Saturday, November 23, 2024
HomeSportsFootballസെര്‍ബിയയെ തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍

സെര്‍ബിയയെ തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍

സെര്‍ബിയയെ തകര്‍ത്ത് ബ്രസീല്‍ നോക്കൗട്ടില്‍ (2-0). ഏഴു പോയിന്റുമായി ഗ്രൂപ്പ് ഇ ചാംപ്യന്‍മാരായ ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍ ജൂലൈ രണ്ടിന് വൈകിട്ട് 7.30ന് മെക്‌സിക്കോയെ നേരിടും. മൂന്നു പോയിന്റ് മാത്രം ലഭിച്ച സെര്‍ബിയ പുറത്തായി. പൗളിഞ്ഞോയും (36ാം മിനിറ്റ്) തിയാഗോ സില്‍വയു(68)മാണ് ബ്രസീലിനുവേണ്ടി ഗോള്‍ നേടിയത്.

ഇടവേളയ്ക്കു മുന്‍പ് പന്തടക്കത്തില്‍ അധികമൊന്നും പിന്നാക്കം പോയില്ലെങ്കിലും സെര്‍ബിയയ്ക്കു മികച്ച അവസരങ്ങളൊന്നും സൃഷ്ടിക്കാനായില്ല. സംഘബോധത്തോടെ പ്രതിരോധ മതില്‍ തീര്‍ത്ത സെര്‍ബിയന്‍ ഡിഫന്‍ഡര്‍മാരും മികവു കാട്ടി. ഇതിനിടെ വീണു കിട്ടിയ കൗണ്ടര്‍ അറ്റാക്കിനിടെയാണ് ഫിലിപ്പെ കുടിഞ്ഞോയുടെ മനോഹരമായ ലോങ് ബോള്‍ പൗളിഞ്ഞോ ലക്ഷ്യം കണ്ടത് (1-0). മധ്യഭാഗത്ത് നിന്ന് കുട്ടീന്യോ സെര്‍ബിയന്‍ ബോക്‌സിലേക്ക് കോരിയിട്ടുകൊടുത്ത പന്ത് സ്റ്റോയിക്കോവിച്ചനെ മറികടന്ന് ഓടി പിടിച്ചെടുത്ത പൗളിഞ്ഞോ അഡ്വാന്‍സ് ചെയ്തു വന്ന് ഗോളിയുടെ തലയ്ക്ക് മുകളിലൂടെ വലംകാല്‍ കൊണ്ട് തട്ടിയിടുകയായിരുന്നു. പന്ത് കൃത്യം വലയില്‍ എത്തുകയും ചെയ്തു.

രണ്ടാം പകുതിയില്‍ ഉണര്‍ന്നെഴുന്നേറ്റ സെര്‍ബിയ നടത്തിയ ഉശിരന്‍ പ്രത്യാക്രമണങ്ങള്‍ ബ്രസീല്‍ പ്രതിരോധത്തിനു തലവേദനയായി. സമനില ഗോള്‍ നേടാന്‍ ലഭിച്ച അവസരങ്ങള്‍ മുതലെടുക്കാന്‍ സെര്‍ബിയന്‍ സ്‌ട്രൈക്കര്‍ അലക്‌സാണ്ടര്‍ മിട്രോവിച്ചിനു കഴിഞ്ഞില്ല. ഇതിനു പിന്നാലെ തിയാഗോ സില്‍വയുടെ ഹെഡറിലൂടെ ബ്രസീല്‍ ലീഡ് ഉയര്‍ത്തിയതോടെ സെര്‍ബിയയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു തുടങ്ങി (2-0).

കോസ്റ്ററിക്കയ്‌ക്കെതിരെ ഇറങ്ങിയ താരങ്ങളെ ബ്രസീല്‍ ആദ്യ ഇലവനില്‍ നിലനിര്‍ത്തി. പരുക്കിന്റെ പിടിയിലായ ഡാനിലോയെയും ഡഗ്ലസ് കോസ്റ്റയെയും പരിഗണിച്ചില്ല. 4-3-3 ശൈലിയില്‍ കളിച്ച ബ്രസീലിന് മുന്‍നിരയില്‍ നെയ്മര്‍ക്കൊപ്പം ഗബ്രിയേല്‍ ജിസ്യൂസും വില്ലിയനും തന്നെ ഇറങ്ങി.

ഇവാനോവിച്ചിനെയും ടോസിച്ചിനെയും ബെഞ്ചിലിരുത്തി അന്റോണിയോ രുകാവിനെയെയും മിലോസ് വെലികോവിച്ചിനെയും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയ സെര്‍ബിയന്‍ നിരയില്‍ മൂന്നു മാറ്റങ്ങളുണ്ടായിരുന്നു. അലക്‌സാണ്ടര്‍ മിട്രോവിച്ചിനെ മുന്നില്‍ നിര്‍ത്തി 4-2-3-1 ശൈലിയിലായിരുന്നു അവരുടെ മുന്നേറ്റം.

തുടക്കം മുതേല ആക്രമിച്ച് കളിച്ച ബ്രസീലിന് മത്സരത്തിലുടനീളം നിരവധി അവസരങ്ങള്‍ തേടിയെത്തി. ഗോളടിച്ചില്ലെങ്കിലും സൂപ്പര്‍ താരം നെയ്മര്‍ കളം നിറഞ്ഞ് കളിക്കുന്ന കാഴ്ചയും കണ്ടു. തുടക്കത്തില്‍ പ്രതിരോധത്തിന് മുന്‍ഗണ നല്‍കിയ സെര്‍ബിയ ആദ്യ ഗോള്‍ വഴങ്ങിയതോടെ ആക്രമണത്തിന് മുതിര്‍ന്നു. അതിന് ഫലം കാണുകയും ചെയ്തു. തുറന്ന ഒരു ഡസനിലധികം അവസരങ്ങള്‍ അവരെ തേടിയെത്തിയെങ്കിലും ഫിനിഷ് ചെയ്യുന്നതില്‍ സെര്‍ബിയന്‍ മുന്നേറ്റ നിര അമ്പേ പരാജയപ്പെട്ടു. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമാണ് സെര്‍ബിയക്ക് നേടാനായത്. കോസ്റ്ററീക്കയ്ക്ക് എതിരെയായിരുന്നു ഇത്. സ്വിറ്റ്‌സര്‍ലന്‍ഡാണ് ഇവരടങ്ങിയ ഗ്രൂപ്പില്‍ ഇ യില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments