Pravasimalayaly

സായ് പല്ലവിയുടെ പിറന്നാള്‍ ആഘോഷം ടൊവിനോയ്ക്കും ധനുഷിനുമൊപ്പം

മലയാളത്തിലെ ‘പ്രേമ’ത്തിലൂടെ സിനിമയിലെത്തി ഇപ്പോള്‍ തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികയായി മാറിയ സായ് പല്ലവിയുടെ പിറന്നാളാണിന്ന്. ഇപ്പോള്‍ അവര്‍ അഭിനയിച്ചു വരുന്ന ‘മാരി 2’ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ ആയിരുന്നു പല്ലവിയുടെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷം.

ചിത്രത്തിന്‍റെ സംവിധായകന്‍ ബാലാജി മോഹന്‍, നായകന്‍ ധനുഷ്, വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടൊവിനോ തോമസ്‌, ആക്ഷന്‍ സംവിധായകന്‍ സ്റ്റണ്ട് സില്‍വ എന്നിവര്‍ ചേര്‍ന്നാണ് പല്ലവിയ്ക്കായി ഒരു ‘തറ ലോക്കല്‍’ പിറന്നാള്‍ ആഘോഷമൊരുക്കിയത്. ‘മാരി’ എന്ന ചിത്രത്തിലെ അനിരുദ്ധ് രവി ചന്ദര്‍ ഈണം പകര്‍ന്ന സൂപ്പര്‍ ഹിറ്റ്ഗാനമാണ് ‘തറ ലോക്കല്‍’ എന്നത്. മാരിയുടെ രണ്ടാം ഭാഗമാണ് ഇപ്പോള്‍ ചിത്രീകരിച്ചു വരുന്നത്.

മലയാളത്തിന്‍റെ യുവ താരം ടൊവിനോ തോമസ്‌ തമിഴകത്ത് സ്ഥാനം ഉറപ്പിക്കാനൊരുങ്ങുന്ന ചിത്രം കൂടിയാണ് ‘മാരി 2.’ അല്‍പ്പം മുന്നോട്ട് നീണ്ട, കൂര്‍ത്ത താടിയും നെറ്റിയിലെ മുറിവും ഒരുവശത്തേക്ക് കോതിയിട്ട മുടിയുമാണ് ടൊവിനോയുടെ ‘മാരി 2’ ലുക്ക് പുറത്തു വന്നപ്പോള്‍ തന്നെ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

Exit mobile version