Monday, November 25, 2024
HomeNewsഹെലികോപ്ടർ വെടിവച്ചിട്ട ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി,​ കോർട്ട് മാർഷ്യൽ ചെയ്യുമെന്ന് വ്യോമസേന

ഹെലികോപ്ടർ വെടിവച്ചിട്ട ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി,​ കോർട്ട് മാർഷ്യൽ ചെയ്യുമെന്ന് വ്യോമസേന

ന്യൂഡൽഹി : കാശ്മീരിലെ ശ്രീനഗറിനു സമീപമുള്ള ബഡ്ഗാമിൽ ഇന്ത്യൻ ഹെലികോപ്റ്റർ വെടിവച്ചിട്ട ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുമായി വ്യോമസേന. രണ്ട് പേരെ കോർട്ട് മാർഷ്യലിന് വിധേയരാക്കുമെന്നും. നാലുപേർക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നും വ്യോമസേനാവൃത്തങ്ങൾ അറിയിച്ചു.

ബാലാകോട്ട് ആക്രമണത്തിനു പിന്നാലെ ഫെബ്രുവരി 27ന് ശ്രീനഗറിലാണ് ഇന്ത്യൻ ഹെലികോപ്ടർ വെടിവച്ചിട്ടത്. ഇത് പൊറുക്കാനാവാത്ത പിഴയെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ രാകേഷ് കുമാർ സിംഗ് ബധൗരിയ പറഞ്ഞിരുന്നു. സംഭവം വലിയ വീഴ്ചയാണെന്നും ഉത്തരവാദികളായ സേനാ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആദ്യമായാണു സംഭവത്തിൽ സേനയുടെ വീഴ്ച സ്ഥിരീകരിച്ച് ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെബ്രുവരി 27നുണ്ടായ അപകടത്തിൽ മി 17 വിഎഫ് സേനാ കോപ്റ്റർ തകർന്ന് 6 സേനാംഗങ്ങളടക്കം 7 പേർ കൊല്ലപ്പെട്ടിരുന്നു. പാക്കിസ്ഥാന്റെ ഹെലികോപ്റ്ററാണെന്നു തെറ്റിദ്ധരിച്ചു ശ്രീനഗർ സേനാ താവളത്തിലെ വ്യോമസുരക്ഷാ വിഭാഗം മിസൈൽ തൊടുക്കുകയായിരുന്നു. ഹെലികോപ്റ്ററും സേനാ താവളവും തമ്മിലുള്ള ആശയവിനിമയത്തിലെ തകരാറാണ് അപകടത്തിൽ കലാശിച്ചത്. പാക്ക് അധീന കശ്മീരിലെ ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ മിസൈലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം മൂർധന്യാവസ്ഥയിലെത്തിയ ദിവസമാണ് അപകടമുണ്ടായത്. പറന്നുയർന്ന് 10 മിനിറ്റിനകം ഹെലികോപ്റ്ററിനു മിസൈലേറ്റു. പ്രദേശത്തുണ്ടായിരുന്ന ഗ്രാമീണനും അപകടത്തിൽ കൊല്ലപ്പെട്ടു. സംഭവത്തെക്കുറിച്ച് എയർ കമ്മഡോർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം നടത്തിയിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments