ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയുടെ ജാമ്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. സിസോദിയ അധികാര ദുര്‍വിനിയോഗവും വിശ്വാസ ലംഘനവും നടത്തിയതായി ബോധ്യപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. മാത്രമല്ല അദ്ദേഹം ജനാധിപത്യ മൂല്യങ്ങളെ വഞ്ചിക്കുകയും ചെയ്‌തെന്ന് കോടതി പറഞ്ഞു. സിബിഐയും ഇഡിയും രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം തേടിയാണ് സിസോദിയ കോടതിയെ സമീപിച്ചത്.
മദ്യനയം രൂപീകരിക്കുന്നതിനായി പക്ഷപാതപരമായ നടപടികളെടുത്തെന്ന് തെളിവുകളിലൂടെ വ്യക്തമായി. വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങളും സിസോദിയ പരിഗണിച്ചില്ലെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കോടതി ഉത്തരവിലുണ്ട്.
ഡല്‍ഹി റോസ് അവന്യൂ കോടതി സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി കഴിഞ്ഞ ദിവസം മേയ് 31 വരെ നീട്ടിയിരുന്നു.
അതേസമയം വിചാരണക്കോടതിയുടെ മാനദണ്ഡങ്ങള്‍ പാലിച്ച് രോഗബാധിതയായ ഭാര്യയെ കാണുന്നതിന് സിസോദിയയ്ക്ക് അനുവാദം നല്‍കി. ഫെബ്രുവരി മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് സിസോദിയ. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി കെജരിവാള്‍ അറസ്റ്റിലായെങ്കിലും സുപ്രീംകോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.