Pravasimalayaly

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും; സിദ്ധിഖിനായി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തകി ഹാജരാകും

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ്മാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുക. 62 ആമത്തെ കേസ് ആയി ആണ് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ലിസ്റ്റ് ചെയ്തിരിക്കുന്നത്.സിദ്ധിഖിനായി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തകി ഹാജറാകും.

സിദ്ദിഖിന് എതിരായ ബലാത്സംഗ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ് പി മെറിന്‍ ജോസഫ് നാളെ ഡല്‍ഹിയില്‍ എത്തും.കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകരുമായി മെറിന്‍ കൂടി കാഴ്ച നടത്തും. മുന്‍ സോളിസിസ്റ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാറിനെ സുപ്രീം കോടതിയില്‍ ഹാജരാക്കാന്‍ ആണ് തീരുമാനം. രഞ്ജിത് കുമാറിനെ കൂടാതെ സീനിയര്‍ വനിത അഭിഭാഷകരില്‍ ആരെയെങ്കിലും കൂടി സുപ്രീം കോടതിയില്‍ ഹാജരാക്കാന്‍ ആലോചിക്കുന്നതായാണ് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

അതേസമയം, ഒളിവില്‍ പോയ സിദ്ദിഖിനെ കണ്ടെത്താന്‍ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവില്‍ പോയത്. ബലാത്സംഗ പരാതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഗുരുതര ആരോപണങ്ങളാണ് സിദ്ദിഖ് ഉന്നയിച്ചിരിക്കുന്നത്. ‘അമ്മ’ സംഘടനയും WCC യും തമ്മില്‍ നടക്കുന്ന തര്‍ക്കത്തിന്റെ ഇരയാണ് താന്‍ എന്ന് സിദ്ദിഖ് പറയുന്നു. ശരിയായ അന്വേഷണം നടത്താതെയാണ് ബലാത്സംഗ കേസില്‍ പ്രതിയാക്കിയതെന്നും ആരോപണമുണ്ട്.

Exit mobile version