സംസ്ഥാനങ്ങളിലെ റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളുടെ പട്ടികയുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ 130 ജില്ലകള്‍ റെഡ് സോണിലും 284 ജില്ലകള്‍ ഓറഞ്ച് സോണിലും 319 ജില്ലകള്‍ ഗ്രീന്‍ സോണിലുമാണ്. കേരളത്തില്‍ കണ്ണൂര്‍, കോട്ടയം എന്നി ജില്ലകള്‍ മാത്രമാണ് കേന്ദ്രത്തിന്റെ പട്ടികയില്‍ റെഡ് സോണിലുളളത്. അതേസമയം വയനാട്, എറണാകുളം എന്നിങ്ങനെ രണ്ട് ജില്ലകളെ മാത്രമാണ് ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബാക്കി പത്ത് ജില്ലകളും ഓറഞ്ച് സോണിലാണ്.
ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, പശ്ചിമ ബംഗാള്‍ എന്നി സംസ്ഥാനങ്ങളിലാണ് കൂടുതല്‍ റെഡ് സോണുകളുളളത്. ഉത്തര്‍പ്രദേശില്‍ 19 ജില്ലകളും മഹാരാഷ്ട്രയില്‍ 14 ജില്ലകളും തമിഴ്‌നാട്ടില്‍ 12 ജില്ലകളും ഡല്‍ഹി, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ പതിനൊന്നും പത്തും ജില്ലകള്‍ വീതവുമാണ് റെഡ് സോണില്‍ ഉള്‍പ്പെടുത്തിയത്.
മിസോറാം, നാഗാലാന്‍ഡ്, സിക്കിം, മണിപ്പൂര്‍, ലക്ഷദ്വീപ്, ഗോവ, ദാമന്‍ ആന്‍ഡ് ദിയു, ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ എല്ലാ ജില്ലകളും ഗ്രീന്‍ സോണിലാണ്. ഇന്ത്യയില്‍ കൊവിഡിനെ തുടര്‍ന്ന് 1,147 പേരാണ് ഇതുവരെ മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറില്‍ 73 പേര്‍ മരിക്കുകയും 1,993 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 35,043 ആയി ഉയര്‍ന്നു. രോഗം ഭേദമായവരൊഴിച്ച് 25,007 പേരാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്.
രാജ്യത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുളള മഹാരാഷ്ട്രയിൽ 459 പേരാണ് ഇതുവരെ മരിച്ചത്. ആകെ രോഗികൾ 10,498 ആയി ഉയർന്നു. 1,773 പേരാണ് രോഗമുക്തി നേടിയത്. ധാരാവിയിൽ മാത്രം 369 കൊവിഡ് രോഗികളുണ്ട്. ഗുജറാത്തിൽ കൊവിഡിനെ തുടർന്ന് ഇതുവരെ 214 പേർ മരിച്ചു. 4,395 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.