കൊച്ചി: രാജ്യസഭ സീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ വി.എം സുധീരന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ മിതത്വം പാലിക്കണമെന്ന് പത്മജ വേണുഗോപാല്‍. സുധീരന്‍ പറയുന്നത് സത്യമാണ്. പക്ഷേ ഇപ്പോള്‍ തുറന്നുപറയുന്നത് സൂക്ഷിച്ചുവേണമെന്നും പാര്‍ട്ടിയുടെ അവസ്ഥ അത്രയും മോശമാണെന്നും പത്മജ ചാനല്‍ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.
താന്‍ കെപിസിസി പ്രസിഡന്റ് ആയിരുന്ന കാലത്ത് ഗ്രൂപ്പു മാനേജര്‍മാര്‍ വളഞ്ഞിട്ട് ആക്രമിച്ചെന്നും ആ സമ്മര്‍ദം താങ്ങാനാവാതെയാണ് രാജിവച്ചതെന്നും കെപിസിസി യോഗത്തില്‍ സുധീരന്‍ തുറന്നടിച്ചിരുന്നു. എക്കാലത്തും താന്‍ ഗ്രൂപ്പ് വൈരത്തിന് ഇരയായിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു.
കഴിവുള്ള പ്രവര്‍ത്തകര്‍ക്കു പാര്‍ട്ടിയില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന അവസ്ഥ വന്നു. സ്വന്തം ഗ്രൂപ്പു ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് എല്ലാവരും ശ്രമിച്ചത്. ഇവര്‍ എക്കാലത്തും തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരായാണ് പ്രവര്‍ത്തിച്ചതെന്ന് സുധീരന്‍ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം താന്‍ നേതൃയോഗത്തിലും പറഞ്ഞതായി സുധീരന്‍ വെളിപ്പെടുത്തി.നേതാക്കളുടെ പരസ്യപ്രതികരണത്തിനു വിലക്കേര്‍പ്പെടുത്തിയ കെപിസിസി നേതൃയോഗത്തിനു പിന്നാലെയാണ് രാജിയുടെ കാരണം വെളിപ്പെടുത്തി സുധീരന്‍ രംഗത്തുവന്നത്.