അന്ന് സമ്പാദിച്ചതെല്ലാം അയാള്‍ക്കൊപ്പം ആഘോഷിച്ചു തീര്‍ത്തു, ഇപ്പോള്‍ ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ എന്നെ തേടി കടക്കാരെത്തും, ജീവിതത്തിലെ ദുരിതങ്ങളെക്കുറിച്ച് നടി ചാര്‍മിള

0
38

ഒരുകാലത്ത് മലയാളത്തിലെ എണ്ണംപറഞ്ഞ നായികമാരില്‍ ഒരാളായിരുന്നു ചാര്‍മിള. ഒരേസമയം ഒന്നിലേറെ സിനിമകളില്‍ നായികയായി തിളങ്ങിയ താരം. സൂപ്പര്‍ താരങ്ങള്‍ ഡേറ്റിനായി കാത്തിരുന്ന ചാര്‍മിളയുടെ ജീവിതം പക്ഷേ ഇന്ന് ദുരിതപൂര്‍ണമാണ്. വിവാഹമോചിതയായതോടെ സാമ്പത്തികമായി താന്‍ വല്ലാത്ത ഞെരുക്കത്തിലാണെന്ന് നടി പറയുന്നു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ചാര്‍മിള ജീവിതത്തെപ്പറ്റി തുറന്നുപറഞ്ഞത്.

ഇപ്പോള്‍ ജീവിക്കാന്‍ എനിക്ക് യാതൊരുവിധ മാര്‍ഗവുമില്ല. ചെന്നൈയിലെ വിരുഗംപാക്കത്ത് ലീസിനെടുത്ത വീട്ടിലാണ് താമസിക്കുന്നത്. അമ്മ പൂര്‍ണ്ണമായും കിടപ്പിലാണ്. ഞാന്‍ ഷൂട്ടിംഗിനായി വരുമ്പോള്‍ അമ്മയെ പരിചരിക്കാനും മറ്റുമായി പതിനായിരം രൂപ ശമ്പളത്തിന് ഒരു വീട്ടുജോലിക്കാരിയെ നിര്‍ത്തിയിട്ടുണ്ട്. ചുറ്റും കടക്കാരാണ്.

ഞാന്‍ ഷൂട്ടിങ് കഴിഞ്ഞ് വീടെത്തുമ്പോഴേയ്ക്കും കടം തന്നവര്‍ എന്നെ തേടിയെത്തും. എന്റെ മകന്‍ അഡോണിസ് ജൂഡിന്റെ സ്‌കൂള്‍ ഫീസ് നല്‍കുന്നത് തമിഴ് നടികര്‍ സംഘത്തിന്റെ സാരഥിയും നടനുമായ വിശാലാണ്. ഇത്തരമൊരു സാഹചര്യത്തില്‍ എനിക്ക് അഭിനയിച്ചേ മതിയാവൂ. അതുകൊണ്ടാണ് മലയാളത്തിലും തമിഴിലും അഭിനയിക്കാന്‍ ഞാന്‍ തയാറായതെന്ന് ചാര്‍മിള പറയുന്നു.

നല്ല കാലത്തെപ്പറ്റി ചാര്‍മിള പറയുന്നതിങ്ങനെ- 43 മലയാള സിനിമകളിലാണ് ഞാന്‍ അഭിനയിച്ചത്. ഇതില്‍ 38 സിനിമകളിലും ഞാനായിരുന്നു നായിക. തമിഴില്‍ 22 ചിത്രങ്ങളില്‍ 11-ലും നായികയായി. കന്നടത്തിലും തെലുങ്കിലും ഓരോ ചിത്രങ്ങളില്‍ നായികയായി. നല്ലൊരു സമ്പാദ്യം തന്നെ എനിക്കുണ്ടായിരുന്നു. എന്റെ ജീവിതത്തില്‍ ഓരോ ഘട്ടങ്ങളിലുമുണ്ടായ നിരാശ എന്നെ കൂടുതല്‍ തളര്‍ത്തുകയായിരുന്നു. സമ്പാദിച്ചതെല്ലാം ഭര്‍ത്താവിനോടൊപ്പം ആഘോഷിച്ചു തീര്‍ത്തു.

സത്യത്തില്‍ ജീവിതം ഒരുതരം ആഘോഷം തന്നെയാക്കി മാറ്റുകയായിരുന്നു. സാലിഗ്രാമത്തിലുണ്ടായിരുന്ന എന്റെ ഫ്ളാറ്റ് വില്‍ക്കേണ്ടിവന്നു. ഞാന്‍ കൂടുതല്‍ കൂടുതല്‍ ഒറ്റപ്പെടുകയായിരുന്നു. അടുത്തകാലത്താണ് ഭര്‍ത്താവായിരുന്ന രാജേഷുമായുള്ള ഡൈവേഴ്സ് നടന്നത്. ഇപ്പോള്‍ ജീവിക്കാന്‍ ബുദ്ധിമുട്ടിയ അവസ്ഥയിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്- നടി പറയുന്നു.

Leave a Reply