ഇടുക്കി : എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ ഗൂഡാലോചനയെന്ന് അച്ഛന്‍ മനോഹരന്‍. അഭിമന്യുവിനെ വട്ടവടയിലെ വീട്ടില്‍ നിന്ന് വിളിച്ചുവരുത്തുകയായിരുന്നു. കോളേജിലെത്തി അരമണിക്കൂറിനകം കൊലപാതകം നടന്നു. സംഭവത്തില്‍ കുറ്റക്കാരെ ഉടന്‍ പിടികൂടി പരമാവധി ശിക്ഷ നല്‍കണമെന്നും അഭിമന്യുവിന്റെ കുടുംബം ആവശ്യപ്പെട്ടു.
അതിനിടെ അഭിമന്യു കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ അടക്കം കൂടുതല്‍ പ്രതികള്‍ പിടിയിലായി. മുഹമ്മദാണ് അഭിമന്യുവിനെ കുത്തിയതെന്നാണ് പൊലീസിന്റെ സംശയം. സംഘത്തില്‍ രണ്ട് മുഹമ്മദുമാരുണ്ടെന്നും പൊലീസ് വിലയിരുത്തുന്നു.
അതേസമയം പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തുന്ന കാര്യം പൊലീസിന്റെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ നിയമോപദേശം തേടുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട ക്യാംപസ് ഫ്രണ്ടും എസ്എഫ്‌ഐയും തമ്മിലുള്ള തര്‍ക്കത്തിനൊടുവിലാണ്, എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യുവിന് കുത്തേറ്റത്.