Pravasimalayaly

സ്തനാര്‍ബുദ നിര്‍ണയം 15 മിനിട്ടില്‍; സോഫ്ട് വെയറുമായി നിരാമയ് സ്റ്റാര്‍ട്ടപ്പ് ഹാഷ് ഫ്യൂച്ചർ വേദിയിൽ

പതിനഞ്ചു മിനിട്ടു കൊണ്ട് സ്തനാര്‍ബുദ നിര്‍ണയം നടത്താവുന്ന പരിശോധനാസംവിധാനവുമായി കേരളത്തിന്‍റെ പ്രഥമ ആഗോള ഡിജിറ്റല്‍ ഉച്ചകോടി, ഹാഷ് ഫ്യൂച്ചര്‍ വേദിയില്‍ നിരാമയ് എന്ന സ്റ്റാര്‍ട്ടപ്പ്. പ്രാരംഭഘട്ടത്തില്‍, മുഴകള്‍ പ്രത്യക്ഷപ്പെടുന്നതിനു വളരെ മുന്‍പു തന്നെ സ്തനാര്‍ബുദം കണ്ടെത്താവുന്ന സോഫ്റ്റ്ഫെയറാണ് നിരാമയ് വികസിപ്പിച്ചിരിക്കുന്നത്.

സ്വയം പരിശോധന, മാമ്മോഗ്രഫി എന്നിവയെക്കാള്‍ ഏറെ കൃത്യമായി രോഗ നിര്‍ണയം നടത്തുന്ന തെര്‍മാലിറ്റിക്സ് എന്ന സോഫ്റ്റ് വെയർ സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുന്ന കാന്‍സറായ സ്തനാര്‍ബുദത്തില്‍നിന്ന് ഏറെ പരിരക്ഷ വാഗ്ദാനം ചെയ്യുന്നതാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്സ്, മെഷീന്‍ ലേണിങ് എന്നിവയില്‍ വിദഗ്ധയും ബാംഗ്ലൂര്‍ ഐ ഐ എസ് സിയിൽ നിന്നുള്ള ഗവേഷണബിരുദധാരിയുമായ ഗീത മഞ്ജുനാഥും ബാംഗ്ലൂര്‍ ഐ ഐ എമ്മില്‍നിന്ന് എംബിഎ നേടിയ നിധി മാത്തൂരും ചേര്‍ന്നാണ് നിരാമയ് സ്ഥാപിച്ചിരിക്കുന്നത്.

മാമ്മോഗ്രഫിയിലൂടെ കണ്ടുപിടിക്കാനാവുന്നതിന്‍റെ അഞ്ചിലൊന്നു വലിപ്പം മാത്രമുള്ള മുഴകള്‍ തെര്‍മോലിറ്റിക്സ് സംവിധാനത്തിലൂടെ കണ്ടെത്താനാകുമെന്ന് നിരാമയ് സി ഒ ഒ നിധി മാത്തൂര്‍ പറഞ്ഞു. മാമ്മോഗ്രഫിയിലേതു പോലെ റേഡിയേഷന്‍ ഉപയോഗിച്ചല്ല തെര്‍മോലിറ്റിക്സ് പരിശോധന. ശരീര ഊഷ്മാവിലുള്ള വ്യത്യാസത്തില്‍നിന്നാണ് രോഗനിര്‍ണയം. പരിശോധനയ്ക്കെത്തുന്നവര്‍ക്ക് ഒരു തിരശ്ശീലയ്ക്കു പിന്നില്‍ നിന്നാല്‍ മതി. സ്പര്‍ശിക്കേണ്ടി വരുന്നില്ല, വേദനയുമുണ്ടാവില്ല.

നാല്‍പ്പതു വയസ്സില്‍ താഴെയുള്ളവരിലും തെര്‍മോലിറ്റിക്സ് പരിശോധനയിലൂടെ രോഗം കണ്ടെത്താം. മാമ്മോഗ്രഫി വഴി ചെറുപ്പക്കാരില്‍ മുഴ കണ്ടെത്താന്‍ പ്രയാസമാണ്. മുഴകള്‍ പ്രത്യക്ഷപ്പെട്ട ശേഷം മാത്രം രോഗം തിരിച്ചറിയാനാകുന്ന സ്വയം പരിശോധനാ മാര്‍ഗത്തേക്കാളും മികച്ചതാണ് തെര്‍മോലിറ്റിക്സ് പരിശോധനയെന്നും സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ പറഞ്ഞു. ചെലവു കുറഞ്ഞതും എവിടെയും ഉപയോഗിക്കാവുന്നതുമാണ് നിരാമയുടെ സ്തനാര്‍ബുദ നിര്‍ണയ സംവിധാനം. മാമ്മോഗ്രഫി ഇടയ്ക്കിടെ ആവര്‍ത്തിക്കുമ്പോള്‍ കൂടുതല്‍ തവണ റേഡിയേഷനു വിധേയമാകേണ്ടി വരുന്നു. തെര്‍മാലിറ്റിക്സ് പരിശോധന റേഡിയേഷന്‍ രഹിതമായതിനാല്‍ ആവര്‍ത്തിച്ചു ചെയ്താലും ദോഷമില്ല.

മുന്നൂറോളം പേരില്‍ തെര്‍മാലിറ്റിക്സ് പരിശോധന നടത്തിക്കഴിഞ്ഞുവെന്നും പരിശോധനാഫലം ഏറെ കൃത്യമായിരുന്നുവെന്നും നിരാമയ് സ്ഥാപകര്‍ അറിയിച്ചു. കൂടുതല്‍ ആശുപത്രികളില്‍ ഈ പരിശോധനാസംവിധാനം ഏര്‍പ്പെടുത്തിയാല്‍ ഒട്ടേറെപ്പേര്‍ക്ക് നേരത്തെ ചികില്‍സ സ്വീകരിച്ച് രോഗം ഗുരുതരമാകുന്നത് തടയാനാകുമെന്നും അവര്‍ പറഞ്ഞു.

Exit mobile version