തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പാറക്കല്ലുകളുമായി പോയ ടിപ്പറില്‍ നിന്നും പാറക്കല്ല് തെറിച്ചു വീണതിനെ തുടര്‍ന്ന് മരിച്ച ബൈക്ക് യാത്രക്കാരനായ ബിഡിഎസ് വിദ്യാര്‍ഥി അനന്തുവിന്റെ കുടുംബത്തിന് നഷ്ട പരിഹാര തുകയായി 1 കോടി രൂപ നല്‍കുമെന്ന് അദാനി ഗ്രൂപ്പ്. മരിച്ച അനന്തുവിന്റെ വീട്ടിലെത്തിയ അദാനി കമ്പനി പ്രതിനിധികള്‍ ഇക്കാര്യം കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നുവെന്ന് എം. വിന്‍സെന്റ് എംഎല്‍എ ഫേയ്‌സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.അതുപോലെ തുറമുഖത്തേക്കുള്ള പാറക്കല്ലുകള്‍ കയറ്റിയ ടിപ്പറിലെ പാറ വീണ് കാലിന് ഗുരുതര പരിക്കേ അധ്യാപിക സന്ധ്യാ റാണിക്കും അര്‍ഹമായ നഷ്ട പരിഹാരം രണ്ടു ദിവസത്തിനകം തീരുമാനിച്ച് അറിയിക്കാമെന്നും അദാനി തുറമുഖ കമ്പനി അറിയിച്ചിട്ടുണ്ട്. സന്ധ്യാ റാണിക്ക് എത്ര രൂപ നല്‍കണം എന്നതില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. നേരത്തെ കളക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ധനസഹായം നല്‍കുന്നതില്‍ തീരുമാനമായിരുന്നില്ല. ഇതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പ് സഹായധനം പ്രഖ്യാപിച്ചത്. തുക സ്വീകരിക്കുന്നതില്‍ അനന്തുവിന്റെ കുടുംബം നിലപാട് അറിയിച്ചിട്ടില്ല.