പേപ്പട്ടികളെ കൊല്ലാൻ അനുവദിക്കണമെന്ന് ആവശ്യയവുമായി കേരളം. പേപ്പട്ടികളെയും അക്രമകാരികളായ തെരുവ് നായ്ക്കളെയും കൊല്ലാൻ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപേക്ഷിച്ചു. ഈ ആവശ്യം ഉന്നയിച്ച് കേരളം അപേക്ഷ ഫയൽ ചെയ്തിട്ടുണ്ട്.എ.ബി.സി പദ്ധതി നടപ്പാക്കാൻ കുടുംബശ്രീ യൂണിറ്റുകളെ അനുവദിക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. തെരുവുനായയുടെ ആക്രമണം കാരണം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ഇപ്പോൾ. ഏതു സമയവും നായ്ക്കളുടെ ആക്രമണം ഭയക്കേണ്ട നിലയിലേക്ക് കാര്യങ്ങൾ മാറുമ്പോൾ പേവിഷ ബാധ ഉൾപ്പെടെയുള്ള ഭീഷണികളിൽ നിന്ന് രക്ഷപ്പെടാൻ മുന്നൊരുക്കം കൂടിയേ തീരൂ. നായ കടിച്ച് മരിച്ചവരും പേപ്പട്ടി കടിച്ച് വിഷബാധയേറ്റവരുമെല്ലാം ഇന്ന് വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നു.മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് രോഗാണുബാധയാണ് പേവിഷബാധ. പേവിഷബാധയെ പറ്റിയുള്ള അശ്രദ്ധയും അവഗണനയും ഒരു പക്ഷേ അറിവില്ലായ്മയും ജീവഹാനിക്കിടയാക്കുമെന്നത് മറന്ന് പോകരുത്. എത്രയെത്ര ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടന്നാലും പേവിഷബാധ മരണങ്ങൾ ആവർത്തിക്കപ്പെടുന്നു എന്നത് ഗൗരവമുള്ള വസ്തുതയാണ്.ലോകാരോഗ്യസംഘടനയുടെ നിരീക്ഷണപ്രകാരം ഓരോ പത്ത് മിനിറ്റിലും ലോകത്ത് ഒരാളുടെയെങ്കിലും ജീവനെടുക്കുന്ന അതിമാരകമായ ജന്തുജന്യരോഗമാണ് പേവിഷബാധ. പേവിഷബാധയ്ക്ക് കാരണം റാബ്ഡോ വൈറസ് കുടുംബത്തിലെ ലിസ്സ റാബീസ് എന്നയിനം ആർ.എൻ.എ. വൈറസുകളാണ്. ഉഷ്ണരക്തം ശരീരത്തിലോടുന്ന ഏത് മൃഗത്തെയും രോഗബാധിതമാക്കാനുള്ള ശേഷി റാബീസ് വൈറസിനുണ്ട്.