Pravasimalayaly

സുനന്ദ കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റി; 28 ന് പരിഗണിക്കും

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഡല്‍ഹി പട്യാല കോടതി, അഡീ.ചീഫ് മെട്രോ പൊളിറ്റന്‍ കോടതിയിലേക്ക് മാറ്റി. ജനപ്രതിനിധികള്‍ക്കെതിരെയുളള കേസുകള്‍ മാത്രം പരിഗണിക്കുന്ന കോടതിയാണിത്. കേസ് ഈ മാസം 28 ന് പരിഗണിക്കും.

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ഭര്‍ത്താവും എംപിയുമായ ശശി തരൂരിനെ പ്രതിയാക്കിയാണ് പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചത്. സംഭവം ആത്മഹത്യയാണെന്നു വ്യക്തമാക്കുന്ന കുറ്റപത്രം ഈ മാസം 14നാണ് ഡല്‍ഹി പട്യാല ഹൗസ് മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ധര്‍മേന്ദര്‍ സിങ് മുന്‍പാകെ ഡല്‍ഹി പൊലിസ് സമര്‍പ്പിച്ചത്.

കേസിലെ ഏക പ്രതിയായ തരൂരിനെതിരേ ഐ.പി.സി 306 (ആത്മഹത്യാ പ്രേരണ), 498 എ (ഗാര്‍ഹിക പീഡനം) എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കൃത്യം തെളിഞ്ഞാല്‍ പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കേസില്‍ തരൂരിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലിസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2014 ജനുവരി 17ന് രാത്രിയോടെയാണ് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലീലാ പാലസിലെ 345ാം നമ്പര്‍ മുറിയില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കേസില്‍ 2015 ജനുവരിയിലാണ് ആദ്യകുറ്റപത്രം സമര്‍പ്പിച്ചത്. ശരീരത്തില്‍ 15 മുറിപ്പാടുകള്‍ ഉണ്ടെന്നും മരണം കൊലപാതകമാണെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതിനു പിന്നാലെ എഫ്.ഐ.ആറില്‍ ആരുടെയും പേരു ചേര്‍ക്കാതെ ഡല്‍ഹി പൊലിസ് സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്തു.

Exit mobile version