കൊല്ലം: ഓയൂരില്‍ തട്ടിക്കൊണ്ടു പോയ ആറ് വയസുകാരി അബിഗേല്‍ സാറയെ കണ്ടെത്തിയെങ്കിലും ദുരൂഹതകള്‍ അവസാനിക്കുന്നില്ല. കുട്ടിയെ തട്ടിക്കൊണ്ട് പോയവര്‍ ആരെന്ന് പൊലീസിന് ഇതുവരെ കണ്ടെത്താനായില്ലെന്നതാണ് വിചിത്രം.
കുട്ടിയെ തട്ടിക്കൊണ്ട് പോയി മണിക്കൂറുകള്‍ക്കകം മൂന്ന് ജില്ലകര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കുട്ടിയെയോ പ്രതികളെയോ കണ്ടെത്താനായില്ല. കൊല്ലം ആശ്രാമം മൈതനാനത്ത് കുട്ടിയെ ഉപേക്ഷിച്ച് സംഘം കടന്നെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രതികളെ പറ്റി സൂചന പോലും പൊലീസ് നല്‍കുന്നില്ല.
പ്രതിയെന്നു സംശയിക്കുന്ന സ്ത്രീ കൊല്ലം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപമുള്ള ലിങ്ക് റോഡില്‍നിന്ന് ഓട്ടോയില്‍ കയറ്റി അബിഗേലിനെ ആശ്രാമം മൈതാനത്തെത്തിച്ച ശേഷം കടന്നുകളഞ്ഞു. ഇവരുടെ രേഖാചിത്രം തയാറാക്കാനുളള ശ്രമത്തിലാണു പൊലീസ്.
വീടുമായി അടുത്ത ബന്ധമുള്ളവരാണു കൃത്യത്തിനു പിന്നിലെന്നാണു പൊലീസ് നല്‍കുന്ന സൂചന. യുവതി ഉള്‍പ്പെടെ 2 പേര്‍ നിരീക്ഷണത്തിലാണ്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്‌തേക്കും. ക്വട്ടേഷന്‍ സംഘമാണു തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞയാഴ്ച 2 തവണ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചിരുന്നതായി പൊലീസ് പറയുമ്പോഴും ഈ സംഭവം കേന്ദ്രീകരിച്ചുള്ള അന്വേഷണവും എങ്ങും എത്തുന്നില്ല. സംഘത്തിന്റെ ആദ്യ ലക്ഷ്യം തടഞ്ഞത് അബിഗേലിന്റെ മുത്തശ്ശി ലില്ലിക്കുട്ടിയുടെ ഇടപെടല്‍ കൊണ്ട് മാത്രമായിരുന്നു. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ ദിവസങ്ങളായി വീടിന്റെ പരിസരത്തു പലപ്പോഴും പാര്‍ക്കു ചെയ്തിരുന്നതായി മൊഴികളുണ്ട്. ഇനി കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും തുടരന്വേഷണം.