സമ്മേളനകാലത്ത് സഭയ്ക്കുള്ളില്‍ തട്ടി വീണ മൂന്നാമത്തെ സാമാജിക
തിരുവനന്തുപരം:നിയമസഭയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ സാരിത്തുമ്പില്‍ തട്ടിവീണ് വൈക്കം എം.എല്‍.എ സി.കെ.ആശയ്ക്ക് പരിക്ക്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടിയ ആശയ്ക്ക് ഡോക്ടര്‍മാര്‍ രണ്ടാഴ്ച വിശ്രമം നിര്‍ദ്ദേശിച്ചു. ഇടതുകാലിലെ ലിഗമെന്റിനാണ് പരിക്ക്. ഇന്നലെ ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് ഐ.ബി.സതീഷ് പ്രസംഗിക്കുന്നതിനിടയിലാണ് സംഭവം. തന്റെ മണ്ഡലത്തില്‍ നിന്ന് എത്തിയവരെ കാണാന്‍ പുറത്തേക്ക് ധൃതിയില്‍ ഇറങ്ങുമ്പോഴായിരുന്നു വീഴ്ച. പെട്ടെന്ന് മറ്റ് സാമാജികര്‍ എത്തി ആശയെ പിടിച്ച് എഴുന്നേല്‍പ്പിച്ചു. സീറ്റില്‍ ഇരുത്തിയപ്പോഴേക്കും തലച്ചുറ്റലുണ്ടായി.അതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു. ചെയറിന്റെ നിര്‍ദ്ദേശ പ്രകാരം സഭയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെത്തി പരിശോധിച്ചു. തുടര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സഭാ നടപടികള്‍ അഞ്ചു മിനിട്ടോളം നിലച്ചു. പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം ആശ എം.എല്‍.എ ഹോസ്റ്രലിനോട് ചേര്‍ന്നുള്ള ഫ്‌ളാറ്റില്‍ തിരിച്ചെത്തി. നിയമസഭയുടെ ഈ സമ്മേളനകാലത്ത് സഭയ്ക്കുള്ളില്‍ വീണ മൂന്നാമത്തെ എം.എല്‍.എയാണ് ആശ. പ്രതിപക്ഷ ബഞ്ചിനിടയിലെ വഴിയിലൂടെ പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ മുതിര്‍ന്ന അംഗം സി.കെ.നാണു കാല്‍ തട്ടി വീണതാണ് ആദ്യസംഭവം. പ്രധാന വാതില്‍ വഴി പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിച്ചപ്പോഴാണ് മുന്‍ മന്ത്രികൂടിയായ എസ്.ശര്‍മ്മ വീണത്.