അഞ്ജലീ പ്ലീസ്, നിങ്ങളുടെ അടുത്ത ചിത്രത്തില്‍ നസ്രിയയെ കാസ്റ്റ് ചെയ്യൂ: അസ്വസ്ഥനായി ഫഹദ് പറഞ്ഞു

0
32

ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം അഞ്ജലീ മേനോന്‍, ഫഹദ് ഫാസില്‍, നസ്രിയ, പാര്‍വ്വതി എന്നിവരൊന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂടെ. ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസായതു മുതല്‍ ആരാധകര്‍ വന്‍ ആകാംക്ഷയോടുകൂടിയാണ് ചിത്രത്തെ നോക്കിക്കാണുന്നത്. ഫഹദുമായുള്ള വിവാഹശേഷം നസ്രിയ അഭിനയ രംഗത്തേക്ക് തിരിച്ച് വരുന്നു എന്നതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

നസ്രിയയുടെ തിരിച്ച് ഏറ്റവുമധികം ആഘോഷിച്ചതും ഭര്‍ത്താവ് ഫഹദ് ഫാസിലാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചുകണ്ട് ഫഹദ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധേയമായിരുന്നു. തനിക്കൊരു കുടുംബം ഒരുക്കാനാണ് ജീവിതത്തിലെ നാല് സുവര്‍ണ വര്‍ഷങ്ങള്‍ നസ്രിയ വേണ്ടെന്ന് വച്ചതെന്നും താന്‍ സ്‌ക്രീനില്‍ കാണാന്‍ ഏറെ ഇഷ്ടപ്പെടുന്ന ആ മുഖം വീണ്ടും കാണുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ഫഹദ് കുറിച്ചിരുന്നു.

അതിനിടെ ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് ഫഹദ് പറഞ്ഞ വാക്കുകള്‍ ഓര്‍ത്ത് ഒരു കുറിപ്പെഴുതിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായിക അഞ്ജലീ മേനോന്‍.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

‘കൂടെ’യെ കുറിച്ചുള്ള ഫഹദ് ഫാസിലിന്റെ കുറിപ്പ് എനിക്കിഷ്ടമായി. അതെന്നെ നാല് വര്‍ഷം മുന്‍പ് സംഭവിച്ച ഒരു വിഷയത്തെ ഓര്‍മിപ്പിച്ചു. ബാംഗ്ലൂര്‍ ഡെയ്സിന്റെ ചിത്രീകരണത്തിന്റെ അവസാന ദിവസം പിരിയുന്നതിനെ കുറിച്ചോര്‍ത്ത് അല്പം സെന്റി അടിച്ചിരിക്കുകയായിരുന്നു ഞങ്ങള്‍. അതുകൊണ്ട് ഷൂട്ടിന് ശേഷം ഡിന്നറിന് ഞങ്ങള്‍ ഒത്തുകൂടി. ഫഹദ്, നസ്രിയ, ദുല്‍ഖര്‍, അമാല്‍, നിവിന്‍, റിന്ന, ലിറ്റില്‍. പിന്നെ ഞാനും. ഡിന്നറിന്റെ സമയത്ത് നസ്രിയ-ഫഹദ് വിവാഹം സംസാരവിഷയമായി. വിവാഹം കഴിഞ്ഞാല്‍ നസ്രിയയുടെ സിനിമാ ജീവിതം അവസാനിക്കും എന്നുള്ള പൊതുധാരണ സിനിമാ മേഖലയില്‍ നില്‍ക്കുന്നതിനെ കുറിച്ചും ഞങ്ങള്‍ സംസാരിച്ചു. അത് കേട്ട് അസ്വസ്ഥനായ ഫഹദ് എന്നോട് പറഞ്ഞു, ‘ അഞ്ജലി പ്ലീസ്, നിങ്ങളുടെ അടുത്ത ചിത്രത്തില്‍ അവളെ കാസറ്റ് ചെയ്യൂ. നസ്രിയ അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമില്ലെന്ന് ആരാണ് കരുതുന്നത്’.

ഞാന്‍ അത്ഭുതപ്പെട്ടുപോയി..നാല് വര്‍ഷങ്ങള്‍ക്കിപ്പുറം നസ്രിയ എന്റെ അടുത്ത ചിത്രത്തിന്റെ ഭാഗമാകുന്നു. ഇടയ്ക്കിടെ അവളുടെ അഭിനയം കാണാന്‍ ഫഹദ് ഞങ്ങളുടെ സെറ്റില്‍ എത്താറുണ്ട്. അവരെകുറിച്ചോര്‍ത്ത് വളരെ സന്തോഷം തോന്നുന്നു. ഷൂട്ടിങ്ങിന്റെ തിരക്കുകളില്‍ ആയിരുന്നതുകൊണ്ട് ഫഹദിനോട് എനിക്ക് അപ്പോഴൊന്നും സംസാരിക്കാന്‍ പറ്റിയിരുന്നില്ല. എനിക്ക് നിങ്ങളോട് ഇത്രയും പറയണമെന്നുണ്ട് ഫഹദ്, അവളുടെ ചിറകുകള്‍ക്കടിയിലെ കാറ്റായി നിങ്ങള്‍ നിലകൊള്ളുന്നത് വലിയ കാര്യമാണ്… ആശംസകള്‍ക്ക് നന്ദി ..സന്തോഷത്തോടെയിരിക്കൂ…അഞ്ജലി കുറിച്ചു

Leave a Reply