അപകടത്തില്‍ മരിച്ച മകന് അന്ത്യചുംബനം നല്‍കി മാതാപിതാക്കള്‍ ജീവനൊടുക്കി

0
21

ഏകമകന്‍ അപകടത്തില്‍ മരിച്ച മനോവിഷമത്താല്‍ മാതാപിതാക്കള്‍ ജീവനൊടുക്കി. നാമക്കല്‍ ഈക്കാട്ടൂര്‍ സ്വദേശി നിഷാന്ത് (20), സുഹൃത്ത് പൂളാംപെട്ടി സ്വദേശി കൃപാകരന്‍ (20) എന്നിവര്‍ കഴിഞ്ഞ ദിവസം നാദംപാളയത്തു ബൈക്കപകടത്തില്‍ മരിച്ചിരുന്നു. നിഷാന്തിന്റെ മാതാപിതാക്കളായ ശക്തിവേല്‍ (49), ഭാര്യ സുധ (45) എന്നിവര്‍ ആശുപത്രിയിലെത്തി മകന് അന്ത്യചുംബനം നല്‍കിയശേഷം വിഷം കഴിക്കുകയായിരുന്നു.

അന്ത്യചുംബനം നല്‍കിയശേഷം കാറിനുള്ളില്‍ കയറിയ ഇവര്‍ ഏറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്നു ബന്ധുക്കള്‍ പരിശോധിച്ചപ്പോഴാണ് ഇരുവരെയും വിഷം ഉള്ളില്‍ ചെന്ന് അബോധാവസ്ഥയില്‍ കണ്ടത്. തിരുപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നിഷാന്തും സുഹൃത്ത് കൃപാകരനും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ കോയമ്പത്തൂരിലേക്കു പോയി മടങ്ങുംവഴിയാണ് അപകടത്തില്‍പ്പെട്ടത്.

ചൊവ്വാഴ്ച വൈകിട്ട് ഇവര്‍ സഞ്ചരിച്ച ബൈക്ക് നാദംപാളയം ജംക്ഷനില്‍ നിയന്ത്രണം വിട്ടു റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലിടിച്ച ശേഷം ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ നിഷാന്തും കൃപാകരനും മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന ഗണേശന്‍ എന്നയാള്‍ക്കു പരുക്കേറ്റു. ഗണേശന്‍ തിരുപ്പൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശക്തിവേല്‍, സുധ, നിഷാന്ത്, കൃപാകരന്‍ എന്നിവരുടെ സംസ്‌കാരം നടത്തി.

Leave a Reply