Pravasimalayaly

സ്പർശനമറിയാവുന്ന ചർമം റോബോട്ടിനും; കൃത്രിമ ത്വക്ക് വികസിപ്പിച്ച് ഗവേഷകർ

റോബോട്ടുകളിൽ ഉപയോഗിക്കാനുള്ള മനുഷ്യന്റേതിനു തുല്യമായ ത്വക്ക് വികസിപ്പിച്ചു. ജർമനിയിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് മ്യൂണിച്ചിൽ നിന്നുള്ള പ്രൊഫസർ ഗോർദോണും സംഘവുമാണ് കൃത്രിമ ത്വക്ക് വികസിപ്പിച്ചത്.

സ്പർശം, വേഗം, സാന്നിധ്യം, താപനില എന്നിവ തിരിച്ചറിയുന്നതിനു മൈക്രോപ്രൊസസറും സെൻസറുകളും (വിവിധ തരം അളവുകളെ കംപ്യൂട്ടറിന് ഉപയോഗിക്കാവുന്ന ഡേറ്റയാക്കി മാറ്റുന്ന ഉപകരണം) ത്വക്കിൽ ഘടിപ്പിച്ചിട്ടുണ്ടെന്ന് പ്രൊസീഡിങ് ഓഫ് ഐ.ഇ.ഇ.ഇ. ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ചുറ്റും നടക്കുന്ന കാര്യങ്ങൾ കൂടുതൽ സംവേദനക്ഷമതയോടെ വിശദമായി തിരിച്ചറിയുന്നതിനു എച്ച് വൺ എന്നു പേരിട്ടിരിക്കുന്ന റോബോട്ടിനെ ഇത് സഹായിക്കും. കംപ്യൂട്ടറുകളുടെ ഉപയോഗമാണ് ത്വക്ക് വികസിപ്പിക്കുന്നതിൽ ഏറ്റവും വിഷമമേറിയ കാര്യമെന്ന് പഠനം വ്യക്തമാക്കുന്നു.

മനുഷ്യന്റെ ത്വക്കിൽ ഏകദേശം 50 ലക്ഷം സംവേദനകോശങ്ങളുണ്ട്. മുമ്പ് റോബോട്ടിനായി നിർമിച്ച കൃത്രിമത്വക്കിൽ നൂറിൽതാഴെ മാത്രം സംവേദനകോശങ്ങളുണ്ടായിരുന്നപ്പോൾ നിയന്ത്രിക്കാൻ കഴിയാത്തവിധം േഡറ്റകളുടെ കുത്തൊഴുക്കായിരുന്നു. ഈ പ്രശ്നം ഒരുപരിധിവരെ നിയന്ത്രിക്കാൻ പുതിയ സംവിധാനത്തിനു കഴിഞ്ഞിട്ടുണ്ട്. ഇതിനായി ന്യൂറോഎൻജിനിയറിങ് എന്ന പുതുസാങ്കേതികവിദ്യയെയാണ് ഗവേഷകർ ആശ്രയിച്ചത്. 1260 കോശങ്ങളാണ് റോബോട്ടിന്റെ ശരീരഭാഗങ്ങളിൽ ഘടിപ്പിച്ചത്. ഒരാളെ സുരക്ഷിതമായി കെട്ടിപ്പിടിക്കാൻ വരെ എച്ച് വണ്ണിനു കഴിയും.

Exit mobile version