തിരുവനന്തപുരം: അടിസ്ഥാനതലത്തിലെ ആസൂത്രണം വിജയിക്കാന്‍ വിശ്വാസ്യയോഗ്യമായ വിവരം ലഭ്യമാകേണ്ടതുണ്ടെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. കേരളത്തിന്റെ സ്ഥിതിവിവരക്കണക്ക് സംബന്ധിച്ച ദ്വിദിന ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപയോഗിക്കപ്പെടാത്ത വിപുലമായ സ്ഥിതിവിവരക്കണക്കുകള്‍ നിലവില്‍ സംസ്ഥാനത്തിന്റെ പക്കലുണ്ട്. ഇത് ഫലപ്രദമായി വിനിയോഗിക്കാനാവണം. പഞ്ചായത്തുതല മാനവവിഭവശേഷി വികസനം അടിസ്ഥാനമാക്കിയുള്ള പുതിയ സ്ഥിതിവിവരക്കണക്കുകള്‍ സംസ്ഥാനം തയ്യാറാക്കേണ്ടതുണ്ട്. സ്ഥിതിവിവരക്കണക്കുകള്‍ എല്ലാവര്‍ക്കും പ്രാപ്യമാവുന്ന നയം സംസ്ഥാനം നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ലിംഗാടിസ്ഥാനത്തിലുള്ള സ്ഥിതിവിവരക്കണക്കുകള്‍ സംബന്ധിച്ച് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസര്‍ ഡോ. മധുരസ്വാമിനാഥന്‍ ശില്‍പശാലയില്‍ വിശദീകരിച്ചു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. വി. കെ. രാമചന്ദ്രന്‍, ജെന്‍ഡര്‍ അഡൈ്വസര്‍ ടി. കെ. ആനന്ദി, സി. എസ്. ഒ മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ഡോ. ജി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഏകദേശം 300 പ്രതിനിധികള്‍ ശില്‍പശാലയില്‍ പങ്കെടുത്തു