്കുള്ള സന്ദര്‍ശനം തല്‍ക്കാലത്തേക്ക് വിലക്കി. ഉപക്ഷേത്രങ്ങളില്‍ പലതും വെള്ളത്തിനടിയിലാണ്. തിരുപ്പതി ക്ഷേത്രത്തിന് സമീപത്തുള്ള നാല് തെരുവുകളും വെള്ളത്തിലാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ നൂറ് കണക്കിന് തീര്‍ത്ഥാടകരാണ് കുടുങ്ങിയിരിക്കുന്നത്. ഹോട്ടലുകളിലും വഴിയിലും ഒറ്റപ്പെട്ട തീര്‍ത്ഥാടകരെ സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി.

🔳അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 52-ാം പതിപ്പിന് ഗോവയില്‍ ഇന്ന് തുടക്കം. വൈകീട്ട് ഏഴിന് ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിക്കും. ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, രണ്‍വീര്‍ സിങ്, ശ്രദ്ധ കപൂര്‍ തുടങ്ങിയവര്‍ വേദിയിലുണ്ടാകും. കരണ്‍ ജോഹറും മനീഷ് പോളുമാണ് അവതാരകര്‍.

🔳ഭാര്യക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് സഭയില്‍ നിന്നിറങ്ങിപ്പോയ ചന്ദ്രബാബു നായിഡുവിന്റെ നടപടിയില്‍ പ്രതികരിച്ച് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. നായിഡു എത്രമാത്രം നിരാശനാണെന്ന് സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അറിയാമെന്ന് റെഡ്ഡി പരിഹസിച്ചു. മാത്രമല്ല, നായിഡു എന്താണ് ചെയ്യുന്നതെന്നും പറയുന്നതെന്നും തനിക്ക് മനസ്സിലാകുന്നില്ലെന്നും പ്രതികരിച്ചു. പരസ്പര ബന്ധമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് നായിഡു നിയമസഭയിലെ അംഗങ്ങളെ പ്രകോപിപ്പിച്ചുവെന്നും അംഗങ്ങള്‍ തിരിച്ച് പ്രതികരിച്ചപ്പോള്‍ അദ്ദേഹം ഇങ്ങനെ പെരുമാറുന്നുവെന്നും റെഡ്ഡി പറഞ്ഞു.🔳.

അന്താരാഷ്ട്ര ടി20 റണ്‍വേട്ടയില്‍ ഇന്ത്യന്‍ താരം വിരാട് കോലിയെ മറികടന്ന് ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റില്‍. 3227 റണ്‍സെടുത്ത വിരാട് കോലിയെ പിന്തള്ളിയാണ് ഗുപ്റ്റില്‍ ഒന്നാമതെത്തിയത്. റാഞ്ചിയില്‍ നടന്ന രണ്ടാം ടി20 മത്സരത്തില്‍ 31 റണ്‍സെടുത്ത ഗുപ്റ്റിലിന് ഇപ്പോള്‍ 3248 റണ്‍സാണുള്ളത്. റണ്‍വേട്ടയില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയാണ് മൂന്നാം സ്ഥാനത്ത്.

🔳വരുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കണമെങ്കില്‍ നൊവാക് ജോക്കോവിച്ചടക്കമുള്ള ടെന്നീസ് താരങ്ങളെല്ലാം തന്നെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ ക്രെയ്ഗ് ടൈലി. മെല്‍ബണില്‍ ജോക്കോവിച്ച് കളിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ടെന്നും അതിനായി അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നും ടൈലി വ്യക്തമാക്കി. വാക്‌സിന്‍ സ്വീകരിക്കാത്ത കളിക്കാര്‍ക്ക് യാതൊരുവിധ ഇളവുകളും ഉണ്ടായിരിക്കില്ലെന്ന് വിക്ടോറിയ പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്രൂസ് വ്യക്തമാക്കുകയും ചെയ്തു.

🔳ചൈനീസ് മുന്‍ ഉപപ്രധാനമന്ത്രി സാങ് ഗാവൊലിക്കെതിരായ ലൈംഗികാതിക്രമ ആരോപണങ്ങള്‍ക്ക് പിന്നാലെ അപ്രത്യക്ഷയായ ടെന്നീസ് താരം പെങ് ഷുവായി എവിടെ എന്ന ചോദ്യവുമായി ലോകം. മുപ്പത്തിയഞ്ചുകാരിയായ പെങ് ഷുവായി എവിടെ എന്ന ചോദ്യവുമായി യുഎന്നും യുഎസും നിരവധി കായിക താരങ്ങളും രംഗത്തെത്തി. എന്നാല്‍ സാങ് ഗാവൊലിക്കെതിരായ ലൈംഗിക ആരോപണത്തെ കുറിച്ചും പെങ്ങിന്റെ തിരോധാനത്തെ കുറിച്ചും അറിയില്ല എന്നാണ് ചൈനയുടെ പ്രതികരണം. സിഎന്‍എന്‍ ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പെങ് ജീവിച്ചിരിക്കുന്നതിന് തെളിവ് പുറത്തുവിടണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടപ്പോള്‍ ആരോപണങ്ങളില്‍ സുതാര്യമായ അന്വേഷണം വേണമെന്നാണ് യുഎന്നിന്റെ ആവശ്യം.🔳

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 25 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4575രൂപയായി. പവന് 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് 36,600 രൂപയായി. ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ ആഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണം എത്തിയിരുന്നു. പിന്നാലെ പവന് 200 രൂപ കുറയുകയും ചെയ്തു. ഇതിന് പിന്നാലെ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയതിന് ശേഷമാണ് ഇന്ന് വീണ്ടും വില കുറഞ്ഞത്.

🔳തുണിത്തരങ്ങള്‍, ചെരുപ്പ് എന്നിവയുടെ ചരക്ക് സേവന നികുതി(ജിഎസ്ടി)അഞ്ച് ശതമാനത്തില്‍നിന്ന് 12ശതമാനമായി വര്‍ധിപ്പിച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ്(സിബിഐസി)ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ വസ്ത്രങ്ങള്‍ക്ക് ജനുവരി മുതല്‍ വിലകൂടും. നിലവില്‍ 1000 രൂപവരെയുള്ള തുണിത്തരങ്ങള്‍ക്ക് അഞ്ച് ശതമാനമായിന്നു നികുതി ചുമത്തിയിരുന്നത്. വിലവ്യത്യാസമില്ലാതെ ചെരുപ്പുകളുടെ ജിഎസ്ടിയും അഞ്ചില്‍നിന്ന് 12ശതമാനമാക്കിയിട്ടുണ്ട്.

🔳സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിന്‍ രഞ്ജി പണിക്കര്‍ ഒരുക്കുന്ന കാവല്‍ നവംബര്‍ 25ന് തിയറ്ററിലെത്തും. കേരളത്തില്‍ മാത്രം 220 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. രണ്‍ജി പണിക്കരും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ആക്ഷന്‍ ക്രൈം ത്രില്ലറാണ് ‘കാവല്‍’.സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍,ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് എന്നിവരും ചിത്രത്തിലുണ്ട്.🔳

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ഭീമന്റെ വഴി എന്ന സിനിമയിലെ ആദ്യഗാനം പുറത്തിറങ്ങി. ഒരുത്തി എന്ന് പേരിട്ടിരിക്കുന്ന പ്രണയ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. നായാട്ടിന് ശേഷം വിഷ്ണു വിജയ് സംഗീതവും ഹലാല്‍ ലൗ സ്റ്റോറിക്ക് ശേഷം മുഹ്സിന്‍ പരാരി വരികളും കൈകാര്യം ചെയ്യുന്ന ഗാനമാണ് ഒരുത്തി. വിഷ്ണു വിജയ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ് തിരക്കഥ രചിക്കുന്ന ഭീമന്റെ വഴി സംവിധാനം ചെയ്യുന്നത് അഷ്രഫ് ഹംസയാണ്.

🔳ടാറ്റ മോട്ടോഴ്‌സ് അള്‍ട്രോസ് ഹാച്ച്ബാക്കിന്റെ പുതിയ എന്‍ട്രി ലെവല്‍ എക്സ് ഇ+ ട്രിം അവതരിപ്പിച്ചതായി റിപ്പോര്‍ട്ട്. 6.35 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് വാഹനം എത്തുന്നത്. പുതിയ ട്രിം ലെവല്‍ എക്സ് എം ട്രിമ്മിനെ മാറ്റിസ്ഥാപിക്കുകയും ബേസ് എക്സ് ഇ ട്രിമ്മിന് മുകളില്‍ ഒരെണ്ണം കൂടി ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. പുതിയ എക്സ് ഇ+ ട്രിം നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ (6.35 ലക്ഷം രൂപ), ടര്‍ബോ-ഡീസല്‍ എഞ്ചിനുകള്‍ (7.55 ലക്ഷം രൂപ) എന്നിവയില്‍ ലഭ്യമാണ്. എക്സ് ഇ പെട്രോള്‍, ഡീസല്‍ എന്നിവയേക്കാള്‍ യഥാക്രമം 45,000 രൂപയും 50,000 രൂപയുമാണ് ഇതിന്റെ വില.

🔳അനശ്വര പ്രണയത്തിന്റെ ഇതിഹാസ കാവ്യമായി മലയാളികള്‍ സ്വകാര്യമായി നെഞ്ചേറ്റിയ ‘നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം’. എന്ന നോവലിന്റെ ഏറ്റവും പുതിയ പതിപ്പ്. റീത്താമ്മവിയുടെ റോസ് കോട്ടേജും ആന്റണിയും ജോണിക്കുട്ടിയും പെരിവിങ്കിളിലെ സോഫിയും എലിസബത്തും ആന്റണി പൈലോക്കാരനും ഈ കാല്പനികഭംഗിയില്‍ തലയെടുപ്പോടെ നില്‍ക്കുന്നു. നോവല്‍സാഹിത്യ ശാഖയിലെ സൂപ്പര്‍ഹിറ്റായി മാറിയ കെ കെ സുധാകരന്റെ പ്രണയകൃതി. മാക്സ ബുക്സ്. വില 150 രൂപ.

🔳പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ശരീര ദുര്‍ഗന്ധം. എത്ര പെര്‍ഫ്യൂം പൂശിയാലും എത്ര തവണ കുളിച്ചാലും അമിതവിയര്‍പ്പും അസഹ്യമായ ഗന്ധവും പലരെയും വേട്ടയാടുന്നുണ്ട്. ഇത്തരത്തില്‍ ശരീര ദുര്‍ഗന്ധം ഉണ്ടാകാന്‍ പല കാരണങ്ങളും ഉണ്ട്. ചില മരുന്നുകള്‍ കഴിക്കുമ്പോള്‍ വിയര്‍പ്പ് നാറ്റം കൂടാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ വിയര്‍പ്പ് നാറ്റം അസഹ്യമാവുന്നതിന് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ചികിത്സ നേടാം. വിയര്‍ക്കുന്നത് ഒഴിവാക്കാനാകില്ലെങ്കിലും ശരീര ദുര്‍ഗന്ധം അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില കാര്യങ്ങളുണ്ട്. മഞ്ഞള്‍ അരച്ച് ദേഹത്ത് പുരട്ടി കുളിക്കുക. ആഴ്ചയിലൊരു തവണയെങ്കിലും മഞ്ഞള്‍ തേച്ച് കുളി ശീലമാക്കിയാല്‍ അമിത വിയര്‍പ്പ് ഗന്ധം നിയന്ത്രിക്കാം. ചന്ദനം അരച്ച് ശരീരത്തില്‍ പുരട്ടി കുളിക്കുന്നതും വിയര്‍പ്പിന്റെ ഗന്ധം പോകാന്‍ ഏറെ നല്ലതാണ്. ഇത് ശരീരത്തിലെ വിയര്‍പ്പ് വലിച്ചെടുക്കുന്നതിനൊപ്പം ഫംഗസ് ബാധയ്ക്കുള്ള സാധ്യതയും കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സോഡാക്കാരം അഥവാ ബേക്കിംങ് സോഡ ശരീരദുര്‍ഗന്ധം അകറ്റാന്‍ വളരെ ഗുണം ചെയ്യും. അതിനാല്‍ ബേക്കിംങ് സോഡ പേസ്റ്റ് രൂപത്തിലാക്കി, ശരീരം കൂടുതല്‍ വിയര്‍ക്കുന്ന ഭാഗങ്ങളില്‍ പുരട്ടുക. റോസ് വാട്ടര്‍ ഒഴിച്ച് കുളിക്കുന്നത് ദുര്‍ഗന്ധം ഒഴിവാക്കാന്‍ നല്ലതാണ്. വെള്ളത്തില്‍ നാരങ്ങാനീരും റോസ് വാട്ടറും ചേര്‍ത്ത് കുളിക്കുന്നത് തലമുടിയിലെ ദുര്‍ഗന്ധം അകറ്റാനും സഹായിക്കും.*ഇന്നത്തെ വിനിമയ നിരക്ക്*ഡോളര്‍ – 74.31, പൗണ്ട് – 99.91, യൂറോ – 83.86, സ്വിസ് ഫ്രാങ്ക് – 80.03, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.79, ബഹറിന്‍ ദിനാര്‍ – 197.05, കുവൈത്ത് ദിനാര്‍ -245.50, ഒമാനി റിയാല്‍ – 192.96, സൗദി റിയാല്‍ – 19.81, യു.എ.ഇ ദിര്‍ഹം – 20.23, ഖത്തര്‍ റിയാല്‍ – 20.41, കനേഡിയന്‍ ഡോളര്‍ – 58.78.➖➖➖➖➖➖➖➖

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments