അജിത്കുമാറിനോട് ഘടകകക്ഷികള്‍ക്ക് കടുത്ത അതൃപ്തി, മുഖ്യമന്ത്രി എന്ത് പറയും? നിര്‍ണായക എല്‍ഡിഎഫ് യോഗം ഇന്ന്

0
24

തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച അടക്കം എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഘടകക്ഷികള്‍ക്ക് കടുത്ത അതൃപ്തി നിലനില്‍ക്കെ എല്‍ഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്. മൂന്ന് മണിക്ക് എകെജി സെന്ററിലാണ് യോഗം. അജിത്കുമാറിനെ മാറ്റണമെന്ന നിലപാടിലാണ് സിപിഐയും ആര്‍ജെഡിയും. മലപ്പുറത്ത് അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ കണക്കിലെടുത്ത് ജില്ലയിലെ എസ്പിയേയും ഡിവൈഎസ്പിമാരെയും സ്ഥലം മാറ്റിയിരുന്നു.
ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ പരിശോധനക്ക് ശേഷം സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചേക്കും. അജിത്കുമാറിനോട് മുഖ്യമന്ത്രി മൃദുസമീപനം തുടരുന്നതില്‍ സിപിഎം നേതൃത്വത്തില്‍ തന്നെ വിയോജിപ്പുകളുണ്ട്. ഇപി ജയരാജനെ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റുകയും ടി പി രാമകൃഷ്ണനെ ഇടതുമുന്നണി കണ്‍വീനറാക്കുകയും ചെയ്ത ശേഷമുള്ള അദ്യ യോഗമെന്ന പ്രത്യേകതയും ഇന്നത്തെ മുന്നണി യോഗത്തിന് ഉണ്ട്.

അതേസമയം, പൊലീസില്‍ ഉന്നത തലത്തില്‍ വീണ്ടും മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവ് ഇന്നലെയാണ് പുറത്തിറങ്ങിയത്. സിഎച്ച് നാഗരാജുവിനെ ഗതഗത കമ്മീഷണറായും ദക്ഷിണ മേഖലെ ഐജിയായി ശ്യാം സുന്ദറിനേയും നിയമിച്ചു. നിലവില്‍ കൊച്ചി കമ്മീഷണര്‍ ആണ് ശ്യാം സുന്ദര്‍. എ അക്ബര്‍ ക്രൈം ബ്രാഞ്ച് ഐജിയായി തുടരും. പിവി അന്‍വര്‍ എംഎല്‍എ ആരോപണം ഉന്നയിച്ച എല്ലാ ഉദ്യോഗസഥര്‍ക്കും മാറ്റം നല്‍കിയെങ്കിലും എഡിജിപി അജിത് കുമാറിന് മാത്രം മാറ്റമില്ല.
അതിനിടെ, മലപ്പുറം പൊലീസിലും അഴിച്ച് പണി നടത്തിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. മലപ്പുറം എസ്പി എസ് ശശിധരനെ സ്ഥലംമാറ്റി. മലപ്പുറത്തെ ഡിവൈഎസ്പിമാരെയും മാറ്റി. താനൂര്‍ ഡിവൈഎസ്പി ബെന്നിയെ കോഴിക്കോട് റൂറര്‍ ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ബെന്നി.
മലപ്പുറത്തെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെ എല്ലാം സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. മലപ്പുറം പൊലീസിനെ കുറിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. പൊലീസ് ആസ്ഥാന എഐജി വിശ്വനാഥ് മലപ്പുറം എസ്പിയാകും. അതേസമയം, പാലക്കാട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എംവി മണികണ്ഠനെ സസ്‌പെന്റ് ചെയ്തു. ജില്ലാ പൊലീസ് മോധാവിക്ക് പരാതി നല്‍കാനെത്തിയ സ്ത്രീയുമായുള്ള വഴിവിട്ട ബന്ധത്തിലാണ് നടപടി.

Leave a Reply