Pravasimalayaly

സ്ത്രീകളെ അധിക്ഷേപിച്ചു,​ ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസെടുത്തു

തിരുവനന്തപുരം: ഫേസ്ബുക്ക് ലൈലിവൂടെ സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിൽ പരാമർശം നടത്തിയ ഫിറോസ് കുന്നംപറമ്പിലിനെതിരെ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മുൻ കെ.എസ്‌.യു നേതാവായിരുന്ന യുവതിക്കെതിരെ നടത്തിയ പരാമർശത്തിലാണ് കേസെടുത്തിരിക്കുന്നത്. ഫിറോസിന്റെ പരാമർശത്തെ തുടർന്ന് സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ രംഗത്തെത്തിയിരുന്നു.

ഫിറോസിനെതിരെ പോലീസ് കർശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം. സി. ജോസഫൈന്‍ ആവശ്യപ്പെട്ടു. കേരളത്തിലെ മുഴുവൻ സ്ത്രീകളെയുമാണ് അപമാനിച്ചിരിക്കുന്നതെന്നും ഇത് അനുവദിക്കാനാവില്ല. ചാരിറ്റി പ്രവർത്തനങ്ങള്‍ നടത്തുന്ന ഒരാൾ ഇത്രയും വൃത്തികെട്ട രീതിയിൽ സ്ത്രീകളെ അഭിസംബോധന ചെയ്യാൻ പാടില്ല. ഇങ്ങനെയുളളവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും ജോസഫൈൻ പറഞ്ഞു.

കുടുംബത്തിലൊതുങ്ങാത്ത, വേശ്യാവൃത്തി നടത്തുന്ന, അവനവന്റെ സുഖത്തിനായി ജീവിക്കുന്ന സ്ത്രീ’ എന്നിങ്ങനെയാണ് ഫിറോസ് കുന്നംപറമ്പില്‍ സോഷ്യൽ മീഡിയയിലെ ലൈവ് വീഡിയോയിൽ സ്ത്രീയെ പരാമർശിച്ചിരിക്കുന്നത്. ഒരു പെൺകുട്ടിയെ അധിക്ഷേപിക്കാൻ ‘സ്ത്രീ’ എന്ന വാക്ക് ഈ വിധം ഉപയോഗിച്ചതിലൂടെ കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയും ഫിറോസ് അപമാനിച്ചിരിക്കുകയാണെന്നും ജോസഫൈൻ പറഞ്ഞു. ഫിറോസിന്റെ രാഷ്ട്രീയ പ്രവർത്തനത്തെ എതിർത്ത് ഫേസ്ബുക്ക് പോസ്റ്റിട്ടതിനാണ് യുവതിക്കെതിരെ ഫിറോസ് രംഗത്തെത്തിയത്.

Exit mobile version