ന്യൂഡല്‍ഹി: ഹരിയാനയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് ജാഗ്രത ശക്തമാക്കിയത്. ഹരിയാനയിലെ നൂഹുവില്‍ തുടങ്ങിയ സംഘര്‍ഷം ഡല്‍ഹിക്ക് സമീപം ഗുരുഗ്രാം വരെ പടര്‍ന്നിരുന്നു.
ഗുരുഗ്രാം സെക്ടര്‍ 70 ല്‍ കഴിഞ്ഞ രാത്രിയും അക്രമം അരങ്ങേറി. നിരവധി കടകള്‍ അഗ്നിക്കിരയായി. ബാദ്ഷാപുര്‍, സോഹ്ന റോഡ്, പട്ടൗഡി ചൗക്, സെക്ടര്‍ 67, സെക്ടര്‍ 70, സെക്ടര്‍ 57 എന്നിവിടങ്ങളിലാണ് അക്രമം അരങ്ങേറിയത്. ബദ്ഷാപൂരില്‍ 15 ഓളം കടകളാണ് അക്രമികള്‍ കത്തിച്ചത്. പമ്പുകളില്‍ നിന്ന് കുപ്പികളിലും മറ്റും ഇന്ധനം നല്‍കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഹരിയാനയിലെ നൂഹിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിക്കാന്‍ വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം ബജ് രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഡല്‍ഹി നിര്മാണ് വിഹാര്‍ മെട്രോ സ്റ്റേഷനു സമീപം പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധം പൊലീസ് തടഞ്ഞു. പ്രദേശത്ത് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
ഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതിനോടകം 116 പേരെ അറസ്റ്റ് ചെയ്തുവെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചു. 41 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഘര്‍ഷത്തില്‍ രണ്ട് പൊലീസ് ഹോം ഗാര്‍ഡ് അടക്കം ആറുപേര്‍ കൊല്ലപ്പെട്ടു. ഇതില്‍ മൂന്ന് സിവിലിയന്മാരും ഒരു ഇമാമും ഉള്‍പ്പെടുന്നു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രശ്ന സാധ്യതയുള്ള ജില്ലകളില്‍ ആരാധാനലായങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കാന്‍ പൊലീസിന് നിര്‍ദേശം നല്കി. വാട്സ്ആപ്പ് ഗ്രൂപ്പുകളും സാമൂഹിക മാധ്യമ അക്കൗണ്ടുകളും നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും വിശ്വസിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. നൂഹ്, ഫരിദാബാദ് എന്നിവിടങ്ങളിൽ മൊബൈൽ ഇന്റർനെറ്റ് സേവനം റദ്ദാക്കിയിട്ടുണ്ട്.