അങ്കംകുറിച്ച് പ്രിയങ്ക; കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തി പത്രിക സമര്‍പ്പിച്ചു

0
16

കല്‍പറ്റ: വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വയനാട് കലക്ടര്‍ ഡി.ആര്‍. മേഘശ്രീക്കാണ് പത്രിക സമര്‍പ്പിച്ചത്. രാവിലെ റോഡ് ഷോ നടത്തി ജനങ്ങളെ അഭിസംബോധന ചെയ്തതിനു പിന്നാലെയാണ് കലക്ടറേറ്റിലെത്തിയത്. അമ്മ സോണിയ ഗാന്ധി, സഹോദരന്‍ രാഹുല്‍ ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാധ്ര, മകന്‍ റെയ്ഹാന്‍ വാധ്ര, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവര്‍ക്കൊപ്പമാണ് പ്രിയങ്കയെത്തിയത്. പത്രികാ സമര്‍പ്പണത്തിന് അഞ്ചുപേരില്‍ക്കൂടുതല്‍ പറ്റില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കടുപ്പിച്ചതോടെ റോബര്‍ട്ട് വാധ്രയും മകനും പുറത്തേക്കുപോയി. മൂന്നു സെറ്റ് പത്രികയാണ് സമര്‍പ്പിക്കുന്നത്. ഒരു സെറ്റ് പത്രിക സമര്‍പ്പിച്ചു.രാവിലെ ആര്‍പ്പുവിളികളോടെയാണ് ആയിരങ്ങള്‍ പ്രിയങ്ക ഗാന്ധിയെ വയനാടിന്റെ മണ്ണിലേക്ക് സ്വാഗതം ചെയ്തത്. കല്‍പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് തടിച്ചുകൂടിയ ജനത്തിനിടയിലേക്ക് വയനാട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക വന്നിറങ്ങിയപ്പോള്‍ അമ്മ സോണിയ ഗാന്ധിയും സഹോദരന്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസിലെ ഉന്നത നേതാക്കളും ഒപ്പമുണ്ടായിരുന്നു. ഗാന്ധി കുടുംബത്തിലെ മൂന്നുപേരെയും ഒരുമിച്ചു കാണാന്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ലാത്തവര്‍ പോലും കെട്ടിടങ്ങള്‍ക്ക് മുകളിലും മറ്റും കയറി രാവിലെ മുതല്‍ കാത്തു നില്‍ക്കുകയായിരുന്നു. പൂക്കള്‍ വിതറിയാണ് നേതാക്കളെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത് ‘വയനാടിന്റെ പ്രിയങ്കരി’ എന്ന ബാനറുകളാണ് എല്ലായിടത്തും നിറഞ്ഞത്. നിറഞ്ഞ കരഘോഷത്തോടെയാണ് പ്രിയങ്കയുടെ വാക്കുകള്‍ വയനാട് കേട്ടത്.

Leave a Reply