ജിദ്ദ: സൗദിയിലെ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു.കഴിഞ്ഞ മാർച്ച് തുടക്കത്തിൽ സൗദിയിലേക്ക് ഇറാനിൽ നിന്ന് ബഹ്രൈൻ വഴിയെത്തിയ സൗദി പൗരനിൽ നിന്ന് തുടങ്ങിയ രാജ്യത്തെ കൊറോണ ബാധയുടെ കണക്ക് 3 മാസവും 5 ദിവസവും പിന്നിട്ടപ്പോൾ ഒരു ലക്ഷം കവിഞ്ഞു.

വൈറസ് ബാധ 5000 ത്തിൽ താഴെയുള്ളപ്പോൾ സൗദി ആരോഗ്യ മന്ത്രി നൽകിയ മുന്നറിയിപ്പിൽ ഓരോരുത്തരും ജാഗ്രത പുലർത്തിയില്ലെങ്കിൽ രോഗികളുടെ എണ്ണം 2 ലക്ഷം വരെ എത്താമെന്നും ജാഗ്രത പുലർത്തിയാൽ വ്യാപനത്തെ പിടിച്ച് കെട്ടാമെന്നും ഓർമ്മപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ന് രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതോടെ മന്ത്രി നേരത്തെ ആശങ്ക പ്രകടിപ്പിച്ച അവസ്ഥയിലേക്കാണു കാര്യങ്ങൾ പോകുന്നത് എന്നതിലേക്കാണു സൂചന.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 3,045 ആണ്. ഇത് രാജ്യത്തെ ഇത് വരെയുള്ള കൊറോണ ബാധിതരുടെ എണ്ണം 101,914 ആയി ഉയർത്തിയിരിക്കുകയാണ്.
അതേ സമയം പുതുതായി രോഗം ഭേദമായവരുടെ എണ്ണം 1,026 ആണ്. ഇതോടെ ഇത് വരെ രോഗമുക്തി നേടിയവരുടെ എണ്ണം 72,817 ആയിട്ടുണ്ട്. എന്നാൽ 1,564 പേർ ഗുരുതരാവസ്ഥയിലാണുള്ളത്. പുതുതായി 36 പേർ കൂടി മരിച്ചതോടെ സൗദിയിലെ ആകെ കൊറോണ മരണം 712 ആയി.