Pravasimalayaly

സാറ്റ്ലൈറ്റിലൂടെ ഇന്റർനെറ്റ്; 36 ഉപ​ഗ്രഹങ്ങളുമായി ഐഎസ്ആർഒയുടെ എല്‍വിഎം 3 കുതിച്ചുയർന്നു

ഹൈദരാബാദ്: 36 ഉപ​ഗ്രഹങ്ങളുമായി ഐഎസ്ആർഒയുടെ ലോഞ്ച് വെഹിക്കിൾ മാർക്ക് 3 (എല്‍വിഎം 3) വിക്ഷേപിച്ചു. സാറ്റ്ലൈറ്റിലൂടെ ഇന്റർനെറ്റ് ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് വിക്ഷേപണം. ഇന്ന് രാവിലെ ഒൻപത് മണിക്ക് ശ്രീഹരിക്കോട്ടയിൽ സതീഷ് ധവാൻ സ്പേസ് സെന്ററിലായിരുന്നു വിക്ഷേപണം. 

ബ്രിട്ടീഷ് കമ്പനി വൺ വെബിന് വേണ്ടിയുള്ള രണ്ടാം ദൗത്യമാണിത്. ഒക്ടോബര്‍ 23നുനടന്ന ആദ്യ വിക്ഷേപണത്തില്‍ വണ്‍ വെബിന്റെ 36 ഉപഗ്രഹങ്ങളെ ഐഎസ്ആര്‍ഒ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചിരുന്നു.

ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റിന്റെ പരിഷ്‌കൃത രൂപമായ എല്‍വിഎം-3 വണ്‍ വെബിനു വേണ്ടി വാണിജ്യാടിസ്ഥാനത്തില്‍ നടത്തുന്ന രണ്ടാമത്തെ വിക്ഷേപണമാണിത്. 5805 കിലോഗ്രാം വരുന്ന ഉപഗ്രഹങ്ങളെ ഭൂമിയില്‍ നിന്ന് 450 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് എത്തിക്കുക. 

ഭൂസ്ഥിര ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളുടെ ശൃംഖല വിന്യസിച്ച് സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്വകാര്യ സംരംഭങ്ങള്‍ക്കും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനുള്ള ബൃഹദ്പദ്ധതിയാണ് ഇന്ത്യയിലെ ഭാരതി എന്റര്‍പ്രൈസസിന് പങ്കാളിത്തമുള്ള വണ്‍ വെബിന്റേത്. ഇതിനു മുൻപ് നടന്ന 17 ദൗത്യങ്ങളിലൂടെ 582 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വിന്യസിച്ചു കഴിഞ്ഞു. ഇന്നത്തെ വിക്ഷേപണത്തോടെ ഉപഗ്രഹങ്ങളുടെ എണ്ണം 618 ആയി ഉയര്‍ന്നു. 

പദ്ധതിയുടെ ഒന്നാം ഘട്ടം ഇതോടെ പൂര്‍ത്തിയാവുമെന്ന് വൺ വെബ് അധികൃതർ വ്യക്തമാക്കി. ഇതോടെ ഈ വര്‍ഷം തന്നെ ലോക വ്യാപകമായി ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ തുടങ്ങുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Exit mobile version