തിരുവനന്തപുരം: രാജ്യസഭാ സീറ്റു വിവാദത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും മുതിര്‍ന്ന നേതാവ് വിഎം സുധീരന്‍. കേരള കോണ്‍ഗ്രസിനു സീറ്റ് നല്‍കാനുള്ള തീരുമാനം ഹിമാലയന്‍ വങ്കത്തമെന്ന് സുധീരന്‍ പരിഹസിച്ചു. സാമാന്യബുദ്ധിയുള്ള രാഷ്ട്രീയ നേതൃത്വം ഇങ്ങനെയൊരു തീരുമാനമെടുക്കില്ലെന്ന് സുധീരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കാനുള്ള കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനത്തിലൂടെ യുപിഎയ്ക്ക് ലോക്‌സഭയില്‍ ഒരു സീറ്റു കുറയുകയാണ് ചെയ്തത്. ഇതു ബിജെപിക്കാണ് ഗുണം ചെയ്യുക. രാഹുല്‍ ഗാന്ധിയുടെ ശ്രമങ്ങള്‍ക്കു തിരിച്ചടിയാവുന്ന തീരുമാനമാണ് സംസ്ഥാന കോണ്‍ഗ്രസില്‍നിന്നുണ്ടായത്.
കെഎം മാണി ചാഞ്ചാട്ടക്കാരനാണെന്ന് സുധീരന്‍ കുറ്റപ്പെടുത്തി. സമദൂരം പറയുന്ന ബിജെപി നാളെ ബിജെപിക്കൊപ്പം പോവില്ലന്ന് എന്താണുറപ്പ്? മാണിയുമായി ഇടപെടുമ്പോള്‍ കോണ്‍ഗ്രസ് കൂടുതല്‍ കരുതല്‍ കാണിക്കണമായിരുന്നു.
കേരള കോണ്‍ഗ്രസിനു സീറ്റ് വിട്ടുകൊടുത്ത നടപടി ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. മതേതരത്വം തകര്‍ക്കുന്ന നടപടിയാണിത്. സങ്കുചിത താ്ത്പര്യവും ഒളി അജന്‍ഡുമാണി ഇതിനു പിന്നിലുള്ളത്. സീറ്റ് കോണ്‍ഗ്രസുകാര്‍ക്കു കിട്ടരുതെന്ന അജന്‍ഡ ഇതിനു പിന്നിലുള്ളത്. ഇക്കാര്യത്തിലുണ്ടായ വീഴ്ച ഏറ്റു പറയുന്നതിനു പകരം പരസ്യപ്രസ്താവകള്‍ വിലക്കുന്നതു പോലെയുള്ള ഒറ്റമൂലികള്‍ നിര്‍ദേശിക്കുകയാണ് നേതൃത്വം. പരസ്യപ്രസ്താവനകള്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ എന്നുമുണ്ടായിട്ടുണ്ടെന്ന് സുധീരന്‍ ചൂണ്ടിക്കാട്ടി.
കെപിസിസി പ്രസിഡന്റായിരിക്കെ പരസ്യപ്രസ്താവന വിലക്കിയ ആളാണ് താന്‍. താന്‍ അങ്ങനെ യോഗത്തില്‍ പറഞ്ഞതിനു പിന്നാലെ കെപിസിസി ഓഫിസില്‍ പത്രസമ്മേളനം വിളിച്ചു പരസ്യപ്രസ്താവന നടത്തിയ ആളാണ് ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.
രാജ്യസഭാ സീറ്റ് നല്‍കിയതിനെ വിമര്‍ശിച്ചതിനു പിന്നാലെ തനിക്കു സീറ്റു കിട്ടാന്‍ വേണ്ടിയാണ് ഇതെല്ലാമെന്ന് ചില മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ടു. പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കില്ലന്ന് വ്യക്തമാക്കിയുള്ള ആളാണ് താന്‍. ഇതില്‍ ഉറച്ചുനില്‍ക്കുന്നു. തനിക്കു സീറ്റിനു വേണ്ടിയാണ് എന്നതെല്ലാം ഗ്രൂപ്പു മാനേജര്‍മാരുടെ കളിയാണെന്ന് സുധീരന്‍ ആരോപിച്ചു.