തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയില്‍ പ്രതികരിക്കാതെ ഇ.പി. ജയരാജന്‍. സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ മടങ്ങിയ ഇ.പി. കണ്ണൂരിലെ വീട്ടിലുണ്ട്. പെട്ടന്നൊരു പ്രതികരണത്തിന് ഇ.പി. ജയരാജന്‍ തയ്യാറല്ലെന്നാണ് സൂചന. കേന്ദ്രകമ്മിറ്റിയില്‍ നിന്നും ഇപിയെ മാറ്റുമോ എന്ന ചര്‍ച്ചകളും സജീവമാണ്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം പാര്‍ട്ടിയില്‍ നടന്ന തിരുത്തല്‍ ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സൂചിപ്പിച്ചെങ്കിലും പെട്ടന്നൊരു പ്രതികരണത്തിന് ഇ പി തയ്യാറല്ല. മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ കേന്ദ്രകമ്മിറ്റിയില്‍ അച്ചടക്ക നടപടിയുണ്ടാകുമോ എന്ന ചര്‍ച്ചകളും സജീവമാണ്.
ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് പാര്‍ട്ടിയെ അറിയിക്കാതിരുന്നതും വോട്ടെടുപ്പ് ദിവസം വെളിപ്പെടുത്തിയതും വീഴ്ചയാണെന്ന നിലപാടിലാണ് നേതൃത്വം. പദവികള്‍ ഇല്ലാതായതോടെ സജീവ രാഷ്ട്രീയം വിടുന്നതിനെക്കുറിച്ച് ഇ പി ജയരാജന്‍ ആലോചിക്കുന്നുണ്ടെന്നാണ് സൂചന. നേതൃത്വത്തിന് അവധി അപേക്ഷ നല്‍കാനും സാധ്യതയുണ്ട്. ഇ പിയെ നീക്കിയത് മുഖം രക്ഷിക്കാനുള്ള ശ്രമമാണെന്ന നിലപാടിലാണ് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ അറിവോടെയല്ലാതെ ഇപി ബിജെപി നേതാക്കളെ കാണില്ലെന്നും ഇപിയെ ബലിയാടാക്കുന്നുവെന്നുമുള്ള വിമര്‍ശനം പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്.