അഗര്‍ത്തല: ഹിന്ദു സ്വാതന്ത്യ സമരസേനാനികളുടെ ചരിത്രം പ്രതിപാദിക്കുന്ന പാഠഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചില്ലെന്ന് ആരോപിച്ച് ത്രിപുരയില്‍ സ്‌കൂള്‍ സിലബസ് മാറ്റാന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് ടി.ബി.എസ്.ഇയ്ക്ക് ( ത്രിപുര ബോര്‍ഡ് ഓഫ് സെക്കണ്ടറി എഡ്യുക്കേഷന്‍) നിര്‍ദ്ദേശം നല്‍കി. എന്‍.സി.ഇ.ആര്‍.ടി സിലബസ് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് ഉള്‍പ്പെടുത്തുന്നതിനായി ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ത്രിപുരയിലെ സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന മിക്ക പുസ്തകങ്ങളിലും കാള്‍ മാര്‍ക്‌സിനെയും ഹിറ്റ്‌ലറെയും കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ റാണി ലക്ഷ്മി ഭായിയെക്കുറിച്ചോ സുഭാഷ് ചന്ദ്രബോസിനെക്കുറിച്ചോ പുസ്തകങ്ങളില്‍ പരാമര്‍ശമില്ല.’
ത്രിപുരയിലെ ജനങ്ങളെ അവര്‍ മാവോയെ കുറിച്ച് പഠിപ്പിക്കുന്നുണ്ട്, എന്നാല്‍ ഹിന്ദുരാജാക്കന്‍മാരെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 9, 10 ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ റഷ്യന്‍ വിപ്ലവവും ഫ്രഞ്ച് വിപ്ലവവും ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് ജനിച്ചതുമെല്ലാമാണ് പഠിപ്പിക്കുന്നത്.
എന്നാല്‍ ഭരണഘടന പഠിപ്പിക്കുന്ന പുസ്‌കങ്ങളിലൊന്നും സുഭാഷ് ചന്ദ്ര ബോസിന്റെയോ റാണി ലക്ഷ്മി ഭായിയുടെയോ ചരിത്രമില്ലെന്നും അദ്ദേഹം പറഞ്ഞു.
ത്രിപുര നിയമസഭയിലേക്ക് കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ 59-ല്‍ 43 സീറ്റുകള്‍ നേടിയ ബി.ജെ.പി 25 വര്‍ഷക്കാലത്തെ ഇടത് ഭരണത്തിന് അന്ത്യം കുറിച്ചിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ സ്റ്റാലിന്റെ പ്രതിമകള്‍ ത്രിപുരയില്‍ വ്യാപകമായി തകര്‍ക്കപ്പെട്ടിരുന്നു. കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്കുനേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമമഴിച്ചുവിടുകയും ചെയ്തിരുന്നു.