Pravasimalayaly

ഹോംസ്റ്റേകള്‍ക്ക് ഉത്തരവാദിത്ത ടൂറിസ പങ്കാളിത്തത്തിന് അനുമതി നല്‍കും: ടൂറിസം ഡയറക്ടര്‍ .

തിരുവനന്തപുരം: ഭാവി വിനോദസഞ്ചാര മേഖലയില്‍ സുപ്രധാനപങ്കുള്ള ഹോംസ്റ്റേകള്‍ക്ക് ഉത്തരവാദിത്ത ടൂറിസം മിഷന്റെ പങ്കാളിത്ത അനുമതി നല്‍കുമെന്ന് ടൂറിസം ഡയറക്ടര്‍ ശ്രീ പി. ബാല കിരണ്‍ ഐഎഎസ്. ഹോംസ്റ്റേകള്‍ പൈതൃക കേന്ദ്രീകൃത ആതിഥ്യമര്യാദകളും മാനദണ്ഡങ്ങളും കര്‍ക്കശമായി പാലിക്കണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരിക്കും അനുമതി. പ്ലാറ്റിനം, ഗോള്‍ഡ്, സില്‍വര്‍ വിഭാഗങ്ങളിലായി അവയെ തരംതിരിക്കുമെന്നും ഹോംസ്റ്റേകള്‍ക്കും വില്ലകള്‍ക്കുമുള്ള ഏകദിന ശില്‍പശാല-ഓറിയന്റേഷന്‍ പരിശീലന പരിപാടിയുടെ ഉദ്ഘാടനത്തില്‍ അദ്ദേഹം വ്യക്തമാക്കി. അതിഥികള്‍ക്ക് പ്രാദേശിക വിഭവങ്ങളും കലയും ജീവിതവുമെല്ലാം തനിമയോടെ അനുഭവവേദ്യമാക്കാനുള്ള സാഹചര്യം ഹോംസ്റ്റേ ഉടമകള്‍ സൃഷ്ടിക്കണം. താമസവേളയില്‍ കുടുംബത്തില്‍ പങ്കുചേരുന്നു എന്ന തോന്നല്‍ ഉളവാക്കണം. അതിഥികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനോടൊപ്പം ഹോംസ്റ്റേ ഉടമകള്‍ അതിഥികളുടെ പ്രതികരണത്തിന്റെ സ്വഭാവം കണക്കിലെടുക്കാതെ അത് ലഭ്യമാക്കുന്നതിന് പ്രോത്സാഹനം നല്‍കണമെന്നും ടൂറിസം ഡയറക്ടര്‍ പറഞ്ഞു. ഹോംസ്റ്റേ പ്രൊമോട്ടര്‍മാരുടെ സംയുക്ത സംരംഭമായ കേരള ഹാറ്റ്സിന്റെ തിരുവനന്തപുരം ചാപ്റ്റര്‍ സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ നാല്‍പതോളം ഹോംസ്റ്റേ ഉടമകള്‍ പങ്കെടുത്തു. പ്രാദേശിക ജീവിതത്തോട് അടുത്തുനില്‍ക്കുന്ന പരമ്പരാഗത താമസസൗകര്യങ്ങള്‍ അതിഥികള്‍ കൂടുതലായി തെരഞ്ഞെടുക്കുന്ന നിലവിലെ സാഹചര്യത്തില്‍ ഹോംസ്റ്റേകള്‍ക്ക് സുപ്രധാന പങ്കുണ്ടെന്ന് മുഖ്യാതിഥിയായിരുന്ന കേരള ടൂറിസം ഉപദേശക സമിതി അംഗവും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്സ് വൈസ് പ്രസിഡന്റുമായ ശ്രീ ഇഎം നജീബ് പറഞ്ഞു. ഡിജിറ്റല്‍ വിപണനത്തെക്കുറിച്ച് കേരള ടൂറിസം ഉപദേശക സമിതി അംഗം ശ്രീ പി കെ അനീഷ് കുമാര്‍ സംസാരിച്ചു. ഹോംസ്റ്റേ എന്ന ആശയത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനായി നാശത്തിന്റെ വക്കിലെത്തിയിരിക്കുന്ന പ്രാദേശിക കലാരൂപങ്ങളെ അതിഥികള്‍ക്കു മുന്നില്‍ പുനരുജ്ജീവിപ്പിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് ‘ഹോംസ്റ്റേ ബിസിനസ്’ എന്ന വിഷയത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ ബി വിജയകുമാര്‍ വ്യക്തമാക്കി. ഹാറ്റ്സ് തിരുവനന്തപുരം ചാപ്റ്റര്‍ സെക്രട്ടറി ഡോ ജോസഫ് ആന്റണി സ്വാഗതം പറഞ്ഞു. കേരള ഹാറ്റ്സ് ഡയറക്ടര്‍ ശ്രീ എം പി ശിവദത്തന്‍, ഹാറ്റ്സ് തിരുവനന്തപുരം ചാപ്റ്റര്‍ പ്രസിഡന്റ് ശ്രീ ഡി സോമന്‍, ട്രഷറര്‍ ശ്രീ മുരളി മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരള ഹാറ്റ്സ് എക്സിക്യുട്ടീവ് അംഗം ശ്രീമതി സില്‍വിയ ഫ്രാന്‍സിസ് നന്ദി പറഞ്ഞു

Exit mobile version