ആലപ്പുഴ: വീട്ടമ്മയെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച് വിധി വന്നതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ 27 വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടുന്നതില്‍ നിര്‍ണായകമായത് തക്കല സ്വദേശിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണം. മാവേലിക്കര മാങ്കാംകുഴി കുഴിപ്പറമ്പില്‍ തെക്കേതില്‍ പരേതനായ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ (61) കൊല്ലപ്പെട്ട കേസില്‍ പ്രതിയായ റെജി എന്ന അച്ചാമ്മ 1996ല്‍ മുങ്ങിയശേഷം കോട്ടയം ചുങ്കത്ത് മിനി എന്ന പേരില്‍ വീട്ടുജോലി ചെയ്തിരുന്നതായി പൊലീസിനു സൂചന ലഭിച്ചിരുന്നു. അക്കാലത്ത് തമിഴ്‌നാട് തക്കല സ്വദേശിയായ ഒരു കെട്ടിടനിര്‍മാണത്തൊഴിലാളിയുമായി പ്രണയത്തിലായെന്നും 1999ല്‍ വിവാഹം കഴിച്ച് അയാളുടെ നാട്ടിലേക്ക് പോയെന്നും അറിഞ്ഞു. ഈ വിവരങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞിരുന്ന അച്ചാമ്മയെ പിടികൂടുന്നതില്‍ നിര്‍ണായകമായതെന്ന് പൊലീസ് പറയുന്നു.മറിയാമ്മയുടെ അകന്ന ബന്ധുവും വീട്ടിലെ മുന്‍ജോലിക്കാരിയുമാണ് അറുനൂറ്റിമംഗലം ബിജുഭവനത്തില്‍ അച്ചാമ്മ.
1990ലാണ് കൊലപാതകം നടന്നത്. പിടിയിലാകുമ്പോള്‍ വിവാഹം കഴിച്ച് ഭര്‍ത്താവുമൊത്തു മിനി രാജു എന്ന പേരില്‍ കോതമംഗലം അടിവാട്ടു താമസിക്കുകയായിരുന്നു അച്ചാമ്മ. ഇരുവര്‍ക്കും രണ്ടു മക്കളുണ്ട്. അച്ചാമ്മ 5 വര്‍ഷമായി തുണിക്കടയില്‍ ജോലി ചെയ്യുകയായിരുന്നു.കൊലക്കേസില്‍ 1990ല്‍ അറസ്റ്റിലായ അച്ചാമ്മയെ 1993ല്‍ സെഷന്‍സ് കോടതി വിട്ടയച്ചിരുന്നു. അപ്പീലില്‍ 1996ല്‍ ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
മണിക്കൂറുകള്‍ക്കകം ഒളിവില്‍ പോയ ഇവരെ തിരഞ്ഞ് പൊലീസ് തമിഴ്‌നാട്, ഡല്‍ഹി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍വരെ പോയി. വര്‍ഷങ്ങളായി വാറന്റുകള്‍ മടങ്ങുന്ന സാഹചര്യത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ പിടിയിലായത്.
തക്കല സ്വദേശിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു പൊലീസിനെ കോതമംഗലത്തെത്തിച്ചത്. ഇന്നു മാവേലിക്കര അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ശേഷം ജീവപര്യന്തം തടവിനു പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.
1990 ഫെബ്രുവരി 21ന് വൈകിട്ടാണു മറിയാമ്മയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൈകളിലും പുറത്തുമായി 9 കുത്തുകളേറ്റിരുന്നു. മൂന്നര പവന്റെ താലിമാലയും 2 ഗ്രാമിന്റെ കമ്മലും നഷ്ടമായി. കമ്മലിനായി ചെവി അറുത്തുമാറ്റിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.