Pravasimalayaly

സിസ്റ്റർ ലൂസി കളപ്പുരയുടെ അപ്പീൽ വത്തിക്കാൻ തള്ളി: മഠത്തിൽ നിന്നും ഇറങ്ങില്ലെന്ന് സിസ്റ്റർ

വയനാട്: ഫ്രാൻസിസ്‌ക്കൻ സന്യാസി സമൂഹത്തിൽ നിന്നും തന്നെ പുറത്താക്കിയതിനെതിരെ സിസ്റ്റർ ലൂസി കളപ്പുര വത്തിക്കാന് സമർപ്പിച്ചിരുന്ന അപ്പീൽ തള്ളി. സിസ്റ്റർ ലൂസി സഭാചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നും വത്തിക്കാൻ അപ്പീൽ നിരാകരിച്ചു എന്ന് അറിയിച്ചുകൊണ്ടുള്ള കത്തിൽ പറയുന്നു. ഇന്ന് രാവിലെയാണ് കത്ത് ലഭിക്കുന്നത്. തന്റെ വാദം കേൾക്കാതെ അപ്പീൽ നിരാകരിച്ചത് നിർഭാഗ്യകരമാണെന്ന് സിസ്റ്റർ ലൂസി കളപ്പുര പ്രതികരിച്ചു.

തന്റെ ഭാഗം വത്തിക്കാൻ കേൾക്കാൻ തയാറായില്ലെന്നും അങ്ങനെ ചെയ്യാതെ താൻ മഠത്തിൽ നിന്നുമിറങ്ങാൻ തയാറല്ലെന്നും സിസ്റ്റർ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചു. അച്ചടക്ക ലംഘനം കാട്ടിയെന്ന് കാണിച്ച് ഫ്രാൻസിസ്‌ക്കൻ സന്യാസി സഭ സിസ്റ്റർ ലൂസി കളപ്പുരയോട് വിശദീകരണം ചോദിച്ചിരുന്നു. സിസ്റ്റർ വിശദീകരണം നൽകിയിരുന്നുവെങ്കിലും അത് തൃപ്തികരമല്ലെന്ന് കാട്ടിയായിരുന്നു സഭ സിസ്റ്റർ ലൂസിയെ ഓഗസ്റ്റ് ഏഴിന് സന്യാസിനീ സമൂഹത്തിൽ നിന്നും പുറത്താക്കിയത്. സന്യാസിനീ സമൂഹത്തിന്റെ ചട്ടങ്ങൾ ലംഘിച്ചത് കാരണമാണ് സിസ്റ്ററിനെ പുറത്താക്കിയത് എന്നായിരുന്നു സഭയുടെ വിശദീകരണം.

ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തിൽ പങ്കെടുത്തതിനെ തുടർന്നുള്ള മുന്നറിയിപ്പുകൾ അവഗണിച്ചതിനെ തുടർന്നായിരുന്നു സിസ്റ്റർക്കെതിരെയുള്ള നടപടി. മെയ് 11ന് ചേർന്ന ഫ്രാൻസിസ്ക്കൻ സന്യാസിനി സഭയുടെ ജനറൽ കൗൺസിൽ യോഗത്തിലായിരുന്നു പുറത്താക്കാൻ തീരുമാനം ഉണ്ടായത്. എഫ്.സി.സി സന്യാസ സഭയിലെ അംഗമായ സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് പുറത്താക്കപ്പെട്ടാൽ ഒരു അവകാശവും ഉണ്ടാകില്ലെന്നും അതിനാൽ സ്വമേധായാ പുറത്ത് പോകണമെന്നുമായിരുന്നു ലഭിച്ച നിർദ്ദേശം.

Exit mobile version